ADVERTISEMENT

ധാക്ക ∙ ബംഗ്ലദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. പ്രതിപക്ഷം ബഹിഷ്കരിച്ച തിരഞ്ഞെടുപ്പിൽ ഹസീനയുടെ അവാമി ലീഗ് പാർട്ടി 300ൽ 223 സീറ്റുകളാണു നേടിയത്. പാർലമെന്റിൽ 11 സീറ്റുള്ള ജതിയ പാർട്ടിയാണ് രണ്ടാമത്തെ വലിയകക്ഷി. 62 സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു. ഇപ്പോൾ തുടർച്ചയായി 4 തവണ ഉൾപ്പെടെ അഞ്ചാം തവണയാണ് ഹസീന പ്രധാനമന്ത്രിയാകുന്നത്.

ഗോപാൽഗഞ്ച്–3 മണ്ഡലത്തിൽ നിന്ന് ഹസീന തുടർച്ചയായ എട്ടാം തവണ വിജയം നേടി. ഇതോടെ ബംഗ്ലദേശ് സ്വതന്ത്രമായ ശേഷം ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നതിന്റെ റെക്കോർഡും ഹസീനയ്ക്കു സ്വന്തമാകും.

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനൽ പാർട്ടി (ബിഎൻപി) ഉൾപ്പെടെ 16 പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചിരുന്നു. 1996 ലെ വിവാദ തിരഞ്ഞെടുപ്പിലെ 26.5% പോളിങ്ങിനു ശേഷം ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. ബിഎൻപി 2014ലെ തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചെങ്കിലും 2018 ൽ പങ്കെടുത്തിരുന്നു. ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പു കൃത്രിമമെന്നു വിശേഷിപ്പിച്ച ബിഎൻപി വീണ്ടും വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.‍ സർക്കാരിനെതിരെ സമരം തുടരുമെന്നും അവർ പ്രഖ്യാപിച്ചു.

ഇതേസമയം, യുഎസ്, കാനഡ, റഷ്യ, ഒഐസി, അറബ് പാർലമെന്റ് എന്നിവയുടെ നിരീക്ഷകർ ബംഗ്ലദേശിലെ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർണവും സമാധാനപരവും ആയിരുന്നെന്ന് പറയുന്നു. ഇന്ത്യ ബംഗ്ലദേശിന്റെ നല്ല സുഹൃത്താണെന്ന് വിജയത്തിനു ശേഷം ഹസീന പറഞ്ഞു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് കുമാർ വർമ ഹസീനയെ സന്ദർശിച്ച് ഇന്ത്യയുടെ അഭിനന്ദനം അറിയിച്ചു.

English Summary:

Sheikh Hasina secures fourth straight term in Bangladesh parliament election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com