ADVERTISEMENT

ജറുസലം ∙ ഹമാസ് മുന്നോട്ടുവച്ച വെടിനിർത്തൽ ഉപാധികൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തള്ളിയതിനു പിന്നാലെ, തെക്കൻ ഗാസയിലെ റഫയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 5 കുട്ടികൾ അടക്കം 14 പലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയിലെ ചില കേന്ദ്രങ്ങളിൽ ടാങ്കുകൾ ഷെല്ലാക്രമണവും നടത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 130 പലസ്തീൻകാർ കൊല്ലപ്പെട്ടു. 170 പേർക്കു പരുക്കേറ്റു.

അഭയാർഥികൾ തിങ്ങിയ ഈജിപ്ത് അതിർത്തിയോടു ചേർന്ന റഫ പട്ടണത്തിൽ 10 ലക്ഷത്തിലേറെ പലസ്തീൻകാരാണു താൽക്കാലിക കൂടാരങ്ങളിലും അഭയകേന്ദ്രങ്ങളിലും കഴിയുന്നത്. റഫയിലേക്ക് ഇസ്രയേൽ സൈന്യം ഉടൻ പ്രവേശിക്കുമെന്നു നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ‌ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 27,840 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 67,317 പേർക്കു പരുക്കേറ്റു.

ഹമാസിനെതിരെ പരിപൂർണവിജയം നേടുംവരെ യുദ്ധം എന്നു നെതന്യാഹു പ്രഖ്യാപിച്ചെങ്കിലും സമാധാനചർച്ചകൾ തുടരുമെന്ന സൂചനയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നൽകിയത്. ഇന്നലെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘം കയ്റോയിലെത്തി. ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം മേധാവി അബ്ബാസ് കമാലുമായി സംഘം കൂടിക്കാഴ്ച നടത്തും.

വെടിനിർത്തൽ ചർച്ചകൾക്കു മധ്യസ്ഥരായ ഈജിപ്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. സമാധാന നയതന്ത്രവുമായി ജോർദാനിലെ അബ്ദുല്ല രാജാവ് യുഎസ് – യൂറോപ്പ് യാത്ര ആരംഭിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കം പാശ്ചാത്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതിനിടെ, ഗാസയിൽനിന്ന് അറസ്റ്റ് ചെയ്ത 19 സ്ത്രീകൾ അടക്കം 71 പലസ്തീൻകാരെ ഇസ്രയേൽ മോചിപ്പിച്ചു. റഫയിലേക്കും ആക്രമണം വ്യാപിപ്പിക്കുന്നതു വൻ മാനുഷികദുരന്തത്തിന് ഇടയാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഇറാൻ അനുകൂല ഇറാഖ് കമാൻഡറെ യുഎസ് വധിച്ചു

ബഗ്ദാദ് ∙ ഇറാൻ പിന്തുണയുള്ള ഇറാഖിലെ സായുധ ഷിയാസംഘടനയായ കതബ് ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ അബൂബഖിർ അൽസാദി യുഎസ് ഡ്രോൺ ആകമണത്തിൽ കൊല്ലപ്പെട്ടു. കിഴക്കൻ ബഗ്ദാദിൽ അബൂബഖിർ സഞ്ചരിച്ച വാഹനത്തിനുനേരെയാണ് ആക്രമണമുണ്ടായത്. ജനുവരിയിൽ ജോർദാനിലെ യുഎസ് സേനാത്താവളത്തിനുനേരെയുണ്ടായ മിസൈൽ ആക്രമണത്തിനു പിന്നിൽ ഇയാളാണെന്നാണ് യുഎസ് പറയുന്നത്.

English Summary:

Peace talks will continue; Hamas leaders in Cairo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com