ADVERTISEMENT

ദുബായ് ∙ അന്തിമ പ്രമേയത്തെക്കുറിച്ചുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് ഒരു ദിവസം കൂടി തുടർന്ന യുഎൻ കാലാവസ്ഥ ഉച്ചകോടി, ഘട്ടംഘട്ടമായി പെട്രോളിയം ഉപയോഗം കുറയ്ക്കുമെന്ന പ്രഖ്യാപനത്തോടെ സമാപിച്ചു. പെട്രോളിയവും കൽക്കരിയും ഇന്ധന ആവശ്യങ്ങളിൽ നിന്നു പൂർണമായി ഒഴിവാക്കണമെന്ന ഉച്ചകോടി നിർദേശത്തെ ഇന്ത്യയും ചൈനയും പെട്രോളിയം ഉൽപാദക രാജ്യങ്ങളും എതിർത്തതിനെ തുടർന്നാണ് നിലപാട് മയപ്പെടുത്തേണ്ടി വന്നത്. 

അതേസമയം, പുനരുപയോഗ ഇന്ധനശേഷി 2030നകം മൂന്നിരട്ടിയാക്കുന്നതിനു പൊതുധാരണയുണ്ടായതായി കോപ്28 അധ്യക്ഷൻ ഡോ.സുൽത്താൻ അൽ ജാബർ പറഞ്ഞു. ഹരിതഗൃഹവാതകം കുറച്ച്, താപനില വർധന 1.5 ഡിഗ്രി സെൽഷ്യസിൽ പിടിച്ചുനിർത്താനുള്ള നടപടികൾ ശക്തമാക്കാനും തീരുമാനിച്ചു. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനു കൂടുതൽ ഗവേഷണങ്ങൾ നടത്തും. പെട്രോളിയം ഉൽപന്നങ്ങൾക്ക് സർക്കാർതലത്തിൽ നൽകുന്ന സബ്സിഡി ഒഴിവാക്കണം, 2050നകം കാർബൺ രഹിത ഇന്ധന ഉപയോഗം വ്യാപിപ്പിക്കണം എന്നിവയും ഉച്ചകോടിയിലെ സുപ്രധാന നിർദേശങ്ങളാണ്. ഗതാഗത മേഖലയിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി മികച്ച റോഡുകൾ ഒരുക്കണമെന്നും മലിനീകരണം കുറഞ്ഞ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും കോപ്28 നിർദേശിച്ചു. എന്നാൽ, കാലാവസ്ഥാ ദുരിതം നേരിടുന്ന രാജ്യങ്ങളെ സഹായിക്കാനുള്ള ക്ലൈമറ്റ് ഫണ്ട് വർധിപ്പിക്കുന്നതിൽ തീരുമാനമായില്ല. 

ഇന്നലെ പുലർച്ചെ 3 വരെ നടന്ന ചർച്ചകൾക്ക് ശേഷം, രാവിലെ 9.30നാണ് ഉച്ചകോടിയിൽ അന്തിമ പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്. ‘ഉച്ചകോടി പ്രമേയം നടപ്പിലാക്കാൻ ലോകരാജ്യങ്ങൾ ഒന്നിച്ചുനിന്നാൽ ഭൂമിയുടെ സുസ്ഥിര ഭാവിയിലേക്കുള്ള വലിയ ചുവടുവയ്പാകും. നമ്മുടെ പേരുകൾ മാഞ്ഞുപോകും, പക്ഷേ വരുംതലമുറ നമ്മുടെ പ്രവൃത്തികളെ ആദരവോടെ കാണും’– സമാപന പ്രസംഗത്തിൽ ഡോ.സുൽത്താൻ അൽ ജാബർ പറഞ്ഞു.

English Summary:

Cop28 softened the stance, use of petroleum will not be avoid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com