ഷഹബാസ് ഷരീഫ് പാക്ക് പ്രധാനമന്ത്രി; കശ്മീരിനെ പലസ്തീനോട് ഉപമിച്ച് ഷഹബാസ്

Mail This Article
ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിൽ ഷഹബാസ് ഷരീഫ് (72) പ്രധാനമന്ത്രിയായി ഇന്നു ചുമതലയേൽക്കും. പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നവാസ് (പിഎംഎൽ–എൻ) നേതാവായ ഷഹബാസ് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) പിന്തുണയുള്ള കൂട്ടുകക്ഷി സർക്കാരിനെ നയിക്കും. 336 അംഗ പാർലമെന്റിൽ വോട്ടെടുപ്പിൽ 201 വോട്ട് ഷരീഫിന് ലഭിച്ചു. ഭൂരിപക്ഷത്തിനു വേണ്ടതിലും 32 വോട്ട് കൂടുതലാണിത്. എതിർസ്ഥാനാർഥി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ ഒമർ അയൂബ് ഖാന് 92 വോട്ടും ലഭിച്ചു. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഷഹബാസ് ഷെരീഫ് കശ്മീർ പ്രശ്നത്തെ പലസ്തീനോട് ഉപമിച്ചു. കശ്മീരിന്റെയും പലസ്തീന്റെയും സ്വാതന്ത്ര്യത്തിനുവേണ്ടി പ്രമേയം പാസാക്കുമെന്നും പറഞ്ഞു.
രണ്ടാം തവണയാണ് ഷഹബാസ് പ്രധാനമന്ത്രിയാകുന്നത്. 2022 ഏപ്രിൽ മുതൽ 2023 ഓഗസ്റ്റ് വരെയും പദവി വഹിച്ചു. കൂട്ടുകക്ഷി സർക്കാരിനെ നയിക്കാൻ നവാസ് ഷരീഫ് വിമുഖത കാട്ടിയതോടെയാണു സഹോദരനായ ഷഹബാസിനെ പരിഗണിച്ചത്. പാക്ക് സൈന്യത്തിനും ഷഹബാസിനോടാണു താൽപര്യം.
ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണു പാക്കിസ്ഥാനിൽ സർക്കാരുണ്ടാകുന്നത്. 366 അംഗ ദേശീയ അസംബ്ലിയിലെ 265 സീറ്റുകളിലേക്ക് കഴിഞ്ഞ 8നു നടന്ന തിരഞ്ഞെടുപ്പിൽ പിടിഐ സ്വതന്ത്രർ 101 സീറ്റുമായി മുന്നിലെത്തിയിരുന്നു. പിഎംഎൽ–എൻ 75, പിപിപി 54, എംക്യുഎം–പി 17 വീതം സീറ്റു നേടി.
പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (ക്യു), ബലൂചിസ്ഥാൻ അവാമി പാർട്ടി എന്നിവയും പാർലമെന്റിൽ ഷഹബാസിനെ പിന്തുണച്ചു. നവാസ് ഷരീഫ് ആണ് ആദ്യം വോട്ട് ചെയ്തത്. ഇമ്രാന്റെ ചിത്രങ്ങളുമായാണ് പിടിഐ അംഗങ്ങൾ എത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു പാക്കിസ്ഥാൻ കടന്നുപോകുന്നത്. 2% മാത്രമാണ് സാമ്പത്തിക വളർച്ച.
നന്ദി, പ്രതിപക്ഷ നേതാവാക്കിയതിന്!
ഇസ്‌ലാമാബാദ് ∙ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷരീഫിനു നന്ദിപ്രസംഗത്തിൽ നാക്കുപിഴ. ദേശീയ അസംബ്ലിയിലെ മറുപടി പ്രസംഗത്തിൽ അദ്ദേഹം സ്വയം വിശേഷിപ്പിച്ചത് പ്രതിപക്ഷ നേതാവ് എന്നായിരുന്നു. ‘എന്നെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിന് പാർട്ടി അംഗങ്ങളോട് ഞാൻ നന്ദി അറിയിക്കുന്നു’.