ADVERTISEMENT

ജറുസലം ∙ ഗാസയിൽ വെടിനിർത്തൽ സാധ്യത വിദൂരമാണെന്നും സ്ഥിതി സങ്കീർണമായി തുടരുന്നുവെന്നും മധ്യസ്ഥരായ ഖത്തർ വെളിപ്പെടുത്തി. യുദ്ധഭൂമിയിലെ ദുരിതങ്ങൾക്കു നടുവിൽ റമസാൻ വ്രതം ആരംഭിച്ച ഗാസയിലേക്ക് 200 ടൺ ഭക്ഷ്യവസ്തുക്കളുമായി സൈപ്രസിൽനിന്ന് ആദ്യ കപ്പൽ പുറപ്പെട്ടു. ഗാസയിൽ നിന്ന് 200 കിലോമീറ്റർ അകലെ മെഡിറ്ററേനിയൻ കടലിലുള്ള ദ്വീപ് രാഷ്ട്രമാണ് സൈപ്രസ്.

കരമാർഗം ദുഷ്കരമായ സാഹചര്യത്തിലാണു യുഎഇയുടെ ധനസഹായത്താൽ യുഎസ് പിന്തുണയുള്ള ജീവകാരുണ്യസംഘടന വേൾഡ് സെൻട്രൽ കിച്ചൻ (ഡബ്ല്യൂസികെ) കപ്പൽ വഴി സഹായമെത്തിക്കുന്നത്. ഗാസയിൽ തുറമുഖമില്ലാത്തതിനാൽ, യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് താൽക്കാലികമായി നിർമിക്കുന്ന ജെട്ടിയിലാവും കപ്പലടുക്കുക.

അതിനിടെ, ഭക്ഷണത്തിനു കാത്തുനിന്നവർക്കുനേരെ ഗാസ സിറ്റിയിലെ കുവൈത്ത് സ്ക്വയറിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 11 പേർ കൊല്ലപ്പെട്ടു. ഒട്ടേറേപ്പേർക്കു പരുക്കേറ്റു. കഴിഞ്ഞ മാസം സമാനമായ സംഭവത്തിൽ നൂറിലേറെപ്പേരാണു കൊല്ലപ്പെട്ടത്. ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 31,184 പലസ്തീൻകാർ കൊല്ലപ്പെട്ടു. 72,889 പേർക്കു പരുക്കേറ്റു.

അതിനിടെ, ഭക്ഷണവും മരുന്നുമായി ലോകാരോഗ്യസംഘടനയുടെ ദൗത്യസംഘം വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിലെത്തി. അൽ ഷിഫയിലടക്കം 2000 ആരോഗ്യപ്രവർത്തകർ പട്ടിണിയിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. യുഎൻ ഏജൻസികളെ അടക്കം പുറമേനിന്ന് ആരെയും വടക്കൻ ഗാസയിൽ പ്രവേശിക്കാൻ ഇസ്രയേൽ സൈന്യം അനുവദിക്കാത്തതിനാൽ മേഖലയിൽ ക്ഷാമമാണ്.

അതിനിടെ, തിങ്കളാഴ്ച രാത്രി ഇസ്രയേൽ യുദ്ധവിമാനങ്ങൾ ലബനനിലെ ബെക്കാ വാലിയിലെ 2 ഹിസ്ബുല്ല താവളങ്ങൾ തകർത്തു. ഇതിനു തിരിച്ചടിയായി ഇന്നലെ രാവിലെ വടക്കൻ ഇസ്രയേലിലെ സൈനിക പോസ്റ്റുകൾക്കു നേരെ നൂറിലേറെ റോക്കറ്റുകൾ തൊടുത്തതായി ഹിസ്ബുല്ല അവകാശപ്പെട്ടു. തിങ്കളാഴ്ച ചെങ്കടലിൽ യെമനിലെ ഹൂതികൾ സിംഗപ്പൂർ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനുനേരെ മിസൈലാക്രമണം നടത്തിയെങ്കിലും കേടുപാടില്ല.

നെതന്യാഹുവിന്റെ കസേര ഇളകുന്നു: യുഎസ് റിപ്പോർട്ട്

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ കടുത്ത ജനരോഷമുണ്ടെന്നും അദ്ദേഹം എത്രനാൾ അധികാരത്തിൽ തുടരുമെന്ന് ഉറപ്പില്ലെന്നും യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. ഗാസ യുദ്ധത്തിനു മുൻപുള്ളതിനെക്കാൾ വലിയ അതൃപ്തിയാണു ജനങ്ങൾക്കിടയിലുള്ളത്. ബന്ദികളുടെ മോചനത്തിലൂടെ ഗാസയിൽ വെടിനിർത്തൽ സാധ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ, ഇസ്രയേലിലെത്തിയ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.

English Summary:

Ship to Gaza with food supplies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com