ഭാര്യ ബുഷ്റയ്ക്ക് ജയിലിൽ വിഷബാധയേറ്റെന്ന് ഇമ്രാൻ
Mail This Article
ഇസ്‍ലാമാബാദ് ∙ ഭാര്യ ബുഷ്റ തടവിലായിരുന്നപ്പോൾ ശുചീകരണലായനി ഭക്ഷണത്തിൽ കലർത്തി ശത്രുക്കൾ അപായപ്പെടുത്താൻ ശ്രമിച്ചെന്നു പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോപണം. വിഷാംശം മൂലം ത്വക്കിലും നാവിലും പാടുകൾ തെളിഞ്ഞ ബുഷ്റയ്ക്ക് എന്തെങ്കിലും പറ്റിയാൽ പാക്ക് സേനാമേധാവി ജനറൽ അസിം മുനീറിനായിരിക്കും ഉത്തരവാദിത്തമെന്നും ജഡ്ജി നസീർ ജാവേദിനെ അദ്ദേഹം അറിയിച്ചു. ഭാര്യയ്ക്കു പുതിയ ആരോഗ്യപരിശോധന നടത്തണമെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അഴിമതിക്കേസിൽ ഇമ്രാന് അഡിയാല ജയിലിലും ബുഷ്റയ്ക്ക് ഇസ്‌ലാമാബാദിലെ വീട്ടിൽ ജയിലൊരുക്കിയുമാണ് കഴിഞ്ഞ ജനുവരിയിൽ ശിക്ഷ നടപ്പാക്കിയത്. ആദ്യം തേനിൽ അജ്ഞാത വസ്തു കലർത്തിയും അതിനുശേഷം, ടോയ്‌ലറ്റ് ക്ലീനറിന്റെ ഏതാനും തുള്ളികൾ ഭക്ഷണത്തിൽ ചേർത്തും തന്നെ അപായപ്പെടുത്താൻ ശ്രമം നടന്നെന്ന് ബുഷ്റ മാധ്യമങ്ങളെ അറിയിച്ചു. വിഷപ്രയോഗം പതിവായപ്പോൾ കണ്ണുകൾ വീർത്തു, നെഞ്ചിലും വയറ്റിലും കടുത്തവേദനയായി. വെള്ളത്തിനും ആഹാരത്തിനും കയ്പു തോന്നി. താൻ ‘അമേരിക്കൻ ഏജന്റാ’ണെന്ന കള്ളക്കഥകൾ പാർട്ടിയിൽ ചർച്ചയായിരുന്നെന്നും അതിനിടെയാണു വിഷബാധയേറ്റതെന്നും ബുഷ്റ പറഞ്ഞു.