ADVERTISEMENT

ഗാസ ∙ ഇസ്രയേൽ ആക്രമണം ശക്തമാക്കുന്നതിനിടെ ഗാസയിലെ റഫയിൽനിന്ന് രണ്ടാഴ്ചയ്ക്കിടെ പലായനം ചെയ്തത് 9 ലക്ഷം പേർ. അഭയം തേടി അലയുന്നവർ ഗാസയിലെ ജനസംഖ്യയുടെ 40% വരുമെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു. റഫയിലെ യിബ്ന അഭയാർഥി ക്യാംപിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 3 കുട്ടികൾ കൊല്ലപ്പെട്ടു. ഇതുൾപ്പെടെ 24 മണിക്കൂറിൽ 85 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. യുദ്ധം തുടങ്ങിയ കഴിഞ്ഞ ഒക്ടോബർ 7 മുതൽ ഇതുവരെ 35,647 പേർ കൊല്ലപ്പെട്ടു; 79,852 പേർക്കു പരുക്കേറ്റു. 

വടക്കൻ ഗാസയിലെ ജബാലിയയിൽ ഇസ്രയേൽ സൈന്യം ബുൾഡോസർ കൊണ്ട് വീടുകളും കടകളും ഇടിച്ചുനിരപ്പാക്കുകയാണ്. തെക്കുള്ള ഖാൻ യൂനിസിലും ആക്രമണത്തിന് അയവില്ല. വെസ്റ്റ് ബാങ്കില‍െ ജെനിനിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 7 പലസ്തീൻകാർ കൊല്ലപ്പെട്ടു. ജനിൻ സർക്കാർ ആശുപത്രിയിലെ സർജറി വിദഗ്ധനായ ഡോ. ഒസ്സയാദ് കമാൽ ജബറീനും കൊല്ലപ്പെട്ടവരിൽപെടുന്നു. 

ഇതിനിടെ, ലെബനനിലെ തയിർ മേഖലയിൽ ഹിസ്ബുല്ല കമാൻഡർ ഖാസിം സഖ്‌ലാവിയെ വധിച്ചതായി ഇസ്രയേൽ സേന പറഞ്ഞു. ഇസ്രയേൽ സൈനികരിൽ 2 പേ‍ർക്കു കൂടി ഗുരുതര പരുക്കേറ്റു. തെക്കൻ യെമനിലെ അൽ ബയ്ദ പ്രവിശ്യയിൽ യുഎസ് ഡ്രോൺ തകർത്തതായി യെമനിലെ ഹൂതികൾ അറിയിച്ചു. 

ഇതേസമയം, യുഎസ് പ്രസിഡന്റ തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശനയ ഉപദേഷ്ടാക്കൾ ഇസ്രയേലിലെത്തി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന റോബർട്ട് ഒബ്രയൻ ഉൾപ്പെടെ 3 പേരാണ് ഇസ്രയേലിലെത്തിയത്. നവംബറിലെ തിരഞ്ഞെടുപ്പു ജയിച്ച ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയാൽ സുപ്രധാന പദവി ലഭിച്ചേക്കാവുന്ന ഉദ്യോഗസ്ഥനാണ് ഒബ്രയൻ. 

ഗാസയിൽ വംശഹത്യ നടക്കുന്നെന്ന വാദം ശരിയല്ലെന്ന് വൈറ്റ്ഹൗസിൽ നടന്ന ജൂത–അമേരിക്കൻ ചടങ്ങിൽ പ്രസിഡന്റ് ജോ ബൈഡൻ‍‍ പറഞ്ഞു. ഇസ്രയേലിനുള്ള പിന്തുണയുടെ പേരിൽ ബൈഡൻ വലിയ വിമർശനം നേരിടുന്നതിനിടെയാണിത്.

അറസ്റ്റ് വാറന്റിനെ പിന്തുണച്ച് ഫ്രാൻസും ബൽജിയവും

ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു, പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് എന്നിവർക്കും ഹമാസ് നേതാക്കൾക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന രാജ്യാന്തര ക്രിമിനൽ കോടതിയിലെ മുഖ്യ പ്രോസിക്യൂട്ടറുടെ നിർദേശത്തെ ഫ്രാൻസും ബൽജിയവും പിന്തുണച്ചു. യുഎസും പ്രധാന യൂറോപ്യൻ രാജ്യങ്ങളും നിർദേശത്തെ എതിർക്കുന്നു. 

ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി അവസാനിപ്പിക്കാൻ ഓസ്ട്രേലിയൻ സർക്കാരിനു മേൽ സമ്മർദമേറി. ഇസ്രയേൽ സേനയിലുള്ള ഓസ്ട്രേലിയക്കാരെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് ഓസ്ട്രേലിയൻ സെന്റർ ഫോർ ഇന്റർനാഷനൽ ജസ്റ്റിസ് ആവശ്യപ്പെട്ടു.

English Summary:

Nine lakh people fled from Gaza's Rafah in the last two weeks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com