ഊർജനിലയങ്ങൾ തകർത്ത് റഷ്യ, ഒഡേസയിൽ വൈദ്യുതി നിലച്ചു; രാത്രിയിൽ ഡ്രോണാക്രമണം
Mail This Article
കീവ് ∙ പടിഞ്ഞാറൻ യുക്രെയ്നിലെ ലിവ്യുവിൽ ഊർജനിലയങ്ങളും അടിസ്ഥാനസൗകര്യ കേന്ദ്രങ്ങളും തകർത്ത് റഷ്യയുടെ ക്രൂസ് മിസൈൽ ആക്രമണം. ഒരാൾ കൊല്ലപ്പെട്ടു. വടക്കു കിഴക്കൻ യുക്രെയ്നിലെ ആക്രമണത്തിലും ഒരാൾ മരിച്ചു. രാത്രിയിലുടനീളം റഷ്യ ഡ്രോണാക്രമണം രൂക്ഷമാക്കിയെന്ന് യുക്രെയ്ൻ സേന അറിയിച്ചു. 11 ഡ്രോണുകളിൽ 9 എണ്ണവും 14 ക്രൂസ് മിസൈലുകളിൽ 9 എണ്ണവും തകർക്കാനായെന്നും പറഞ്ഞു.
യുക്രെയ്നിലെ ഏറ്റവും വലിയ സ്വകാര്യ ഊർജ കമ്പനിയായ ഡിടിഇകെയുടെ 6 പ്ലാന്റുകളിൽ അഞ്ചും രണ്ടാഴ്ചയ്ക്കിടെയുണ്ടായ ആക്രമണങ്ങളോടെ തകരാറിലായി. കമ്പനിയുടെ ഊർജോൽപാദനത്തിന്റെ 80% ആണു നിലച്ചത്. പ്രവർത്തനം പുനരാരംഭിക്കാൻ ഒന്നര വർഷമെങ്കിലും വേണ്ടിവരും. സേന വെടിവച്ചിട്ട റഷ്യൻ ഡ്രോണിന്റെ അവശിഷ്ടം പതിച്ച് ഊർജനിലയത്തിലുണ്ടായ തീപിടിത്തം മൂലം ഒഡേസ മേഖലയിൽ വൈദ്യുതി നിലച്ചു.
യുക്രെയ്ന് പുതിയ ആയുധ സഹായം പ്രഖ്യാപിച്ച ഫ്രാൻസ് അടുത്ത വർഷം ആദ്യം നൂറുകണക്കിനു കവചിത വാഹനങ്ങളും മിസൈലുകളും നൽകുമെന്നും അറിയിച്ചു. റഷ്യയിൽ, അതിർത്തി മേഖലയായ ബെൽഗൊറോദിൽ യുക്രെയ്നിന്റെ റോക്കറ്റാക്രമണമുണ്ടായി. സേനയിലേക്ക് ആളെയെടുക്കാനുള്ള പുതിയ ഉത്തരവിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഒപ്പിട്ടു.