റഷ്യൻ ഉരുക്കു ഫാക്ടറി ആക്രമിച്ച് യുക്രെയ്ൻ

Mail This Article
കീവ് ∙ റഷ്യയുടെ ഉരുക്കു ഫാക്ടറി ആക്രമിച്ചുകൊണ്ട് പോരാട്ടത്തിന്റെ രണ്ടാം വാർഷികദിനത്തിൽ യുക്രെയ്ൻ തിരിച്ചടിച്ചു. ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ തുടർന്ന് ലിപ്റക് നഗരത്തിലെ ഫാക്ടറിയിൽ തീപിടിത്തമുണ്ടായി. ആളപായമില്ല. റഷ്യയ്ക്ക് ആവശ്യമായ ഉരുക്കിന്റെ 18% നിർമിക്കുന്നത് ഈ ഫാക്ടറിയിലാണ്. ഇവിടെ നിന്നുള്ള ഉരുക്കാണു പ്രധാനമായും ആയുധനിർമാണത്തിന് ഉപയോഗിക്കുന്നത്. അതേസമയം വിവിധ യുക്രെയ്ൻ നഗരങ്ങളിൽ റഷ്യയും മിസൈൽ ആക്രമണം നടത്തി. ഒഡേസ നഗരത്തിൽ ജനവാസ കേന്ദ്രത്തിൽ മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെട്ടു. 3 പേർക്കു പരുക്കേറ്റു.
നാറ്റോ അംഗത്വം സ്വീകരിച്ചതിന്റെ പേരിൽ ആക്രമിക്കപ്പെട്ട യുക്രെയ്ന് രണ്ടാം വാർഷികദിനത്തിൽ അംഗരാജ്യങ്ങൾ ഉറച്ച പിന്തുണ പ്രഖ്യാപിച്ചു. പോരാട്ടം തുടരുന്ന യുക്രെയ്നെ അഭിനന്ദിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാറ്റോ മുൻപത്തേക്കാൾ ഒറ്റക്കെട്ടാണെന്നു പറഞ്ഞു. യുക്രെയ്നൊപ്പം ഉറച്ചുനിൽക്കുന്നതായി യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയെൻ പറഞ്ഞു. ഇന്നുമാത്രമല്ല, നാളെയും യുക്രെയ്ന് ഒപ്പം തന്നെയെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പോളണ്ട്, റുമാനിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും പിന്തുണ ആവർത്തിച്ചു.
ഐക്യാദാർഢ്യം പ്രഖ്യാപിക്കാനായി യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയെൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, ബൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രു, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർ ഒരുമിച്ച് ട്രെയിനിൽ കീവിലെത്തി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി അവർ ചർച്ച നടത്തി. യുദ്ധരംഗം അതീവ ഗുരുതരമായ ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്ന് നാറ്റോയുടെ സെക്രട്ടറി ജനറലായി ജെൻസ് സ്റ്റോൾട്ടൻ ബർഗ് പറഞ്ഞു.
‘നമ്മൾ വിജയിക്കുക തന്നെ ചെയ്യും’ എന്ന് രണ്ടാം വാർഷികദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ‘നമ്മൾ പിടിച്ചുനിൽക്കുമെന്ന് ലോകത്ത് ഒരാളും കരുതിയിട്ടുണ്ടാവില്ലെ’ന്നാണ് യുക്രെയ്ൻ സൈനിക മേധാവി ഒലെക്സണ്ടർ സിരിസ്കി പറഞ്ഞത്.