ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് സംസ്ഥാനമായ മേരിലാൻഡിലെ തുറമുഖമായ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ചു നാലുവരിപ്പാലം തകർന്നു. അർധരാത്രിക്കുശേഷമുണ്ടായ അപകടത്തിൽ 2.57 കിലോമീറ്റർ നീളമുള്ള ഫ്രാൻസിസ് സ്കോട് കീ ബ്രിജാണു തകർന്നത്. ഈ സമയം പാലത്തിലുണ്ടായിരുന്ന ഒട്ടേറെ വാഹനങ്ങൾ പുഴയിൽ വീണു.

 എത്രപേർ അപകടത്തിൽപെട്ടുവെന്നു വ്യക്തതയില്ലെങ്കിലും 6 പേരെ കാണാതായെന്ന് അധികൃതർ സ്ഥിരീകരിച്ചു. പുഴയിൽനിന്നു 2 പേരെ രക്ഷിച്ചു. തുറമുഖം വിട്ട് അരമണിക്കൂറിനകമാണു കപ്പൽ നിയന്ത്രണം വിട്ട് പാലത്തിൽ ഇടിച്ചത്. ഇരുട്ടിൽ പാലം തകർന്നുവീഴുന്ന വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പാലത്തിലുള്ള ഒട്ടേറെ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് വെളിച്ചം വിഡിയോയിൽ കാണാം. 

ഇടിയുടെ ആഘാതത്തിൽ കപ്പലിനു തീപിടിച്ചു. കാണാതായവർ പാലത്തിൽ അറ്റകുറ്റപ്പണിയെടുത്തിരുന്ന തൊഴിലാളികളാണെന്ന് അധികൃതർ അറിയിച്ചു. യുഎസിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നാണു ബാൾട്ടിമോർ. കാറുകളാണു പ്രധാന കയറ്റുമതി.

രക്ഷാപ്രവർത്തകർക്കു പുറമേ എഫ്ബിഐ അടക്കം അന്വേഷണ ഏജൻസികളും സ്ഥലത്തെത്തി. ചരക്കുകപ്പൽ ‘ഡാലി’ ബാൾട്ടിമോർ തുറമുഖത്തുനിന്നു കൊളംബോയിലേക്കുള്ള യാത്രയിലായിരുന്നു. അപകടത്തിനു പിന്നാലെ ബാൾട്ടിമോർ തുറമുഖം താൽക്കാലികമായി അടച്ചു. തുറമുഖത്തേക്കു കപ്പലുകളുടെ പ്രവേശനം തടഞ്ഞു. തുറമുഖത്തു നിലവിൽ 7 ഏഴു കപ്പലുകളാണുള്ളത്. 

ബാൾട്ടിമോറിൽ കപ്പലിടിച്ച് പാലം തകർന്നപ്പോൾ
ബാൾട്ടിമോറിൽ കപ്പലിടിച്ച് പാലം തകർന്നപ്പോൾ

കപ്പലിൽനിന്നുള്ള അപായ സന്ദേശം തുണച്ചു

തകരും മുൻപേ പാലം അടച്ച് ഗതാഗതം തടഞ്ഞു 

ബാൾട്ടിമോർ ∙ തകർന്നുവീഴുന്നതിനു തൊട്ടുമുൻപ് പാലത്തിലേക്കുള്ള ഗതാഗതം തടയാൻ കഴിഞ്ഞതു ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായും പട്ടാപ്സ്കോ നദിയിലൂടെ പാലത്തിനടുത്തേക്കു ഒഴുകിനീങ്ങുന്നതായും കപ്പലിൽനിന്നുള്ള അപായ സന്ദേശം മൂ ഹാർബർ കൺട്രോൾ റൂമിൽ ലഭിച്ചതിനു പിന്നാലെ പൊലീസും കോസ്റ്റ് ഗാർഡും രംഗത്തിറങ്ങുകയായിരുന്നു. 

പാലത്തിന്റെ ഇരുവശത്തും ഗതാഗതം തടയുകയും പാലത്തിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. അർധരാത്രി കഴിഞ്ഞതിനാൽ ഗതാഗതത്തിരക്ക് ഉണ്ടായിരുന്നില്ല. പാലത്തിൽ കുഴികൾ അടയ്ക്കുന്ന ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട 6 പേർ. മുങ്ങൽവിദഗ്ധർ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ പുഴയിൽ തിരച്ചിൽ നടത്തി 2 പേരെ രക്ഷിച്ചു. 

യുഎസിലെ 17–ാമത്തെ വലിയ വാണിജ്യതുറമുഖമാണ്. യുഎസിലെ ദേശീയ പാതകളിലൊന്നിലുള്ള പാലം തകർന്നതു ഗതാഗതത്തെ പ്രതികൂലമായി ബാധിക്കും. പാലം ഉടൻ പുനർനിർമിക്കുമെന്ന് മേരിലാൻഡ് ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ്  പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് സ്ഥലം സന്ദർശിക്കും.

ബാൾട്ടിമോറിൽ കപ്പലിടിച്ച് പാലം തകരുന്നതിന്റെ വിവിധ ദൃശ്യങ്ങൾ
ബാൾട്ടിമോറിൽ കപ്പലിടിച്ച് പാലം തകരുന്നതിന്റെ വിവിധ ദൃശ്യങ്ങൾ

കപ്പൽ മാനേജിങ് കമ്പനി മലയാളിയുടേത്

∙സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ ‘ഡാലി’യിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇവരെല്ലാം സുരക്ഷിതരാണെന്നു കമ്പനി അറിയിച്ചു. ലോക പ്രശസ്ത സ്പാനിഷ് ചിത്രകാരൻ സാൽവദോർ ഡാലിയുടെ പേരാണു കപ്പലിന്. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് ആണു കപ്പലിന്റെ മാനേജിങ് കമ്പനി. 

∙ലോകത്തു വിവിധ രാജ്യങ്ങളിൽ 1960 നും 2015നും ഇടയിൽ കപ്പൽ പാലത്തിൽ ഇടിച്ചുണ്ടായതു 35 പ്രധാന അപകടങ്ങൾ; ആകെ 342 പേർ കൊല്ലപ്പെട്ടു.  വേൾഡ് അസോസിയേഷൻ ഫോർ വാട്ടർബോൺ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ 2018 ൽ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരം. 

Baltimore-Bridge-Collapse-5

ഫ്രാൻസിസ് സ്കോട് കീ ബ്രിജ്   

എവിടെ?

യുഎസ് സംസ്ഥാനമായ മേരിലാൻഡിലെ തുറമുഖ നഗരമായ ബാൾട്ടിമോറിൽ സ്ഥിതി ചെയ്യുന്നു.

എങ്ങനെ?

പട്ടാപ്സികോ നദിക്കു കുറുകെ പൂർണമായും ഉരുക്കു കൊണ്ടു നിർമിച്ച പ്രമുഖ പാലങ്ങളിലൊന്ന്. 

പേരിനു പിന്നിൽ

യുഎസ് ദേശീയ ഗാനമെഴുതിയ മേരിലാൻഡ് സ്വദേശി ഫ്രാൻസിസ് സ്കോട് കീയുടെ പേരിലുള്ളതാണു പാലം.

2007നുശേഷം വലിയ അപകടം

2007 ൽ മിനിയപ്പലിസിൽ മിസിസിപ്പി നദിയിലെ പാലം തകർന്ന് 11 പേർ മരിച്ചതിനുശേഷം യുഎസിലുണ്ടാകുന്ന ഏറ്റവും വലിയ പാലം അപകടമാണിത്.

English Summary:

USA's Baltimore Bridge collapses after being struck by large container ship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com