വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഹമാസ് നേതാവിന്റെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടു

Mail This Article
ഗാസ ∙ ആഘോഷമില്ലാത്ത ഈദുൽ ഫിത്‌ർ ദിനത്തിൽ ഗാസയിലെമ്പാടും മുഴങ്ങിയത് ഇസ്രയേൽ വ്യോമാക്രമണങ്ങൾ. ഗാസ സിറ്റിയിലെ ഷാതി അഭയാർഥി ക്യാംപിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ 3 മക്കളും 3 കൊച്ചുമക്കളും കൊല്ലപ്പെട്ടു. 7 വർഷമായി ഹമാസ് തലവനായ ഹനിയ ഇപ്പോൾ ഖത്തറിലാണുള്ളത്. മക്കളായ ഹസെം, അമീർ, മുഹമ്മദ് എന്നിവർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ ജസീറ ചാനൽ അഭിമുഖത്തിൽ ഹനിയ സ്ഥിരീകരിച്ചു.
രക്തസാക്ഷികളുടെ ത്യാഗത്തിൽനിന്നും പരുക്കേറ്റവരുടെ വേദനയിൽനിന്നും നാടിന്റെ സ്വാതന്ത്ര്യത്തിനായുള്ള പ്രതീക്ഷ കെട്ടിപ്പടുക്കുമെന്ന് ഇസ്മായിൽ ഹനിയ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ 122 പേരാണു ഗാസയിൽ കൊല്ലപ്പെട്ടത്. 56 പേർക്കു പരുക്കേറ്റു.
ഇതിനിടെ, ഇറാനിൽനിന്ന് ആക്രമണമുണ്ടായാൽ നേരിട്ടു തിരിച്ചടിക്കുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത് മേഖലായുദ്ധ ഭീഷണിക്ക് ആക്കം കൂട്ടി. സിറിയയിലെ ഡമാസ്കസിലുള്ള ഇറാനിയൻ കോൺസുലേറ്റ് ആക്രമിച്ചതിനു പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി ഈദ് പ്രഭാഷണത്തിൽ പറഞ്ഞിരുന്നു.
ഗാസയുടെ കാര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അബദ്ധങ്ങൾ ചെയ്തുകൂട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു. വടക്കൻ ഗാസയിലേക്ക് ഒന്നരലക്ഷം പേർക്കു മടങ്ങിയെത്താമെന്നാണു തങ്ങൾ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശങ്ങളിലൊന്നെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബന്ദികളിൽ ഇനി ശേഷിക്കുന്നവരുടെ പട്ടിക ഹമാസ് കൈമാറണമെന്ന ഉപാധിയിലാണിത്.
ഇസ്രയേൽ തടസ്സം നിൽക്കുന്നതുമൂലം ഗാസയിൽ ആവശ്യത്തിനു സഹായവിതരണം നടക്കുന്നില്ലെന്ന ആരോപണങ്ങൾക്കിടെ, ഐക്യരാഷ്ട്ര സംഘടനയെ കുറ്റപ്പെടുത്തി ഇസ്രയേൽ സൈനികവിഭാഗം രംഗത്തെത്തി. സ്വന്തം പ്രശ്നങ്ങൾ മറച്ചുവയ്ക്കാൻ ഭക്ഷണവിതരണ വാഹനങ്ങളുടെ എണ്ണം യുഎൻ മനഃപൂർവം കുറച്ചു കാണിക്കുകയാണെന്നാണ് ഇസ്രയേൽ ആരോപണം. തെക്കൻ ലെബനനിലെ നഖൂറ, യാരിൻ, അൽ് ആഷ് ഷാബ് എന്നീ നഗരങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണമുണ്ടായി.