ADVERTISEMENT

ന്യൂയോർക്ക്, ജറുസലം ∙ ഇസ്രയേൽ ഗാസയിൽ നടത്തുന്ന കൂട്ടക്കൊലയ്ക്കെതിരെ യുഎസ് സർവകലാശാലകളിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ, കൂടുതൽ വിദ്യാർഥികൾ അറസ്റ്റിലായി. ബ്രൂക്‌ലിനിലും പ്രതിഷേധറാലിയിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുഖ്യ സമരകേന്ദ്രമായ കൊളംബിയ സർവകലാശാലയുടെ സിറ്റി ക്യാംപസിൽ വിദ്യാർഥികൾ ഉയർത്തിയ സമരപ്പന്തലുകൾ വെള്ളിയാഴ്ചയ്ക്കകം പൊളിച്ചുനീക്കണമെന്ന് അധികൃതർ അന്ത്യശാസനം നൽകിയിട്ടുണ്ട്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ തിങ്കളാഴ്ച 120 വിദ്യാർഥികളാണ് അറസ്റ്റിലായത്. യെയ്‌ൽ, മിനസോഡ സർവകലാശാലകളിലും 46 വിദ്യാർഥികൾ അറസ്റ്റിലായി.

ഹാർവഡ്, മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളും സമരകലുഷിതമാണ്. ഇസ്രയേലിനു സഹായം നൽകുന്നതു യുഎസ് നിർത്തണമെന്നാവശ്യപ്പെട്ടു വിദ്യാർഥിസംഘടനകളുടെ കൂട്ടായ്മയാണ് സമരം നയിക്കുന്നത്.

യുഎസ് സെനറ്റിലെ ഇസ്രയേൽപക്ഷ നേതാവ് ചക് ഷൂമറുടെ ബ്രൂക്‌ലിനിലെ വസതിക്കു സമീപം 2,000 പ്രതിഷേധക്കാർ ചൊവ്വാഴ്ച ധർണയിരുന്നു. ഇതിനിടെ, ഇസ്രയേൽ, യുക്രെയ്ൻ, തയ്‌വാൻ എന്നീ രാജ്യങ്ങൾക്കു യുദ്ധകാല സഹായമായി 9,500 കോടി ഡോളർ (ഏകദേശം 7,58,500 കോടി രൂപ) യുഎസ് സെനറ്റ് പാസാക്കി. 

കൊളംബിയ സർവകലാശാലയുടെ സിറ്റി ക്യാംപസിൽ നൂറിലേറെ വിദ്യാർഥികളെ കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു സമരം മറ്റു സർവകലാശാലകളിലേക്കും വ്യാപിച്ചത്.

അതേസമയം, വടക്കൻ ഗാസയിലേക്കു തിരിച്ചെത്തിയ ജനങ്ങളോട് ഒഴിയാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. കനത്ത ഷെല്ലാക്രമണവും ബോംബിങ്ങും തുടരുന്ന വടക്കൻ അതിർത്തിയിലെ ബെയ്ത് ലഹിയയിലെ ജനങ്ങൾ വീണ്ടും പലായനം തുടങ്ങിയിട്ടുണ്ട്.

∙ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 34,262 ആയി. പരുക്കേറ്റവർ 77,229.

English Summary:

Gaza War: Protests in US Campuses; US funds Israel again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com