ഗാസയിൽ വീണ്ടും കൂട്ടക്കൊല: അൽ അഖ്സ ആശുപത്രിയിൽ ബോംബിട്ട് ഇസ്രയേൽ, യുദ്ധം നിർത്തണമെന്ന് മാർപാപ്പ
Mail This Article
ഗാസ ∙ മധ്യ ഗാസയിൽ, അഭയാർഥി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അൽ അഖ്സ ആശുപത്രി പരിസരം ഇസ്രയേൽ ബോംബിട്ടു തകർത്തു. ഇവിടെ താൽക്കാലിക ടെന്റിൽ കഴിഞ്ഞിരുന്ന 2 മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. പലസ്തീൻ സായുധ സംഘങ്ങളുടെ കമാൻഡ് കേന്ദ്രമാണു ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേൽ സേനയുടെ വാദം. യുദ്ധം രൂക്ഷമായ മേഖലകളിൽനിന്നു പലായനം ചെയ്തെത്തിയവരും മാധ്യമപ്രവർത്തകരും കഴിഞ്ഞിരുന്ന ടെന്റുകളാണ് ആക്രമണത്തിൽ തകർന്നതെന്ന് ഗാസയിലെ മീഡിയ ഓഫിസ് പറഞ്ഞു. രണ്ടു തവണ വ്യോമാക്രമണം ഉണ്ടായി. എത്ര പേർ മരിച്ചെന്നു പറയാനാകാത്തവിധം ചിതറിയ നിലയിലാണു മൃതദേഹങ്ങളെന്നു ദൃക്സാക്ഷികളും ആരോഗ്യപ്രവർത്തകരും പറഞ്ഞു. അഭയാർഥികളും മാധ്യമപ്രവർത്തകരും 6 മാസത്തിലേറെയായി അൽ അഖ്സ വളപ്പിലെ താൽകാലിക ടെന്റുകളിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ 77 പേർ കൊല്ലപ്പെട്ടു. 108 പേർക്കു പരുക്കേറ്റു. യുദ്ധത്തിലെ ആകെ മരണം 32,782. ഇതിനിടെ, ഈ മാസങ്ങളിലെല്ലാം ഇസ്രയേലുമായി പങ്കിട്ട ഇന്റലിജൻസ് വിവരങ്ങൾ ഗാസയിലെ വ്യോമാക്രമണങ്ങൾക്കും കൂട്ടക്കൊലകൾക്കും സഹായിച്ചിട്ടുണ്ടാകാമെന്ന ആശങ്ക യുഎസിനുണ്ടെന്ന് വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. സമാധാനചർച്ചകൾ കയ്റോയിൽ പുനരാരംഭിക്കുകയാണെന്ന് ഈജിപ്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസ് പങ്കെടുക്കില്ലെന്നാണ് വിവരം. ലെബനനിൽനിന്നുള്ള രണ്ടു റോക്കറ്റുകൾ തകർത്തെന്ന് ഇസ്രയേൽ സേന അറിയിച്ചു. ഇസ്രയേൽ കുടിയേറ്റം സ്ഥാപിച്ച ഷേബാ ഫാംസ് മേഖലയിലേക്കാണു ഹിസ്ബുല്ലയുടെ റോക്കറ്റുകളെത്തിയത്.
ഗാസ യുദ്ധം നിർത്തണമെന്ന് മാർപാപ്പ വീണ്ടും
വത്തിക്കാൻ സിറ്റി ∙ ഗാസയിൽ അടിയന്തരമായി വെടിനിർത്തണമെന്നും ബന്ദികളാക്കിയവരെ ഹമാസ് ഉടൻ വിട്ടയക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർദിന പ്രസംഗത്തിൽ വീണ്ടും ആവശ്യപ്പെട്ടു. ഗാസയിലെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കരുതെന്നും മാർപാപ്പ അഭ്യർഥിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത ഈസ്റ്റർ കുർബാനയിൽ കാർമികത്വം വഹിച്ചശേഷം, സവിശേഷമായ ‘ഉർബി എത് ഓർബി’ (നഗരത്തോടും ലോകത്തോടും) അഭിസംബോധനയിലാണു ഗാസയുദ്ധം പരാമർശിച്ചത്. ശനിയാഴ്ച രാത്രി നടന്ന പാതിരാ കുർബാനയിലും മണിക്കൂറുകൾക്കുശേഷം നടന്ന ഈസ്റ്റർ കുർബാനയിലും ആരോഗ്യവാനായാണു മാർപാപ്പ പങ്കെടുത്തത്. കുർബാനയ്ക്കുശേഷം വിശ്വാസികൾക്ക് അഭിവാദ്യമേകി തുറന്ന വാഹനത്തിൽ ചത്വരത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു.