ചൈനീസ് ചാരക്കപ്പൽ മാലദ്വീപിൽ; കപ്പൽ എത്തിയത് ത്രിരാഷ്ട്ര നാവിക അഭ്യാസം തുടങ്ങിയ ദിവസം

Mail This Article
മാലെ ∙ ഒരുമാസത്തോളം ഇന്ത്യൻ സമുദ്രത്തിൽ ചുറ്റിയടിച്ച ചൈനീസ് ചാരക്കപ്പൽ ‘ഷിയാങ് യാങ് ഹോങ് 3’ മാലദ്വീപിലെത്തി. ത്രിരാഷ്ട്ര നാവിക അഭ്യാസത്തിനായി ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരസേനാ കപ്പലുകൾ ദ്വീപിലെത്തിയ ദിവസം തന്നെയാണ് ചൈനയുടെ കപ്പലും എത്തിയത്. ചൈനീസ് കപ്പലിന്റെ നീക്കത്തെക്കുറിച്ച് ഇന്ത്യ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊളംബോ തുറമുഖത്ത് അടുക്കാനുള്ള അനുമതി ശ്രീലങ്ക നിഷേധിച്ചിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തി മടങ്ങിയതിനുശേഷമാണ് കഴിഞ്ഞ ജനുവരി 14ന് ഗവേഷണക്കപ്പൽ എന്നു ചൈന വിശേഷിപ്പിക്കുന്ന ഷിയാങ് യാങ് ഹോങ് 3 യാത്ര തുടങ്ങിയത്. മാലിദ്വീപിന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു സമീപം കപ്പൽ ഒരുമാസം നങ്കൂരമിട്ടതായി റിപ്പോർട്ടുണ്ട്. ജനുവരി 22 മുതൽ സാധാരണ ട്രാക്കിങ് സൈറ്റുകളിൽ കപ്പലിന്റെ സാന്നിധ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യാ വിരുദ്ധ നിലപാടുള്ള മുഹമ്മദ് മുയ്സു മാലദ്വീപിനെ ഇന്ത്യയിൽ നിന്നകറ്റി ചൈനയുമായി അടുപ്പിക്കാനുള്ള ശ്രമത്തിലാണ്.