ADVERTISEMENT

ജറുസലം ∙ ഹമാസിന്റെ നേതൃനിരയിൽ രണ്ടാം സ്ഥാനക്കാരനായ മർവൻ ഈസ കഴിഞ്ഞയാഴ്ച ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ സ്ഥിരീകരിച്ചു. എന്നാൽ ഹമാസ് പ്രതികരിച്ചിട്ടില്ല.

മർവൻ ഈസ
മർവൻ ഈസ

ഹമാസിന്റെ സൈനിക വിഭാഗമായ ഇസിദീൻ അൽ-ഖസാം ബ്രിഗേഡിന്റെ ഡപ്യൂട്ടി കമാൻഡറായി കഴിഞ്ഞ ഒക്ടോബർ മുതൽ പ്രവർത്തിക്കുന്ന ഈസ, മധ്യ ഗാസയിലെ നസേറത്ത് അഭയാർഥി ക്യാംപിനു നേരെ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിനു നേതൃത്വം നൽകിയതിന് 1987ൽ ഇസ്രയേൽ ഈസയെ 5 വർഷം ജയിലിലടച്ചിരുന്നു. പിന്നീട് ഏതാനും വർഷം പലസ്തീൻ അതോറിറ്റിയും ഈസയെ തടവിലാക്കി

ഇതേസമയം, യുഎസ് സെനറ്റിലെ മുൻനിര ഡെമോക്രാറ്റ് നേതാവായ ചക്ക് ഷുമർ ഇസ്രയേലിനെതിരെ രംഗത്തുവന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രാജ്യത്തിന്റെ ആവശ്യങ്ങളേക്കാൾ തന്റെ രാഷ്ട്രീയ അതിജീവനത്തിനാണു മുൻഗണന നൽകുന്നതെന്ന് ആരോപിച്ച അദ്ദേഹം ഇസ്രയേലിൽ പുതിയ തിരഞ്ഞെടുപ്പിനും ആഹ്വാനം ചെയ്തു.

വെടിനിർത്തൽ ചർച്ച ഖത്തറിലെ ദോഹയിൽ നടക്കുന്ന സാഹചര്യത്തിൽ, അനുബന്ധ ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈ ആഴ്ച സൗദി അറേബ്യയിലും ഈജിപ്തിലും സന്ദർശനം നടത്തും. ദോഹ ചർച്ചയ്ക്കിടെ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ തലവൻ ഡേവിഡ് ബർനിയ മടങ്ങിയെങ്കിലും സമാധാനശ്രമം തുടരുകയാണെന്ന് ഖത്തർ അറിയിച്ചു.

ഇതിനിടെ റഫയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം കനത്ത നാശം സൃഷ്ടിച്ചതായി റിപ്പോർട്ടുണ്ട്. റഫ ഓപ്പറേഷനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രയേലി ഉദ്യോഗസ്ഥരെ അവിടേക്ക് അയയ്ക്കാൻ നെതന്യാഹു സമ്മതിച്ചതായി യുഎസ് അറിയിച്ചു. തലസ്ഥാനമായ ദമാസ്കസിനു സമീപമുള്ള ഒട്ടേറെ സൈനിക പോസ്റ്റുകളിൽ ഇന്നലെ പുലർച്ചെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി സിറിയ വെളിപ്പെടുത്തി. ഏതാനും മിസൈലുകൾ വീഴ്ത്തിയതായും അവകാശപ്പെട്ടു.

കൊല്ലപ്പെട്ടവർ 31,819

∙ കഴിഞ്ഞ ഒക്ടോബർ 7നു ശേഷം ആക്രമണത്തിൽ കൊല്ലപ്പെട്ടത് 31,819 പലസ്തീൻകാർ; പരുക്കേറ്റത് 73,934 പേർക്ക്.

∙ കഴിഞ്ഞ 24 മണിക്കൂറിനിടെ 93 പലസ്തീൻകാർ കൊല്ലപ്പെടുകയും 142 പേർക്കു പരുക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

English Summary:

US confirms death of Hamas military commander Marwan Issa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com