ഗാസയിൽ തിങ്കളാഴ്ചയോടെ വെടിനിർത്തലെന്ന് ബൈഡൻ; സ്ഥിരീകരിക്കാതെ ഹമാസും ഖത്തറും ഇസ്രയേലും

Mail This Article
വാഷിങ്ടൻ / കയ്റോ ∙ ഗാസയിൽ വെടിനിർത്തലിന് തിങ്കളാഴ്ചയോടെ ധാരണയായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എന്നാൽ, മധ്യസ്ഥ ചർച്ചകൾക്കു മുൻകൈയെടുത്തു പ്രവർത്തിക്കുന്ന ഖത്തറോ കക്ഷികളായ ഹമാസോ ഇസ്രയേലോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചർച്ചയിൽ പുരോഗതിയുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ ധാരണ നടപ്പാകുമെന്നും പ്രതീക്ഷിക്കുന്നതായി ബൈഡൻ പറയുന്നു. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.
മാർച്ച് രണ്ടാംവാരം ആരംഭിക്കുന്ന റമസാൻ നോമ്പുകാലത്ത് 40 ദിവസം വെടിനിർത്തലിനു പാരിസിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ വന്ന നിർദേശത്തെ ഇസ്രയേൽ അനുകൂലിച്ചിരുന്നു. ബന്ദികളിൽ രോഗികളെയും പ്രായാധിക്യമുള്ളവരെയും വിട്ടയയ്ക്കാൻ ധാരണയായിട്ടുണ്ട്.
ഇസ്രയേലിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്നലെ നടന്നു. ഗാസയിലും ലബനൻ അതിർത്തി പ്രദേശങ്ങളിലും നിന്ന് ഒഴിപ്പിച്ചവർക്ക് വോട്ടു ചെയ്യാൻ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടിവന്നു. കഴിഞ്ഞ ഒക്ടോബർ 31ന്ന നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ഹമാസ് ആക്രമണത്തെ തുടർന്ന് മാറ്റിവച്ചതായിരുന്നു.
ഇതേസമയം, ദക്ഷിണ ലബനനിലെ ബെക്കാ താഴ്‍വരയിൽ തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായി ഹിസ്ബുല്ല ഇന്നലെ കനത്ത റോക്കറ്റ് ആക്രമണം നടത്തി. ഇസ്രയേലിലെ നിരീക്ഷണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.