‘പലസ്തീനെ അംഗീകരിക്കുക’: ഇസ്രയേലിനോട് യുഎസ്

Mail This Article
ഗാസ / ടെൽ അവീവ് ∙ പലസ്തീൻ രാഷ്ട്ര രൂപീകരണത്തിന് അനുകൂല നിലപാട് സ്വീകരിച്ച് അറബ് രാജ്യങ്ങളുമായി രമ്യതയിലെത്താൻ ഇസ്രയേൽ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നിർദേശിച്ചു. ഇസ്രയേൽ– ഹമാസ് ഏറ്റുമുട്ടൽ ആരംഭിച്ചശേഷമുള്ള നാലാമത്തെ സന്ദർശനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും മന്ത്രിമാരുമായും ബ്ലിങ്കൻ ചർച്ച നടത്തി. ഇസ്രയേലുമായുള്ള ചർച്ചയിലെ വിവരങ്ങൾ ജോർദാൻ, ഖത്തർ, യുഎഇ, സൗദി നേതാക്കളെ അറിയിക്കുമെന്നും വ്യക്തമാക്കി. ഗാസയിൽനിന്നു ഭാഗിക സേനാ പിന്മാറ്റത്തിന് ഇസ്രയേലിനെ പ്രേരിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ഇസ്രയേൽ ആക്രമണത്തിൽ 57 പേർ കൂടി കൊല്ലപ്പെട്ടെന്നും 65 പേർക്കു പരുക്കേറ്റെന്നും മധ്യ ഗാസയിലെ അൽ അഖ്സ ആശുപത്രിയിലെ കണക്കുകൾ ഉദ്ധരിച്ച് പലസ്തീൻ ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ പലായനം കാരണം ഗാസയിലെ ആശുപത്രികൾ അതീവപ്രതിസന്ധിയിലാണെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ പൊള്ളലേറ്റ 100 പേരെ പരിചരിക്കാൻ ഒരു ഡോക്ടറേയുള്ളൂ.

ഖാൻ യൂനിസിൽ തുരങ്കങ്ങളിലും മറ്റും നടത്തിയ ആക്രമണങ്ങളിൽ 40 പേരെ കൊലപ്പെടുത്തിയതായും തങ്ങളുടെ 9 സൈനികർ കൊല്ലപ്പെട്ടതായും ഇസ്രയേൽ അറിയിച്ചു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സസിൽ (ഐഡിഎഫ്) അംഗമായ നടനും ഗായകനുമായ ഇദാൻ അമേദിക്കു സാരമായി പരുക്കേറ്റു. നെറ്റ്ഫ്ലിക്സ് സീരീസ് ‘ഫൗദ’യിലൂടെ ശ്രദ്ധേയനായ അമേദി, ഒക്ടോബറിലാണ് റിസർവ് അംഗമായി സേനയിൽ ചേർന്നത്.
തെക്കൻ ലബനനിലെ ഇസ്രയേൽ ആക്രമണത്തിൽ 3 ഹിസ്ബുൽ അംഗങ്ങൾ കൂടി കൊല്ലപ്പെട്ടു. മുതിർന്ന ഹിസ്ബുൽ കമാൻഡർ വിസാം അൽ തവീൽ തിങ്കളാഴ്ച കൊല്ലപ്പെട്ടിരുന്നു. വടക്കൻ ഇസ്രയേലിലെ സൈനിക ബേസിലേക്കു ഡ്രോണുകളുമായി പ്രത്യാക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇതുവരെ 130 ഹിസ്ബുൽ പ്രവർത്തകർ കൊല്ലപ്പെട്ടു. വംശഹത്യ ആരോപിച്ച് ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക രാജ്യാന്തര നീതിന്യായ കോടതിയിൽ നൽകിയ പരാതിയിൽ നാളെ വാദം ആരംഭിക്കും.