ADVERTISEMENT

മോസ്കോ ∙ റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്ലാഡിമിർ പുട്ടിൻ ‘ചരിത്രവിജയം’ നേടിയതിനെ ചൈനയും ഉത്തര കൊറിയയും ഒഴികെയുള്ള രാജ്യങ്ങളെല്ലാം വിമർശിച്ചു. 87.28% വോട്ട് നേടിയാണ് പുട്ടിൻ 6 വർഷം കൂടി പ്രസിഡന്റ് പദവിയിൽ തുടരാൻ അർഹത നേടിയത്. സോവിയറ്റ് കാലത്തിന് ശേഷം ഒരു സ്ഥാനാർഥിക്കു ലഭിക്കുന്ന ഏറ്റവും കൂടിയ വോട്ടുകളാണിത്. 2018 ൽ 75.5% വോട്ടുകളാണു പുട്ടിനു ലഭിച്ചത്. യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിൽ ഉൾപ്പെടെ വോട്ടെടുപ്പു നടത്തിയിരുന്നു. 

എതിർശബ്ദങ്ങളെല്ലാം അടക്കി പുട്ടിൻ നേടിയ ഏകപക്ഷീയ വിജയത്തെ പ്രഹസനമെന്ന് പാശ്ചാത്യരാജ്യങ്ങൾ വിശേഷിപ്പിച്ചു. രാഷ്ട്രീയ എതിരാളികളെയെല്ലാം ഒന്നൊന്നായി ഇല്ലാതാക്കി, മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കി പുട്ടിൻ നടത്തിയ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ ജനാധിപത്യപ്രക്രിയ എന്നു പറയാനാവില്ലെന്ന് ബ്രിട്ടിഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറൺ പറഞ്ഞു. നിലവിലെ ആഗോള രാഷ്ട്രീയ ചേരിതിരിവ് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് മറ്റ് രാഷ്ട്രങ്ങളിൽ നിന്നും ഉണ്ടായത്. റഷ്യൻ ജനതയിൽ ബഹുഭൂരിപക്ഷവും പുട്ടിനെ പിന്തുണയ്ക്കുന്നുവെന്ന് തിരഞ്ഞെടുപ്പുഫലം തെളിയിച്ചുവെന്ന് റഷ്യ പ്രതികരിച്ചു. ചൈനയും ഉത്തര കൊറിയയും വിജയത്തിൽ പുട്ടിന് ആശംസകളറിയിച്ചു. 

ഏറ്റവും കൂടുതൽ കൃത്രിമം നടന്ന തിരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്ന് റഷ്യയിലെ സ്വതന്ത്ര മനുഷ്യാവകാശ സംഘടന ഗോലോസ് ആരോപിച്ചു. റഷ്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങൾ മുഴുവൻ നിഷേധിച്ചു നടന്ന തിരഞ്ഞെടുപ്പിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞു. സ്വതന്ത്ര നിരീക്ഷകരെ പൂർണമായും നിരോധിച്ചിരുന്നു. ഭരണകൂടത്തിനെതിരെ പ്രതികരിച്ചവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരുന്നു. മൂന്നു ദിന വോട്ടിങ്ങിന്റെ അവസാന ദിവസമായ ഞായറാഴ്ച 74 പേർ അറസ്റ്റിലായിരുന്നു. 

English Summary:

Vladimir Putin's historic victory in Russia's presidential election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com