ADVERTISEMENT

ഇലോൺ മസ്ക് മുന്നോട്ടുവച്ചിരിക്കുന്ന അവകാശവാദങ്ങൾ വളരെ വലുതാണ്. മനുഷ്യ മസ്തിഷ്കത്തെ കംപ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന ബ്രെയിൻ–മെഷീൻ ഇന്റർഫേസ് എന്ന ആശയം വർഷങ്ങളായിട്ടുള്ളതാണ്. ഇതിന്റെ പല രൂപങ്ങൾ പല വർഷങ്ങളിലായി നാം കണ്ടിട്ടുമുണ്ട്. വയേഡ് കണക‍്ഷനുപയോഗിച്ചുള്ള ഉപകരണങ്ങളുപയോഗിച്ചായിരുന്നു പലതും. 

തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ മനസ്സിലാക്കി കംപ്യൂട്ടറിലെ കർസർ ചലിപ്പിക്കുക, ഫോൺ പ്രവർത്തിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തിട്ടുണ്ട്. എന്നാൽ ഇവയെല്ലാം വയേഡ് ആയിരുന്നുവെന്നതാണ് ന്യൂനത. പൂർണമായും വയർലെസ് ആയ സംവിധാനമാണു മസ്കിന്റെ ന്യൂറലിങ്ക്. അതായത് ശിരസ്സിനെ വയറുകൾ ഉപയോഗിച്ച് ബന്ധിപ്പിക്കേണ്ടതില്ല. തലച്ചോറിലെ ന്യൂറോണുകളിൽ നിന്നുമുള്ള സിഗ്ന‍ലുകൾ (സ്പൈക്കിങ് ആക്ടിവിറ്റി) ഒപ്പിയെടുത്ത്, അവ മനസ്സിലാക്കുകയെന്നതാണ് ഇത്തരം സംവിധാനങ്ങളുടെ അടിസ്ഥാനം. ഇത് അതീവസങ്കീർണമാണ്.

ഡോ. നിക്‌സൺ എം. അബ്രഹാം
ഡോ. നിക്‌സൺ എം. അബ്രഹാം

ഇതുവരെയുള്ള ഗവേഷണങ്ങളിൽ ഒപ്പിയെടുത്തതിന്റെ പല മടങ്ങ് കൂടുതൽ വിവരങ്ങൾ ന്യൂറലിങ്കിന് ഒപ്പിയെടുക്കാനാകുമെന്നാണ് ഇലോൺ മസ്ക് അവകാശപ്പെട്ടിരിക്കുന്നത്. ന്യൂറോണുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ചാനലുകളിൽ നിന്നാണ് ഇതുവരെ സിഗ്നലുകൾ ശേഖരിച്ചിരുന്നതെങ്കിൽ ന്യൂറലിങ്കിനു രണ്ടായിരത്തിലേറെ ചാനലുകളിൽ നിന്ന് വിവരം ശേഖരിക്കാനാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത്രയും വലിയൊരു അവകാശവാദം ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല. ഇതു ശരിയെങ്കിൽ നിർണായക വഴിത്തിരിവാണ്.  

ചിപ്പ് തലച്ചോറിൽ ഘടിപ്പിക്കാനായി റോബോട്ടിക് സർജറി രീതിയും ന്യൂറലിങ്ക് വികസിപ്പിച്ചിട്ടുണ്ട്. എൻജിനീയറിങ് മികവ് ഇതിൽ പ്രകടമാണ്. തലച്ചോറിലെ സിഗ്നലുകൾ ഒപ്പിയെടുത്ത് കംപ്യൂട്ടർ, മൊബൈൽ തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ സഹായിക്കുകയാണ് ന്യൂറലിങ്ക് ചെയ്യുന്നത്. ഭാവിയിൽ, തിരിച്ച് തലച്ചോറിലെ ന്യൂറോണുകൾ നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനവും വന്നേക്കാം. 

ഇത് പല മസ്തിഷ്ക രോഗങ്ങളെയും ചികിത്സിക്കാൻ പര്യാപ്തമാണ്. തലച്ചോറിലെ വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് അപസ്മാരത്തിന്റെ കാരണം. അപസ്മാരമുള്ള ഒരു വ്യക്തിയുടെ തലച്ചോറിൽ ഇത്തരമൊരു ചിപ്പ് ഉണ്ടെങ്കിൽ വൈദ്യുതതരംഗങ്ങളിലുണ്ടാകുന്ന വ്യത്യാസം നിരീക്ഷിക്കാനും ന്യൂറോണുകളെ നിയന്ത്രിക്കാനും കഴിഞ്ഞേക്കും. ഇതിനുള്ള ഗവേഷണങ്ങൾ ലോകമെങ്ങും നടക്കുന്നുണ്ട്. രോഗങ്ങൾക്കുള്ള ചികിത്സയ്ക്കു പുറമേ തലച്ചോറിനെ കൂടുതൽ മെച്ചപ്പെടുത്താനും ഓർമശക്തി വർധിപ്പിക്കാനുമൊക്കെ ബ്രെയിൻ ചിപ് ഘടിപ്പിക്കുന്ന കാലം വരുമോയെന്ന് ഏതായാലും പറയാനുള്ള സമയമായിട്ടില്ല.

(ന്യൂറോസയൻസ് ഗവേഷകനും പുണെ ഐസറിൽ അസിസ്റ്റന്റ് പ്രഫസറുമാണു ലേഖകൻ)

English Summary:

Neuralink's Remarkable Revolution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com