ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ വർഷം 14 ലക്ഷം ഇന്ത്യക്കാർക്ക് വീസ അനുവദിച്ചതായി യുഎസ് എംബസി വ്യക്തമാക്കി. വീസ ലഭിക്കാനുള്ള സമയത്തിൽ 75% കുറവുണ്ടായതായും അപേക്ഷകളിൽ തലേവർഷത്തേക്കാൾ 60% വർധനയുണ്ടായതായും എംബസി അറിയിച്ചു. യുഎസിലേക്ക് വീസയ്ക്ക് അപേക്ഷിക്കുന്നതിൽ പത്തിൽ ഒന്ന് ഇന്ത്യയിൽ നിന്നാണ്. അപേക്ഷകൾ പരിഗണിക്കുന്നതിൽ ഏർപ്പെടുത്തിയ സാങ്കേതിക സംവിധാനങ്ങളും പുതിയ സ്റ്റാഫിന്റെ നിയമനവും ഇതിനു സഹായിച്ചു. ബി1, ബി2 സന്ദർശക വീസകൾ ചരിത്രത്തിലാദ്യമായി 7 ലക്ഷത്തോളമായി. സന്ദർശക വീസയ്ക്ക് ശരാശരി 1000 ദിവസം കാത്തിരിക്കേണ്ടി വന്നിരുന്നത് 250 ദിവസമായി കുറഞ്ഞു. 

1,40,000 സ്റ്റുഡന്റ് വീസകളാണ് കഴിഞ്ഞ വർഷം നൽകിയത്. തുടർച്ചയായി മൂന്നാം വർഷവും ഇതു റെക്കോർഡാണ്. മുംബൈ, ഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവ ലോകത്തിലെ യുഎസ് നയതന്ത്ര കാര്യാലയങ്ങളിൽ ഏറ്റവും കൂടുതൽ സ്റ്റുഡന്റ് വീസകൾ നൽകുന്നവയായി. യുഎസിലെ ഏറ്റവും വലിയ വിദ്യാർഥി സമൂഹവും ഇന്ത്യക്കാരായി മാറി. 3,80,000 തൊഴിൽ വീസകളാണ് ഇന്ത്യക്കാർക്കും കുടുംബാംഗങ്ങൾക്കുമായി കഴിഞ്ഞ വർഷം നൽകിയത്. എച്ച്1ബി വീസയുള്ളവർക്ക് യുഎസിൽത്തന്നെ വീസ പുതുക്കാവുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ഇക്കൊല്ലം ആരംഭിക്കും. കോവിഡ് മഹാമാരിക്കു മുൻപുള്ള അപേക്ഷകളിൽ 31,000 എണ്ണം തീർപ്പാക്കി. അഹമ്മദാബാദിലും ബെംഗളൂരുവിലും പുതിയ കോൺസുലേറ്റുകൾ വരുന്നതോടെയും കൂടുതൽ ഓഫിസർമാരുടെ നിയമനത്തോടെയും വീസ പ്രോസസിങ്ങിനു വേഗം കൂടുമെന്നും എംബസി വ്യക്തമാക്കി. 

English Summary:

Fourteen lakh Indians got US Visa last year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com