ADVERTISEMENT

ലൊസാഞ്ചലസ് ∙ മികച്ച രാജ്യാന്തര ഫീച്ചർ ഫിലിമിനുള്ള ഓസ്കർ പുരസ്കാരത്തിനായി ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ച മലയാള ചിത്രം ‘2018’ ചുരുക്കപ്പട്ടികയിൽ ഇടം നേടിയില്ല. അക്കാദമി അംഗങ്ങൾ വോട്ടു ചെയ്തു തിരഞ്ഞെടുത്ത 15 ചിത്രങ്ങളുടെ പട്ടികയിലെത്താതെയാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 പുറത്തായത്.

2018 ഉൾപ്പെടെ 88 സിനിമകളാണു മത്സരിച്ചത്. ഏഷ്യയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടത് ഭൂട്ടാന്റെ ‘ദ് മങ്ക് ആൻഡ് ദ് ഗണ്ണും’ ജപ്പാന്റെ ‘പെ‍ർഫിക്റ്റ് ഡെയ്സും’ മാത്രം. 

മറ്റു ചിത്രങ്ങൾ: ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ), ദ് ടേസ്റ്റ് ഓഫ് തിങ്സ് (ഫ്രാൻസ്), ടോട്ടെം (മെക്സിക്കോ), ഫോളെൻ ലീവ്സ് (ഫിൻലൻഡ്), ട്വന്റി ഡേയ്സ് ഇൻ മരിയുപോൾ (യുക്രെയ്ൻ), സൊസൈറ്റി ഓഫ് ദ് സ്നോ (സ്പെയിൻ), അമേരിക്കാറ്റ്സി (അർമേനിയ), ദ് പ്രോമിസ്ഡ് ലാൻഡ് (ഡെൻമാർക്ക്), ദ് ടീച്ചേഴ്സ് ലൗഞ്ച് (ജർമനി), ഗോഡ്‌ലൻഡ് (ഐസ്‌ലൻഡ്), ഇയൊ കപ്പിത്താനോ (ഇറ്റലി), ദ് മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ), ഫോർ ഡോട്ടേഴ്സ് (തുനീസിയ).  

വീണ്ടും വോട്ടെടുപ്പു നടത്തി 5 സിനിമകൾ അവസാന റൗണ്ടിലെത്തും. ഇന്റർനാഷനൽ ഫീച്ചർ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം ഗുരു (1997) ആണ്.  ആദാമിന്റെ മകൻ അബു (2011), ജല്ലിക്കെട്ട് (2020) എന്നിവയാണ് ഇന്ത്യയുടെ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മറ്റു മലയാള സിനിമകൾ. 

അവസാന അഞ്ചിൽ ഇടം നേടിയത് ബോളിവുഡ് ചിത്രം ലഗാൻ (2001).ലൊസാഞ്ചലസിൽ മാർച്ച് 10നാണു പുരസ്കാരച്ചടങ്ങ്. 
സ്വപ്ന സമാനം  ഈ യാത്ര 
മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതു സ്വപ്ന സമാനമായൊരു യാത്രയായിരുന്നു. പിന്തുണച്ച എല്ലാവർക്കും നന്ദി. ഈ അസാധാരണമായ യാത്രയ്ക്ക് എന്നെ തിരഞ്ഞെടുത്ത ദൈവത്തിനു നന്ദി-ജൂഡ് ആന്തണി ജോസഫ് 

ഗോൾഡൻ ഗ്ലോബിന് ജോ കോയ് അവതാരകൻ 

ന്യൂയോർക്ക് ∙ ഹോളിവുഡിലെ അവാ‍ർഡ് സീസണിന്റെ തുടക്കം കുറിക്കുന്ന ഗോൾഡൻ ഗ്ലോബ് പുരസ്കാരച്ചടങ്ങിന്റെ അവതാരകനാകുന്നത് അമേരിക്കൻ ഹാസ്യതാരം ജോ കോയ്. ജനുവരി 7നാണു ഗോൾഡൻ ഗ്ലോബ് ചടങ്ങ്.

ഗ്രേറ്റ ഗെർ‌വിഗ് സംവിധാനം ചെയ്ത ‘ബാർബി’യാണ് 9 നാമനിർദേശങ്ങളുമായി ഗോൾഡൻ ഗ്ലോബിൽ മുന്നിൽ. ക്രിസ്റ്റഫർ നോലൻ സംവിധാനം ചെയ്ത ‘ഓപൻഹൈമർ’ 8 നോമിനേഷനുമായി തൊട്ടു പിന്നിലുണ്ട്. 

ഓസ്കറിലേക്ക് ബാർബി, കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ‍ മൂൺ മുന്നേറ്റം 

ബെസ്റ്റ് ഒറിജിനൽ സോങ്, ഒറിജിനൽ സ്കോർ, വിഷ്വൽ ഇഫക്ട്, സൗണ്ട് എന്നിങ്ങനെ ആകെ 10 വിഭാഗങ്ങളിലെ ചുരുക്കപ്പട്ടികയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ബാർബിയും കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ‍ മൂണുമാണ് മുന്നിട്ടു നിന്നത്. 

സൗണ്ട്, ഒറിജിനൽ സോങ് വിഭാഗങ്ങളിലും മൂന്ന് എൻട്രികളുമായി ഒറിജിനൽ സ്കോറ് വിഭാഗത്തിലുമാണ് ബാർബിയുള്ളത്. മേക്കപ്പ്–ഹെയർസ്റ്റൈലിങ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയതുമില്ല. ഹെയർ–മേക്കപ്പ്, സൗണ്ട്, ഒറിജിനൽ സോങ്, ഒറിജിനൽ സ്കോർ ചുരുക്കപ്പട്ടികകളിൽ ഇടം സ്വന്തമാക്കിയാണ് കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ‍ മൂൺ തിളങ്ങിയത്. 

ട്വന്റി ഡേയ്സ് ഇൻ മരിയുപോൾ ഇന്റർനാഷനൽ ഫീച്ചർ കൂടാതെ ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലെ ചുരുക്കപ്പട്ടികയിലുമുണ്ട്. 

ഈ വർഷം ഏറെ ശ്രദ്ധ നേടിയ സിനിമയായ ഓപൻഹൈമർ ഒറിജിനൽ സ്കോർ, സൗണ്ട്, മേക്കപ്പ്–ഹെയർസ്റ്റൈലിങ് ചുരുക്കപ്പട്ടികയിലുണ്ട്. 

English Summary:

Oscars 2024: India's Official Entry 2018 Out Of Race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com