ADVERTISEMENT

ഗാസ ∙ ഗാസയി‍ൽ ഇസ്രയേൽ ബോംബിങ് അവസാനമില്ലാതെ തുടരുന്നു. തെക്ക് ഖാൻ യൂനിസിലെ ആശുപത്രിക്കടുത്തുള്ള വീടിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം 450 ഇടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 350 പേർ കൊല്ലപ്പെട്ടു. 

മെഡിറ്ററേനിയൻ തീരത്തെ മുവാസിയെ സുരക്ഷിത ഇടമായി പ്രഖ്യാപിച്ച ഇസ്രയേൽ ജനങ്ങളോട് അങ്ങോട്ടു നീങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനദുരിതത്തിന് ഇതു പരി‌ഹാരമല്ലെന്ന് യുഎൻ ചൂണ്ടിക്കാട്ടി. വിശപ്പും കുട്ടികളുടെ കരച്ചിലും നിറഞ്ഞ ടെന്റുകളാണ് പലായനവഴിയിലെങ്ങും. ആഹാരത്തിനായി യുഎൻ സഹായ ട്രക്കുകൾ കൊള്ളയടിക്കുന്ന സംഭവങ്ങൾ ഏറിയതായി റിപ്പോർട്ടുകളുണ്ട്. സന്ധ്യ മയങ്ങുമ്പോൾ തെരുവുകളിൽ കൊള്ളയും അക്രമവും നടക്കുന്നതായി യുഎൻ ഉദ്യോഗസ്ഥർ പറയുന്നു. 

gaza-people

ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേൽ സേന നടത്തിയ ശ്രമം തകർത്തതായി ഹമാസ് പറഞ്ഞു. ഇസ്രയേൽ പ്രത്യേക സേനയാണ് ഗാസയിൽ ബന്ദികളെ പാർപ്പിച്ചിടത്ത് ആക്രമണം നടത്തിയത്. ആക്രമണത്തി‍ൽ ബന്ദികളിലൊരാൾ കൊല്ലപ്പെട്ടു. ഒട്ടേറെ സൈനികർക്കു പരുക്കേറ്റു. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുടെ നടപടികളിൽ 6 പലസ്തീൻകാർ കൊല്ലപ്പെട്ടു. 

യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 17,487 ആയതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. 46,480 പേർക്കു പരുക്കേറ്റു. ഗാസയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ പ്രശസ്ത പലസ്തീൻ കവി റിഫാത്ത് അൽറീറും (44) കുടുംബവും ഉൾപ്പെടുന്നു. ‘ഗാസയുടെ ശബ്ദം’ എന്നറിയപ്പെട്ടിരുന്ന അൽറീർ ഗാസയിലെ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയി‍ൽ പ്രഫസറായിരുന്നു. ഗാസയിലെ ചരിത്രപ്രസിദ്ധമായ ഒമരി പള്ളി ഇസ്രയേൽ ആക്രമണത്തിൽ തകർന്നതായി ഹമാസ് അറിയിച്ചു. 

ഇതേസമയം, ഇറാഖിലെ ബഗ്ദാദിലുള്ള യുഎസ് എംബസിയുടെ നേർക്ക് റോക്കറ്റാക്രമണം നടന്നു. ഇറാ‍ൻ അനുകൂല സായുധസംഘങ്ങളാണ് ആക്രമണം നടത്തിയതെന്ന് എംബസി വക്താവ് പറഞ്ഞു. എംബസി ലക്ഷ്യമിട്ടുള്ള ആക്രമണം ഇതാദ്യമാണ്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി വാഷിങ്ടനിലെത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഗാസ യുദ്ധദുരിതവും പരിഹാരമാർഗങ്ങളും ചർച്ച ചെയ്തു.

ഗാസയിൽ കൊല്ലപ്പെട്ടത് 68 മാധ്യമപ്രവർത്തകർ

ബ്രസൽസ് ∙ ഈ വർഷം കൊല്ലപ്പെട്ട 94 മാധ്യമപ്രവർത്തകരിൽ 68 പേരുടെയും ജീവനെടുത്തത് ഗാസയിലെ യുദ്ധം. ആഗോള സംഘടനായ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (ഐഎഫ്ജെ) ആണു കണക്കുകൾ പുറത്തു വിട്ടത്. 400 മാധ്യമപ്രവർത്തകർ തടവിലായി. 

ഇസ്രയേൽ – ഹമാസ് യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ 68 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് ആഗോള മരണത്തിന്റെ 72% ആണെന്നും ഐഎഫ്ജെ പറഞ്ഞു. ഏറെയും പലസ്തീൻ മാധ്യമപ്രവർത്തകരാണ്. കഴിഞ്ഞ 30 വർഷത്തിനിടെ ഇതാദ്യമാണ് ഇത്രയേറെ മാധ്യമപ്രവർത്തകർ ഒരു യുദ്ധമേഖലയിൽ കൊല്ലപ്പെടുന്നത്.

English Summary:

Food shortage in Gaza; Israel attack continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com