ADVERTISEMENT

കീവ് ∙ റഷ്യൻ അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ് വഴിത്തിരിവിൽ എത്തിനിൽക്കുമ്പോൾ, യുക്രെയ്നിലെ ജനപ്രിയ സേനാമേധാവി ജനറൽ വാലെറി സലുഷ്നിയെ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി പുറത്താക്കി. പകരം കരസേനാ തലവൻ കേണൽ അലക്സാണ്ടർ സിർസ്കിയെ സംയുക്തസേനയുടെ പുതിയ മേധാവിയായി നിയമിച്ചു. 

സൈനികരുടെയും ജനങ്ങളുടെയും സ്നേഹവും വിശ്വാസവും പിടിച്ചുപറ്റി ‘ഉരുക്കു ജനറൽ’ എന്നറിയപ്പെട്ട വാലെറി സലുഷ്നിയിൽ യുക്രെയ്ൻ പ്രസിഡന്റിനു മതിപ്പില്ലെന്ന മുൻ റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് സംഭവം. കഴിഞ്ഞ വർഷത്തെ ജനകീയ സർവേയിൽ സെലെൻസ്കി(77%)യെക്കാൾ ജനങ്ങൾക്കിഷ്ടം സലുഷ്നി(90%)യെ ആണെന്നായിരുന്നു ഫലം. യുദ്ധാരംഭത്തിൽ തലസ്ഥാനമായ കീവ് വള‍ഞ്ഞ റഷ്യൻ പടയെ തുരത്താൻ സലുഷ്നിയുടെ തന്ത്രം പ്രയോജനപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ വർഷം യുക്രെയ്ൻ സേനയ്ക്ക് തിരിച്ചടിയുണ്ടായെന്നും അതിനാലാണ് ജനറലിനെ നീക്കുന്നതെന്നുമാണ് സെലെൻസ്കി നൽകിയ സൂചന. 

യുക്രെയ്ന്റെ ആയുധശേഖരം നാമമാത്രമായിക്കൊണ്ടിരിക്കെയാണ് സേനാതലപ്പത്തെ പരിഷ്കാരം. ഡെമോക്രാറ്റ് പാർട്ടിക്കാരനായ യുഎസ് പ്രസിഡന്റ് ജോ ബൈ‍ഡൻ നൽകാമെന്ന് ഏറ്റിരുന്ന സഹായം കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളുടെ എതിർപ്പു മൂലം മാസങ്ങളോളം മുടങ്ങിക്കിടപ്പാണ്. 

റഷ്യയിൽ ജനിച്ചുവളർന്ന് സോവിയറ്റ് റഷ്യൻ ഓഫിസറായി പ്രവർത്തിച്ചിരുന്ന സിർസ്കി രാജ്യദ്രോഹിയാണെന്ന് റഷ്യയുടെ മുൻ പ്രസിഡന്റും ഇപ്പോൾ സുരക്ഷാ കൗൺസിൽ ഉപാധ്യക്ഷനുമായ ദിമിത്രി മെദ്‌വെദേവ് ആരോപിച്ചു. 

ഇതിനി‍ടെ, യുക്രെയ്നിന് ആയുധസഹായം നൽകുന്നത് യുഎസ് അവസാനിപ്പിക്കണമെന്ന് ടോക്ക് ഷോ അവതാരകൻ ടക്കർ കാൾസനുമായി മോസ്കോയിൽ നടത്തിയ അഭിമുഖത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാ‍ഡിമിർ പുട്ടിൻ ആവശ്യപ്പെട്ടു.

English Summary:

Volodymyr zelenskyy sacked Ukraine's army chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com