ADVERTISEMENT

ജറുസലം ∙ ഇസ്രയേലിന്റെ സഖ്യകക്ഷിയായ യുഎസ് വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതോടെ, ഗാസയിൽ അടിയന്തര വെടിനിർത്തലിനും ജീവകാരുണ്യ സഹായമെത്തിക്കാനും ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടന (യുഎൻ) രക്ഷാസമിതി പാസാക്കി. ഇതാദ്യമാണു രക്ഷാസമിതി ഗാസയിൽ യുദ്ധം നിർത്താൻ ആവശ്യപ്പെടുന്നത്. 15 അംഗ രക്ഷാസമിതിയിൽ 14 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. 

രക്ഷാസമിതിയിൽ നേരത്തേ വന്ന 3 പ്രമേയങ്ങളും യുഎസ് വീറ്റോ ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് പിന്തുണച്ച വെടിനിർത്തൽ പ്രമേയം റഷ്യയും ചൈനയും തടഞ്ഞതോടെയാണ് ഇന്നലെ പുതിയ പ്രമേയം കൊണ്ടുവന്നത്. വ്രത മാസമായ റമസാനിൽ അടിയന്തര വെടിനിർത്തലിനും ജീവകാരുണ്യ സഹായമെത്തിക്കാനും ആവശ്യപ്പെടുന്നതാണു പ്രമേയം. എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന ആവശ്യം യുഎസ് മുന്നോട്ടുവച്ചെങ്കിലും പ്രമേയത്തിൽ അത് വെടിനിർത്തലിനുള്ള വ്യവസ്ഥയായി ഉൾപ്പെടുത്തിയില്ല. വീറ്റോ ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസ് സന്ദർശനം റദ്ദാക്കി.

അതിനിടെ, ഗാസയിൽ ഇന്നലെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 52 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.  ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32,333 ആയി. 74,694 പേർക്കു പരുക്കേറ്റു.

അതേസമയം, പലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രസംഘടനയുടെ റിലീഫ് ഏജൻസി (യുഎൻആർഡബ്ല്യുഎ) യുമായി സഹകരിക്കില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. വറുതിയിലായ വടക്കൻ ഗാസയിൽ യുഎൻആർഡബ്ല്യൂഎയുടെ ഭക്ഷണവണ്ടികൾ പ്രവേശിപ്പിക്കില്ലെന്ന് അവർ യുഎന്നിനെ അറിയിച്ചു.

അൽ ഷിഫ ആശുപത്രിയിലെ സൈനിക അതിക്രമത്തിനു പിന്നാലെ തെക്കൻ ഗാസയിലെ അൽ അമൽ, നാസർ ആശുപത്രികളും ഇസ്രയേൽ ടാങ്കുകൾ വളഞ്ഞു. അൽ ഷിഫ ആശുപത്രിയിൽ ഇസ്രയേൽ ബുൾഡോസറുകൾ ആംബുലൻസുകൾക്കുമീതേ ഓടിച്ചുകയറ്റിയതായി ആശുപത്രിയിൽനിന്നു പലായനം ചെയ്തവർ പറഞ്ഞു. 4 മൃതദേഹങ്ങൾക്കുമീതേയും ബുൾഡോസറുകൾ കയറിയിറങ്ങി.

English Summary:

United Nations security council demands immediate ceasefire in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com