ഗാസയിൽ സഹായമില്ല: യുഎൻ പ്രവർത്തനം സ്തംഭിക്കുന്നു
Mail This Article
ഗാസ ∙ പലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യുഎൻ സന്നദ്ധ സംഘടനയായ യുഎൻആർഡബ്ല്യുഎയ്ക്കുള്ള ധനസഹായം പാശ്ചാത്യരാജ്യങ്ങൾ നിർത്തിയതു ഗാസയിലെ ജീവകാരുണ്യപ്രവർത്തനങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കി. ധനസഹായം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഈ മാസാവസാനത്തോടെ പ്രവർത്തനം നിർത്തുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. അതിനിടെ, ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 27,019 ആയി. പരുക്കേറ്റവർ 66139.
യുഎൻആർഡബ്ല്യുഎക്കു ഹമാസ് ബന്ധമുണ്ടെന്നാണ് ഇസ്രയേൽ ആരോപണം. തുടർന്നാണ് യുഎസ് അടക്കം രാജ്യങ്ങൾ സഹായം നിർത്തിയത്. നിലവിൽ അഭയാർഥി ക്യാംപുകൾ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചു രാജ്യാന്തര സഹായങ്ങൾ വിതരണം ചെയ്യുന്നതു യുഎൻ ഏജൻസിയാണ്. അതിനിടെ, 40 ദിവസത്തെ വെടിനിർത്തലിനുള്ള പാരിസ് ചർച്ചയിലെ ശുപാർശകൾ ഇസ്രയേലും യുഎസും അംഗീകരിച്ചെങ്കിലും ഹമാസ് നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ശുപാർശകൾ പഠിച്ചുവരികയാണെന്നാണ് ഹമാസ് നേതൃത്വം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. കരാറിൽ ഒപ്പുവയ്ക്കണമെങ്കിൽ യുദ്ധം അവസാനിപ്പിച്ച് ഇസ്രയേൽ സൈന്യം ഗാസയിൽനിന്ന് പൂർണമായി പിന്മാറണമെന്നാണ് ഹമാസിന്റെ ആവശ്യമെന്നു പലസ്തീൻ കേന്ദ്രങ്ങൾ പറയുന്നു.
രാത്രികാല ബോംബാക്രമണങ്ങൾക്കു പുറമേ ഗാസയിലെ പാർപ്പിട സമുച്ചയങ്ങൾ, പള്ളികൾ, സ്കൂളുകൾ തുടങ്ങിയവ ഇസ്രയേൽ നിയന്ത്രിത സ്ഫോടനങ്ങളിലൂടെ തകർക്കുന്നതായി ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. നവംബറിനു ശേഷം നടത്തിയ 33 നിയന്ത്രിത സ്ഫോടനങ്ങളുടെ വിഡിയോ തെളിവുകളും പുറത്തുവിട്ടു. കഴിഞ്ഞമാസം ഗാസ സിറ്റിയിലെ ഇസ്ര സർവകലാശാല ഇപ്രകാരമാണു തകർത്തത്.
ഇറാൻ താവളങ്ങൾ ആക്രമിക്കാൻ യുഎസ്
വാഷിങ്ടൻ ∙ സിറിയയിലെയും ഇറാഖിലെയും ഇറാൻ താവളങ്ങളിൽ ആക്രമണങ്ങൾ നടത്താൻ യുഎസ് തീരുമാനിച്ചു. സിറിയ അതിർത്തിയോടു ചേർന്ന് ജോർദാനിലെ യുഎസ് സൈനികതാവളത്തിനുനേരെ ഞായറാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിനു തിരിച്ചടിയായി ദിവസങ്ങൾ നീളുന്ന ആക്രമണത്തിനാണു പദ്ധതി. ഡ്രോൺ ആക്രമണത്തിൽ 3 യുഎസ് സൈനികരാണു കൊല്ലപ്പെട്ടത്. 40 പേർക്കു പരുക്കേറ്റു.