ADVERTISEMENT

ദുബായ് ∙ കൃഷി, ഭക്ഷ്യോൽപാദന, കാർഷികോൽപന്ന കയറ്റുമതി മേഖലകളിലെ സബ്സിഡികൾ നിർത്തണമെന്ന 19 കയറ്റുമതി രാജ്യങ്ങളുടെ ആവശ്യം ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) മന്ത്രിതല സമ്മേളനം തള്ളി. 

ഇന്ത്യ നേതൃത്വം നൽകുന്ന ഭക്ഷ്യ ഇറക്കുമതി വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ എൻഎഫ്ഐഡിസിയുടെ (നെറ്റ് ഫുഡ് ഇംപോർട്ടിങ് ഡവലപ്പിങ് കൺട്രീസ്) ശക്തമായ എതിർപ്പിനെ തുടർന്നാണിത്. ഇരുവിഭാഗങ്ങളുടെയും സമ്മർദങ്ങൾക്കു പരിഹാരമായി രൂപപ്പെടുത്തിയ ബാലി സമാധാനക്കരാർ പ്രകാരം തൽസ്ഥിതി പിന്തുടരാനും കഴിഞ്ഞ ദിവസം സമാപിച്ച ലോക വ്യാപാര സംഘടനയുടെ മന്ത്രിതല യോഗം തീരുമാനിച്ചു. ഇതുപ്രകാരം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സബ്സിഡി തുടരും. 

ഭക്ഷ്യസുരക്ഷ നിലനിർത്താൻ സബ്സിഡി വേണമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. കാർഷിക വിളകൾക്കു താങ്ങുവില നൽകുന്നതിലും കാർഷിക നയങ്ങളിലും ഉദാര സമീപനം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയിലെ കർഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് താങ്ങുവില വിഷയം ഡബ്ല്യുടിഒ സമ്മേളനത്തിൽ ഉയർന്നത്.

വൻകിട രാജ്യങ്ങളുടെ ചൂഷണത്തിൽനിന്നു വികസ്വര രാജ്യങ്ങളെ രക്ഷിക്കാൻ രാജ്യാന്തര വ്യാപാര മേഖലയിൽ പൊതുമാനദണ്ഡം രൂപീകരിക്കും. വികസ്വര രാജ്യങ്ങളുടെ പ്രകൃതി സമ്പത്തു വ്യാപകമായി ചൂഷണം ചെയ്യുകയും സാമ്പത്തികമായി അവർക്കു ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു പൊതുമര്യാദയും ചട്ടങ്ങളും രൂപപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്. വ്യാപാര നയങ്ങൾ കയ്യൂക്ക് കൊണ്ടല്ല, പൊതു നിയമത്തിന്റെ അടിസ്ഥാനത്തിൽ വേണം രൂപപ്പെടുത്താനെന്നും യോഗം തീരുമാനിച്ചു. 

കൃഷി, മത്സ്യബന്ധനം, ഇ – കൊമേഴ്സ്, നിക്ഷേപം, സേവനങ്ങൾ എന്നീ വിഷയങ്ങളിലും ചർച്ചകൾ നടന്നു. 167 അംഗ രാജ്യങ്ങൾ പങ്കെടുത്തു.

English Summary:

WTO decides to continue subsidies to Indian Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com