ലബനനിൽ ഡ്രോൺ ആക്രമണം; ഹിസ്ബുല്ല കമാൻഡറെ ഇസ്രയേൽ വധിച്ചു
Mail This Article
ബെയ്റൂട്ട് ∙ തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ വിസാം അൽ തവീൽ കൊല്ലപ്പെട്ടു. ഇറാൻ പിന്തുള്ളയുള്ള ഹിസ്ബുല്ലയുടെ റദ്‌വാൻ സേനയുടെ ഉപമേധാവിയാണ്. ലബനനിലെ അതിർത്തിഗ്രാമത്തിൽ തവീൽ സഞ്ചരിച്ച വാഹനത്തിനുമുകളിലാണു ബോംബ് വീണത്. യുദ്ധം പടരുന്നതു തടയാനുള്ള നയതന്ത്രവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്നലെ സൗദി, യുഎഇ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഇസ്രയേലിലെത്തും.
ഒക്ടോബർ 7നു ഗാസയിൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണു വടക്കൻ ഇസ്രയേൽ അതിർത്തിയിൽ ഹിസ്ബുല്ലയുമായി സംഘർഷം കനത്തത്. കഴിഞ്ഞയാഴ്ച ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസ് ഉപമേധാവി സാലിഹ് അൽ അരൂരി കൊല്ലപ്പെട്ടിരുന്നു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 249 പലസ്തീൻകാർ കൊല്ലപ്പെട്ടു; 510 പേർക്കു പരുക്കേറ്റു. 3 മാസം പിന്നിട്ട യുദ്ധത്തിൽ ഇതുവരെ 9600 കുട്ടികളടക്കം 23,084 പലസ്തീൻകാർ കൊല്ലപ്പെട്ടു. 59,000 പേർക്കു പരുക്കേറ്റു. മധ്യ, തെക്കൻ ഗാസയിൽ കനത്ത വെടിവയ്പും ബോംബാക്രമണവും തുടരുന്നു. മധ്യഗാസയിലെ പ്രധാന ആശുപത്രിയായ അൽ അഖ്സ മാർട്ടിയേഴ്സ് ഹോസ്പിറ്റലിലേക്കു പലവട്ടം ഷെല്ലാക്രമണമുണ്ടായതോടെ അഭയം തേടിയവർക്കൊപ്പം ആരോഗ്യപ്രവർത്തകരും രോഗികളും പലായനം ചെയ്തു.
ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് അടക്കമുള്ള സന്നദ്ധസംഘടനയുടെ പ്രവർത്തകർ കഴിഞ്ഞയാഴ്ചതന്നെ ഇവിടം വിട്ടിരുന്നു. ഹോസ്പിറ്റലിലെ 600 രോഗികളും ആരോഗ്യപ്രവർത്തരും എവിടെയാണെന്ന് ഒരു വിവരവുമില്ലെന്നു ലോകാരോഗ്യസംഘടന അറിയിച്ചു. തെക്കൻ ഗാസയിലെ ഏതാനും ആശുപത്രികൾ മാത്രമാണിപ്പോൾ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്.
വൈദ്യസഹായം: ദൗത്യം ഉപേക്ഷിച്ച് ഡബ്ല്യുഎച്ച്ഒ
സുരക്ഷാപ്രശ്നം മൂലം വടക്കൻ ഗാസയിലേക്കു വൈദ്യസഹായമെത്തിക്കാനുള്ള ദൗത്യം റദ്ദാക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കനത്ത ബോംബാക്രമണം മൂലം കഴിഞ്ഞ 20 ദിവസത്തിനിടെ ഇതു നാലാം വട്ടമാണു ഡബ്ല്യുഎച്ച്ഒ മരുന്നുകളെത്തിക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നത്. വടക്കൻ ഗാസയിൽ ഹമാസിനുമേൽ വിജയം നേടിയെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെടുമ്പോഴും ജബാലിയ അഭയാർഥി ക്യാംപ് മേഖലയിൽ കനത്ത വെടിവയ്പ് തുടരുകയാണ്.