കണ്ണാടിയിൽ നോക്കുമ്പോൾ ഞാൻ ഇപ്പോൾ കാണുന്നത് എന്നെയല്ല. മറ്റൊരു സ്ത്രീരൂപം. ആരാണിത് ? തലമുടി അവിടവിടെ നരച്ചിരിക്കുന്നു. കണ്ണിനു താഴെ കറുപ്പ് നിറം പടർന്നിരിക്കുന്നു. പുരികം കൊഴിഞ്ഞ് നന്നേ വിളറിയിരിക്കുന്നു. ചുണ്ടുകൾ വരണ്ടുണങ്ങി. കണ്ണുകളിൽ ദുഃഖഭാവം. ഞാൻ തിരിഞ്ഞു നടന്നപ്പോൾ ആരോ പറഞ്ഞതുപോലെ തോന്നി. ‘ഒന്നു കൂടി നോക്ക്. അത് നീ തന്നെയാണ്.’
ഞാൻ വീണ്ടും കണ്ണാടിയുടെ മുൻപിൽ ചെന്ന് നിന്നു. അതെ, ഇത് ഞാൻ തന്നെ. കറുത്തു ചുരുണ്ട മുടിയും വെളുത്ത നിറവും വലിയകണ്ണുകളുമുള്ള ആ പഴയ ദേവി തന്നെ. തിരിച്ചറിയാൻ വയ്യാത്ത വിധം മാറിപ്പോയിരിക്കുന്നു. കാലം വരുത്തുന്ന മാറ്റങ്ങൾ ആർക്കും തടയാനാവില്ലല്ലോ. കണ്ണാടിയിൽ കണ്ട എന്റെയാ രൂപത്തോട് എനിക്കപ്പോൾ വല്ലാത്ത സ്നേഹം തോന്നി.
അല്ലെങ്കിൽത്തന്നെ നമ്മൾ ഓരോരുത്തരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് അവനവനെത്തന്നെയല്ലേ?
അല്ല അല്ല അല്ല എന്ന് പറയാൻ ഒരുപാടു പേരുണ്ടാവും.
പ്രണയിച്ചു നടക്കുന്ന കാലത്ത് കാമുകി കരുതും. ‘എന്നേക്കാൾ ഏറെ ഞാനവനെ സ്നേഹിക്കുന്നു.’ കാമുകൻ പറഞ്ഞേക്കാം. ‘നീ എന്റെ ജീവനാണ്.’ ഇത് ഒരു മതിഭ്രമം മാത്രമാണെന്നല്ലേ അറിവുള്ളവർ പറയുന്നത് ! അത് ശരിയാണു താനും. ഈ ഭ്രമം അവസാനിക്കാൻ അധികം സമയമൊന്നും വേണ്ട.
നിസ്വാർഥമായ ഒരൊറ്റ സ്നേഹമേ ലോകത്തുള്ളൂ. അമ്മയ്ക്കു മക്കളോടുള്ള വാത്സല്യസ്നേഹം. (സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയും കടലിൽ വലിച്ചെറിയുകയും നിഷ്കരുണം ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന അമ്മമാരും ലോകത്തുണ്ട് എന്നത് മറക്കുന്നില്ല.)
എന്റെ മക്കളെയാണ് ഞാൻ ഏറ്റവും സ്നേഹിക്കുന്നത്. അവർക്കു വേണ്ടി എന്റെ ജീവൻ കൊടുക്കാനും ഞാൻ തയാറാണ്. ഇത് മിക്ക അമ്മമാരുടെയും ഉറച്ച വിശ്വാസമാണ്.
നെടുവീർപ്പിട്ടുകൊണ്ട് ഒരിക്കൽ എന്റെ അമ്മ ഇതിനെക്കുറിച്ച് പറഞ്ഞു.
‘ശരിയാണ്. സ്വന്തം മക്കളെത്തന്നെയാണ് ഒരമ്മ തന്നേക്കാളുപരി സ്നേഹിക്കുന്നത്. ആ സ്നേഹം ത്യാഗമാണ്. എന്നാലും സ്വാർഥം തന്നെ. എന്റെ മക്കളെ ഞാൻ സ്നേഹിക്കുന്നത് അവർ എന്റേതായതു കൊണ്ടാണ്. അവിടെ എനിക്കു തന്നെയാണ് മുൻതൂക്കം. ഞാൻ, എന്റേത് !‘
എന്റെ അച്ഛൻ, എന്റെ അമ്മ, എന്റെ സഹോരങ്ങൾ, എന്റെ വീട്, എന്റെ കുടുംബം... അതെ, എന്റെ എന്റെ എന്റെ ! (മറ്റുള്ളവരുടെ ഒന്നിനെയും നമ്മൾ ഇഷ്ടപ്പെടുന്നില്ല എന്ന് ഇതിന് അർഥമില്ല. അന്യരെയും നമ്മൾ സ്നേഹിക്കാറുണ്ട്. പക്ഷേ എന്റേത് കഴിഞ്ഞിട്ടേയുള്ളൂ എന്ന് മാത്രം )
നമുക്ക് നമ്മളോട് വളരെയധികം സ്നേഹം തോന്നുന്ന അവസരങ്ങൾ ജീവിതത്തിലുണ്ടാവാറുണ്ട്. ദുഃഖങ്ങളും ദുരിതങ്ങളും ദുരന്തങ്ങളും സഹിക്കേണ്ടി വരുന്ന സമയങ്ങൾ. അപ്പോൾ നമ്മൾ പ്രാർഥിക്കാറില്ലേ ?
‘ഈശ്വരാ എന്നെ എന്തിനാണിങ്ങനെ കഷ്ടപ്പെടുത്തുന്നത് ? ഒരു വഴി കാട്ടിത്തരണേ’. അതെ, എന്നെ കഷ്ടപ്പെടുത്തുന്നതിലേ പരാതിയുള്ളൂ. (മറ്റുള്ളവരുടെ സങ്കടങ്ങളിൽ സഹാനുഭൂതി ഇല്ലെന്നല്ല, എങ്കിലും.)
പ്രാർഥനയും സ്വാർഥം തന്നെ. എന്നെ രക്ഷിക്കണേ, എന്റെ മക്കളെ കാത്തുകൊള്ളണേ, നന്മ വരുത്തണേ, ദീർഘായുസ്സും ആരോഗ്യവും നൽകണേ. (മറ്റു പ്രിയപ്പെട്ടവർക്കു വേണ്ടി പ്രാർഥിക്കാറുണ്ട്. എങ്കിലും ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് അപേക്ഷിക്കുന്നവർ ചുരുക്കമല്ലേ).
ഒരു കാൻസർ രോഗിയാണ് എന്നറിഞ്ഞ നിമിഷം എനിക്ക് എന്നോട് വലിയ സ്നേഹവും അലിവും തോന്നി. പാവം, പാവം ദേവി ! രോഗത്തിന്റെയും ചികിത്സയുടെയും യാതനാ നാളുകളിൽ ഞാൻ എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ഇക്കാലമെല്ലാം കടന്നു പോകും. രോഗം മാറും. പരിപൂർണ സുഖം പ്രാപിക്കും. ഇനിയും ഒരുപാടുകാലം ജീവിക്കണ്ടേ ?
എന്റെ മക്കൾ അന്ന് ചെറിയ കുട്ടികളാണ്. അവരെയോർത്ത് ഹൃദയം നുറുങ്ങുന്ന ആധി അനുഭവപ്പെട്ടു. രക്ഷപ്പെടണം. മക്കൾക്കുവേണ്ടി ഞാൻ ജീവിച്ചിരിക്കേണ്ടത് അത്യാവശ്യമല്ലേ? മരുന്നുകൾ കഴിച്ചും കഴിയുന്നിടത്തോളം ആഹാരം കഴിച്ചും ചികിത്സ കൃത്യമായി ചെയ്തും ഞാൻ എന്നെ ശുശ്രൂഷിച്ച് രക്ഷിച്ചെടുത്തു. വീണ്ടും ജോലിയിൽ പ്രവേശിച്ച് പഴയതുപോലെ ജീവിതം തുടർന്നപ്പോൾ എന്റെ അമ്മയ്ക്ക് ഞാനെഴുതി.

‘അമ്മേ, ഞാൻ എന്നെ ഒരുപാടു സ്നേഹിക്കുന്നു. നല്ല വസ്ത്രങ്ങൾ വാങ്ങി ധരിക്കുന്നു. ഇഷ്ടമുള്ള ഭക്ഷണങ്ങൾ എല്ലാം ഉണ്ടാക്കി കഴിക്കുന്നു. സിനിമകൾ കാണുന്നു. മക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്നു. എന്നെ സന്തോഷിപ്പിക്കാൻ വേണ്ടതെല്ലാം ഞാൻ ചെയ്യുന്നു. ഇതൊക്കെ ഇനി എത്രനാൾ എന്നറിയില്ലല്ലോ.’
‘ഇഷ്ടമുള്ളതെല്ലാം ചെയ്തോളൂ. പക്ഷേ ഇനിയെത്രനാൾ എന്ന അശുഭ ചിന്ത വേണ്ട.. സന്തോഷവും സമാധാനവും സ്നേഹവും ആരോഗ്യത്തിനും ആയുസ്സിനും അത്യാവശ്യമാണ്.’ എന്നായിരുന്നു അമ്മയുടെ മറുപടി.
ആ വാക്കുകൾ ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു, ഇന്നും.
വയസ്സേറെയായി. തീവ്രമായ ദുരനുഭവനങ്ങൾ ഏറെ സഹിക്കേണ്ടി വന്നു. എന്നിട്ടും ഇപ്പോഴും ഞാൻ എന്നെ ശ്രദ്ധയോടെ പരിചരിക്കുന്നു. രണ്ടു തവണ കാൻസർ വന്ന സർവൈവർ അല്ലേ? അതോർത്തു വിഷമിക്കാറില്ലെങ്കിലും അത് മറന്നിട്ടില്ല. ഡോക്ടർ പറയും പോലെ ചെക്കപ്പുകൾ, മരുന്നുകൾ ഒന്നും തെറ്റിക്കാറില്ല. കുളിയും ജപവും മുടക്കാറേയില്ല. മിതമായി ആഹാരം കഴിക്കുന്ന രീതിയാണെങ്കിലും അത് വൃത്തിയായും രുചിയായും വിഭവങ്ങൾ ഒരുക്കിയുമാണ് കഴിക്കാറുള്ളത്.
പ്രാതൽ ഒരു രാജാവിനെപ്പോലെ, മധ്യാഹ്ന ഭക്ഷണം ഒരു രാജ്ഞിയെപ്പോലെ, അത്താഴം ഒരു യാചകനെപ്പോലെ എന്ന് ഞാൻ വീമ്പു പറയാറുണ്ട്. വസ്ത്രധാരണത്തിലും അതീവ ശ്രദ്ധയുണ്ട്. അലക്കിത്തേച്ച സാരിയുടുത്താണ് വീട്ടിൽ നിൽക്കുന്നത്. ഇങ്ങനെ ‘ഡ്രെസ്സ്‌ഡ് അപ്പ്’ ആയി നിൽക്കുന്നതെങ്ങനെ എന്ന് ചോദിക്കുന്നവരോട് ഞാൻ പറയാറുണ്ട്
‘ശീലിച്ചു പോയില്ലേ? മാത്രമല്ല എന്നെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം.’
‘ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണം’ എന്നല്ലേ ചൊല്ല് എന്നു കൂടി കൂട്ടിച്ചേർക്കട്ടെ.
സ്നേഹം ഒരു പ്രത്യേക വികാരമാണ്. അത് മറ്റുള്ളവരോട് തോന്നണമെങ്കിൽ അവനവനോടും തോന്നണം എന്നാണ് എന്റെ വിശ്വാസം.
Content Summary : Kadhaillayimakal - Why is self-love so important?