യുകെ വീസയ്ക്ക് വീണ്ടും നിയന്ത്രണം; കെയർ വർക്കർമാർക്ക് പങ്കാളിയെയോ മക്കളെയോ ഒപ്പം കൂട്ടാനാകില്ല
Mail This Article
ലണ്ടൻ ∙ സ്റ്റുഡന്റ് വീസയ്ക്കു പിന്നാലെ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് വീസയിലും ബ്രിട്ടൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 2024 ഏപ്രിൽ മുതൽ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിനു പങ്കാളിയെയോ മക്കളെയോ ആശ്രിത വീസയിൽ ഒപ്പം കൂട്ടാനാകില്ല. വിദേശികൾക്കു യുകെ വീസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം നിലവിലെ 26,200 പൗണ്ടിൽ നിന്നു 38,700 പൗണ്ടായി ഉയർത്തുകയും ചെയ്തു.
ഫാമിലി വീസ ലഭിക്കാനും കുറഞ്ഞതു 38,700 പൗണ്ട് വാർഷിക ശമ്പളം വേണം. ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികൾക്കു കുടുംബാംഗങ്ങളെക്കൂടി കൊണ്ടുവരുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഹോം സെക്രട്ടറി ജയിംസ് ക്ലെവേർലി കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ച പുതിയ കുടിയേറ്റ നിയമ ഭേഗഗതികളിലാണു കേരളത്തിൽനിന്നുള്ള കെയർ വർക്കർമാരെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുന്ന പ്രഖ്യാപനമുള്ളത്. ഏറ്റവുമധികം തിരിച്ചടിയാകുക ഇന്ത്യക്കാർക്കാകും.
പോയിന്റ് ബേസ്ഡ് ഇമിഗ്രേഷൻ സംവിധാനത്തിൽ സ്കിൽഡ് വീസയ്ക്കു വേണ്ടിയിരുന്ന 26,200 പൗണ്ട് എന്ന അടിസ്ഥാന ശമ്പളമാണ് 50 ശതമാനത്തോളം വർധിപ്പിച്ച് 38,700 ആക്കിയത്. അതേസമയം എൻഎച്ച്എസ് റിക്രൂട്മെന്റുകളെ ഈ വർധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എൻഎച്ച്എസിലെ നഴ്സിങ് ജീവനക്കാരുടെ കുറവു പരിഗണിച്ചാണ് ഇളവ്. നഴ്സിങ് ഹോമുകളിൽ കെയർ വർക്കർമാരായി എത്തുന്നവർക്കു ഏപ്രിൽ മുതൽ പങ്കാളിയെയോ മക്കളെയോ ആശ്രിതരായി കൂടെ കൊണ്ടുവരാനാകില്ല. കെയർ വീസയുടെ ദുരുപയോഗം തടയുന്നതിനാണ് ഇത്തരമൊരു നടപടിയെന്നു മന്ത്രി വ്യക്തമാക്കി.