ADVERTISEMENT

ന്യൂയോർക്ക് / ജറുസലം ∙ ഗാസയിൽ മാനുഷിക പരിഗണനകളാൽ വെടിനിർത്തൽ വേണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് യുഎൻ രക്ഷാസമിതിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. യുഎൻ ചാർട്ടറിലെ 99–ാം വകുപ്പുപ്രകാരമുള്ള വിശേഷാധികാരമുപയോഗിച്ചാണ് യുഎൻ മേധാവിയുടെ ഇടപെടൽ. 8 ആഴ്ച പിന്നിട്ട ഗാസ യുദ്ധം ഭീതിദമായ ദുരിതവും നാശനഷ്ടവും ഉണ്ടാക്കിയെന്നും അതു തടയാനായി വെടിനിർത്തലിനു രക്ഷാസമിതി ഇടപെടണമെന്നും ഗുട്ടെറസ് അഭ്യർഥിച്ചു.

രാജ്യാന്തര സമാധാനവും സുരക്ഷയും അപകടത്തിലാകുന്ന ഏതുവിഷയത്തിലും രക്ഷാസമിതിയുടെ ശ്രദ്ധ ക്ഷണിക്കാൻ ഈ വകുപ്പ് യുഎൻ മേധാവിക്കു പ്രയോഗിക്കാം. കിഴക്കൻ പാക്കിസ്ഥാനിൽ പാക്ക് സൈന്യം നടത്തിയ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി 1971 ഡിസംബർ 3 ന് അന്നത്തെ സെക്രട്ടറി ജനറലിന്റെ റിപ്പോർട്ടിൽ ഈ വകുപ്പ് എടുത്തുപറഞ്ഞിരുന്നു. 2017 ൽ ഗുട്ടെറസ് സ്ഥാനമേറ്റശേഷം ഇതാദ്യമാണ് ഈ വകുപ്പ് ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ 2 മുൻഗാമികളും ഈ വകുപ്പ് പ്രയോഗിച്ചിട്ടില്ല. 

വിശേഷാധികാരമുപയോഗിച്ചുള്ള ഗുട്ടെറസിന്റെ ഇടപെടലിനെ ഇസ്രയേൽ രൂക്ഷമായി വിമർശിച്ചു. ലോകസമാധാനം ആഗ്രഹിക്കുന്നവർ ഗാസയെ ഹമാസിൽനിന്നു മോചിപ്പിക്കുന്നതിനെയാണു പിന്തുണയ്ക്കേണ്ടതെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഏലി കോയെൻ പ്രതികരിച്ചു.

തെക്കൻ ഗാസയിലെ നഗരങ്ങളിൽ ഇസ്രയേൽ–ഹമാസ് ഏറ്റുമുട്ടൽ തുടരുന്നു. ഈജിപ്ത് അതിർത്തിയോടു ചേർന്ന റഫാ അഭയാർഥികളെക്കൊണ്ടു നിറഞ്ഞു. ഇവിടം മാത്രമാണു സുരക്ഷിതം എന്നറിയിച്ചു കഴിഞ്ഞദിവസം ഇസ്രയേൽ വ്യോമസേന ലഘുലേഖ വിതരണം ചെയ്തിരുന്നു. എന്നാൽ, ഇന്നലെ പുലർച്ചെ റഫായിലും ഇസ്രയേൽ ബോംബിട്ടു; ഒരു വീട്ടിലെ 15 പേർ കൊല്ലപ്പെട്ടു. സെൻട്രൽ ഗാസയിലെ മഗാസിയിൽ ബോംബാക്രമണത്തിൽ ഒരു വീട്ടിലെ 17 പേർ കൊല്ലപ്പെട്ടു.

വടക്കൻ ഗാസയിലും ബോംബാക്രമണം രാത്രി മുഴുവൻ നീണ്ടു. സെൻട്രൽ ഗാസയിലെ നുസ്റേത്ത് അഭയാർഥി ക്യാംപിലും ജാബലിയയിലും കനത്ത വെടിവയ്പ് നടക്കുന്നുവെന്നാണു റിപ്പോർട്ട്. ജാബലിയ അഭയാർഥി ക്യാംപിലെ ബോംബാക്രമണത്തിൽ അൽ ജസീറയുടെ ഗാസ ലേഖകൻ മൗമിൻ അൽ ഷറഫിയുടെ കുടുംബത്തിലെ 22 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ 17,177 പലസ്തീൻകാർ കൊല്ലപ്പെട്ടു.

ഗാസയിൽ സംഭവിക്കുന്നതു സർവനാശമാണെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം പ്രസ്താവിച്ചു. ഡിസംബർ ഒന്നിനു ശേഷം സഹായവിതരണം കാര്യമായി നടന്നിട്ടില്ലെന്നും യുഎൻ അറിയിച്ചു. ഗാസയിലെ യുദ്ധത്തിൽ ഇന്ത്യൻ വംശജനായ ഇസ്രയേൽ റിസർവ് സൈനികൻ മാസ്റ്റർ സെർജന്റ് ഗിൽ ഡാനിയേൽസ് കൊല്ലപ്പെട്ടു. ഗാസയിലെ ഏറ്റുമുട്ടലുകളിൽ ഇതുവരെ 88 ഇസ്രയേൽ സൈനികരാണു കൊല്ലപ്പെട്ടത്; ഇതിൽ 4 പേർ ഇന്ത്യൻവംശജരാണ്. 

English Summary:

United Nations secretary general Antonio Guterres invokes 99 of the UN charter for Gaza strip cease fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com