ശിക്ഷ ഇളവ് ചെയ്തു; പെറു മുൻ പ്രസിഡന്റ് ഫുജിമോറിക്ക് മോചനം
Mail This Article
ലിമ ∙ പെറുവിലെ മുൻ പ്രസിഡന്റ് ആൽബർട്ടോ ഫുജിമോറി ജയിൽമോചിതനായി. മനുഷ്യാവകാശ ലംഘനത്തിന് 25 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ഫുജിമോറിക്ക് 2017 ലെ ക്രിസ്മസ് തലേന്ന് പ്രസിഡന്റ് പാബ്ലോ കുസിനിസ്കി നൽകിയ ശിക്ഷ ഇളവ് സുപ്രീം കോടതി 2018 ൽ റദ്ദാക്കിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിൽ ഭരണഘടനാ കോടതി മാനുഷിക പരിഗണന നൽകി അനുകൂലമായി വിധിച്ചതിനെത്തുടർന്നാണ് 85 കാരനായ ഫുജിമോറി മോചിതനായത്.
പ്രായാധിക്യവും കടുത്ത ശ്വാസകോശരോഗവും മൂലം വലയുന്ന അദ്ദേഹം മകളുടെ വസതിയിലേക്കാണ് പോയത്. ഇന്റർ അമേരിക്കൻ കോർട്ട് ഓഫ് ഹ്യുമൻ റൈറ്റ്സും യുഎന്നും ഉൾപ്പെടെ ഒട്ടേറെ സംഘടനകൾ ഫുജിമോറിയെ വിട്ടയച്ചതിനെ വിമർശിച്ചു.
1990 മുതൽ 2000 വരെ പ്രസിഡന്റായിരുന്ന ഫുജിമോറി തീവ്ര കമ്യുണിസ്റ്റ് സംഘടനയായ ഷൈനിങ് പാത്തിലെ 25 പേരെ കൂട്ടക്കൊല ചെയ്തതുൾപ്പെടെ ഒട്ടേറെ മനുഷ്യാവാകാശ ലംഘന കേസുകളിൽ ആരോപിതനാണ്. ചിലെയിലേക്കു പലായനം ചെയ്ത ഫുജിമോറിയെ 2007ൽ അവിടെവച്ച് അറസ്റ്റ് ചെയ്ത് പെറുവിനു കൈമാറുകയായിരുന്നു.