ഗാസയിൽ സമാധാനപ്രതീക്ഷ മങ്ങി; ഹമാസ് വെടിനിർത്തൽ പദ്ധതി ഇസ്രയേൽ തള്ളി

Mail This Article
ജറുസലം ∙ ഗാസയിൽനിന്ന് ഇസ്രയേലിന്റെ പരിപൂർണമായ പിന്മാറ്റം ആവശ്യപ്പെട്ടു ഹമാസ് മുന്നോട്ടുവച്ച 135 ദിവസത്തെ വെടിനിർത്തൽ പദ്ധതി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തള്ളിക്കളഞ്ഞു. ഗാസയിൽ ഇസ്രയേൽ വിജയം ആസന്നമാണെന്നും സേനാപിന്മാറ്റമില്ലെന്നും നെതന്യാഹു വ്യക്തമാക്കി. സംഘർഷം തുടരാനാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെന്ന് വ്യക്തമായെന്നു ഹമാസ് പ്രതികരിച്ചു. ഇതോടെ, സമാധാനചർച്ചയ്ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തിയ മധ്യപൂർവദേശ സന്ദർശനത്തിലും പ്രതീക്ഷ മങ്ങി.
നാലര മാസത്തെ വെടിനിർത്തൽ കാലയളവിലെ ആദ്യ 45 ദിവസം സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരുമായ ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലിനു കൈമാറുമെന്നാണ് ഹമാസ് വാഗ്ദാനം. ഈ സമയം ജനവാസ മേഖലകളിൽനിന്ന് ഇസ്രയേൽ സേന പിന്മാറണം. യുദ്ധത്തിന് അവസാനം കാണാനുള്ള ചർച്ചകൾ തുടങ്ങിവച്ചാൽ മാത്രം വെടിനിർത്തൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. ശേഷിക്കുന്ന ബന്ദികളെ കൈമാറുന്നതും ഇസ്രയേൽ സേനയുടെ പൂർണ പിന്മാറ്റവും ഈ ഘട്ടത്തിലാണ്. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങൾ കൈമാറുന്നതാണ് മൂന്നാം ഘട്ടം.
ഹമാസിനെ ഇല്ലാതാക്കാതെ പിന്മാറില്ലെന്ന് ആവർത്തിച്ച നെതന്യാഹു, വടക്കൻ ഇസ്രയേലിൽ ഹിസ്ബുല്ലയുടെ ആക്രമണം മൂലം ഒരു ലക്ഷത്തോളം കുടുംബങ്ങൾ പലായനം ചെയ്തെന്നും ചൂണ്ടിക്കാട്ടി. സൗദി, ഈജിപ്ത് നേതാക്കളുമായുള്ള ചർച്ചകൾക്കുശേഷം ഇന്നലെ ഇസ്രയേലിൽ എത്തിയ ആന്റണി ബ്ലിങ്കൻ പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി വെസ്റ്റ്ബാങ്കിൽ കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ നവംബർ അവസാനം കഷ്ടിച്ച് ഒരാഴ്ച നീണ്ട വെടിനിർത്തലുണ്ടായതാണ് ഗാസ യുദ്ധത്തിനിടയിലെ ഏക സമാധാന കാലം. കഴിഞ്ഞ ഒക്ടോബർ 7 മുതൽ ഇതുവരെ ഗാസയിൽ 27,585 പലസ്തീൻകാർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കാണാതായ ആയിരക്കണക്കിനാളുകൾ വേറെ. ഗാസയിലേക്കുളള സഹായവിതരണത്തിന്റെ 56% ഇസ്രയേൽ ഇടപെട്ടു തടഞ്ഞതായി യുഎൻ ആരോപിച്ചു. ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിനു സമീപം കെട്ടിടത്തിൽ ഒളിച്ചിരുന്ന ഇസ്രയേൽ സൈനികൻ പലസ്തീൻ സ്ത്രീക്കു നേരെ വെടിവച്ചു.
യുദ്ധം നിർത്താതെ ഇസ്രയേലുമായി ബന്ധത്തിനില്ല: സൗദി
റിയാദ് ∙ 1967ലെ അതിർത്തി പ്രകാരം കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം അംഗീകരിക്കാതെ ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉണ്ടാകില്ലെന്ന് സൗദി അറേബ്യ യുഎസിനെ അറിയിച്ചു. ഇസ്രയേൽ സേനയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.