ADVERTISEMENT

ബ്രസൽസ് ∙ നിർമിതബുദ്ധിയുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയുള്ള സുപ്രധാന നിയമം കൊണ്ടുവരാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. 38 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ‘എഐ നിയമ’വുമായി മുന്നോട്ടുപോകാൻ യൂറോപ്യൻ യൂണിയൻ (ഇയു) ജനപ്രതിനിധികളും നയരൂപീകരണച്ചുമതലയുളള നേതാക്കളും ധാരണയിലെത്തിയത്. നിർമിത ബുദ്ധിയെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– എഐ) നിയമാനുസൃതം മെരുക്കാനുള്ള ഇയു ശ്രമം ലോകത്ത് ആദ്യത്തേതാണ്. മനുഷ്യരാശിക്കു വിശ്വസിക്കാവുന്ന വിധം എഐയെ വികസിപ്പിക്കാനുള്ള നിയമചട്ടക്കൂടായിരിക്കും ഇതെന്ന് യൂറോപ്യൻ യൂണിയൻ അധ്യക്ഷ ഉർസുല വൊൺദെർ ലയെൻ പറഞ്ഞു. 

ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങൾക്കായി സർക്കാരുകൾ എഐയെ പ്രയോജനപ്പെടുത്തുന്നതിനുൾപ്പെടെ മാർഗരേഖകളാണ് നിയമത്തിലുള്ളത്. എഐ ഉപയോഗിച്ചുള്ള ബഹുവിഷയ സഹായിയായ ചാറ്റ്ജിപിടിക്കു മേലും നിയന്ത്രണം വരും. 

ചാറ്റ്ജിപിടിയും മറ്റു പൊതു എഐ സംവിധാനങ്ങളും വിപണിയിലെത്തിക്കുംമുൻപ് സുതാര്യതാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നാണ് ഇയു നിയമത്തിലുള്ളത്. ഇയുവിന്റെ കോപ്പിറൈറ്റ് നിയമങ്ങൾ പാലിക്കണമെന്നും എഐയെ പരിശീലിപ്പിക്കാനായി ഉപയോഗിച്ച ഉള്ളടക്കത്തിന്റെ വിശദമായ വിവരണം കൈമാറണമെന്നും നിർദേശമുണ്ട്. ഭീകരവാദം പോലെ ഏറെ ഗൗരവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ സർക്കാരുകൾ തൽസമയ ബയോമെട്രിക് നിരീക്ഷണം പ്രയോജനപ്പെടുത്താൻ പാടുള്ളൂ. 

എഐയുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാര സംവിധാനം നിർദേശിക്കുന്നതാണ് നിയമത്തിന്റെ മറ്റൊരു സവിശേഷത. വ്യവസ്ഥകൾ ലംഘിച്ചാൽ കമ്പനികൾ 75 ലക്ഷം യൂറോ മുതൽ 3.5 കോടി യൂറോ വരെ പിഴ നൽകേണ്ടിവരും. 

English Summary:

European Union agrees landmark deal on artificial intelligence regulation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com