റഷ്യ: പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാർച്ച് 17ന്; യുക്രെയ്നിൽ നിന്ന് പിടിച്ചെടുത്ത പ്രവിശ്യകളിലും വോട്ടെടുപ്പ്

Mail This Article
മോസ്കോ ∙ റഷ്യയിൽ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് മാർച്ച് 17ന് നടക്കും. വ്ലാഡിമിർ പുട്ടിനെ വീണ്ടും പ്രസിഡന്റായി വാഴിക്കാനുള്ള വോട്ടെടുപ്പെന്ന് സ്വതന്ത്ര നിരീക്ഷകർ വിമർശിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനത്തെ റഷ്യൻ പാർലമെന്റ് ഏകകണ്ഠമായാണ് അംഗീകരിച്ചത്. യുക്രെയ്നിൽ നിന്ന് പിടിച്ചെടുത്ത ഡോൺസ്ക്, സാപൊറീഷ്യ, ഖേഴ്സൻ എന്നീ പ്രവിശ്യകളിലും വോട്ടെടുപ്പ് നടത്തുമെന്ന് ഇക്കാര്യം അറിയിച്ച ഫെഡറേഷൻ കൗൺസിൽ സ്പീക്കർ വാലന്റീന മത്വിയെങ്കോ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ (71) പ്രഖ്യാപിച്ചിട്ടില്ല. 14ന് പ്രഖ്യാപനമുണ്ടായേക്കും. ആറാം തവണയാണ് പുട്ടിൻ അധികാരത്തിലേക്ക് വരുന്നത്. പുട്ടിൻ തന്നെ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി അനുസരിച്ച് ഇനി 2 തവണ കൂടി മത്സരിക്കാം. 2036 വരെ അധികാരത്തിൽ തുടരാം. പ്രധാനമന്ത്രിയും പ്രസിഡന്റുമായി 1999 മുതൽ അധികാരത്തിൽ തുടരുകയാണ് പുട്ടിൻ.
നിലവിലെ സാഹചര്യത്തിൽ പുട്ടിന്റെ വിജയം ഉറപ്പാണ്. അദ്ദേഹത്തിന്റെ വിമർശകർ ജയിലിലോ രാജ്യത്തിനു പുറത്തോ ആണ്. പ്രതിപക്ഷ നേതാവായിരുന്ന അലക്സി നവൽനിയെ (42) ജയിലിടച്ചിരിക്കുകയാണ്. സ്വതന്ത്ര മാധ്യമങ്ങളും ഇല്ല.
പുട്ടിനെ ആര് എതിർക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. മുൻ പാർലമെന്റംഗം ബോറിസ് നദേഷ്ദിൻ, മാധ്യമപ്രവർത്തകനും അഭിഭാഷകനുമായ യെകടേരിന ഡന്റ്സോവ എന്നിവർ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാർലമെന്റായ ഡ്യൂമയിൽ പ്രാതിനിധ്യമുള്ള 5 രാഷ്ട്രീയ പാർട്ടികളിൽ ഏതെങ്കിലും ഇവരെ പിന്തുണച്ചാൽ മാത്രമേ ഇവർക്ക് വോട്ടുലഭിക്കാൻ സാധ്യതയുള്ളൂ.
കഴിഞ്ഞ തവണത്തേതുപോലെ 3 ദിവസത്തെ വോട്ടെടുപ്പാണ് നടക്കുക. 11 കോടി വോട്ടർമാരാണുള്ളത്. 2018 ൽ 67.5% പേർ വോട്ടു രേഖപ്പെടുത്തി. പുട്ടിൻ 5.6 കോടി വോട്ട് നേടി. എതിർ സ്ഥാനാർഥിയായിരുന്ന പാവേൽ ഗ്രുഡിനിൻ 11.8% വോട്ട് ലഭിച്ചു.