ADVERTISEMENT

ഇസ്‌ലാമാബാദ് ∙ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ പ്രശ്നമേഖലയായ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിൽ സ്ഫോടകവസ്തു നിറച്ച വാൻ ബസിലിടിപ്പിച്ച് ഭീകരർ 6 ചൈനക്കാരെ കൊലപ്പെടുത്തി. ദാസു ജലവൈദ്യുതപദ്ധതിക്കുവേണ്ടി പ്രവർത്തിക്കുന്ന എൻജിനീയർമാരാണു മരിച്ചത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മറ്റൊരു സംഭവത്തിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ നാവികസേനാ താവളത്തിൽ ആക്രമണം നടത്തിയ 4 ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികനും മരിച്ചു.

ഇസ്‌ലാമാബാദിൽനിന്ന് കൊഹിസ്ഥാനിലേക്കു പോയ ബസിനു നേരെ ഷാംഗ്ല ജില്ലയിലെ ബിഷാമിൽ വച്ചാണ് ചാവേർ ആക്രമണമുണ്ടായത്. 2012 ൽ ഷാംഗ്ലയിൽ ഭീകരരുടെ ആക്രമണത്തിൽ 13 ചൈനക്കാർ കൊല്ലപ്പെട്ടിരന്നു. ചൈന– പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി നടക്കുന്ന വിവിധ പദ്ധതികൾക്കായി ഒട്ടേറെ ചൈനക്കാർ പാക്കിസ്ഥാനിൽ ജോലി ചെയ്യുന്നുണ്ട്.

ബലൂചിസ്ഥാനിലെ ടർബത്തിൽ രാജ്യത്തെ ഏറ്റവും വലിയ നാവികസേനാതാവളത്തിൽ ആക്രമണമുണ്ടായത് തിങ്കളാഴ്ച രാത്രിയാണ്. താവളത്തിന്റെ 3 വശങ്ങളിലൂടെയുമെത്തിയ ഭീകരരുമായുള്ള ഏറ്റുമുട്ടൽ രാത്രി മുഴുവൻ നീണ്ടു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി മജീദ് വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

ഈ വർഷം ബലൂചിസ്ഥാനിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഈ വർഷമാദ്യം മാച്ച് ജയിൽ ഭേദിക്കാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. അന്ന് ഏറ്റുമുട്ടലിൽ 10 പേർ കൊല്ലപ്പെട്ടു. ഏതാനും ദിവസം മുൻപ് ഗ്വാദർ തുറമുഖത്തു സുരക്ഷാസേന 8 ഭീകരരെ വെടിവച്ചുകൊന്നു.

English Summary:

Terrorist attack in Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com