പിണങ്ങി പിരിയുമ്പോഴും മറക്കരുത്, ഒരിക്കൽ നിങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടിരുന്നവരാണെന്ന്..

quarell-photo-credit-vectorfusionart
Photo Credit : vectorfusionart / Shutterstock.com
SHARE

മനുഷ്യ ജീവിതത്തിലെ എല്ലാ സ്നേഹ ബന്ധങ്ങളും ഇങ്ങനെ തന്നെയാണ് - ഇണങ്ങും പിണങ്ങും പിന്നെയും ഇണങ്ങും. പിണങ്ങിയിരിക്കുമ്പോഴും സ്നേഹവും പരിഗണനയും നിറം മങ്ങാതെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരുണ്ട്. പിന്നെയിനി ഇണങ്ങാൻ പറ്റാത്ത പിണക്കങ്ങളുമുണ്ടാവാറുണ്ട്. 

ഇണങ്ങിയിരിക്കുമ്പോൾ എല്ലാവരും നല്ലവരാണ്. പിണങ്ങുമ്പോഴാണ് തനിനിറം കാണുന്നത് എന്ന് പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. അന്നുവരെയുണ്ടായിരുന്ന സ്നേഹവും അടുപ്പവും ഒക്കെ മറന്ന് പരസ്പരം ചീത്തവിളിക്കാനും തല്ലാനും കുത്താനും കൊല്ലാനും വരെ തയാറാവുന്നില്ലേ ചിലർ ? ഇണങ്ങിയിരിക്കുമ്പോൾ പലരഹസ്യങ്ങളും പങ്കു വച്ചിട്ടുണ്ടാകും. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞിട്ടുണ്ടാവും. അപവാദങ്ങളും കുശുമ്പും കുന്നായ്മയും പറഞ്ഞു രസിച്ചിട്ടുണ്ടാവും. എന്നിട്ടു പിണങ്ങുമ്പോൾ ഇതൊക്കെ വിളിച്ചു പറയുക അപകീർത്തിപ്പെടുത്തുക ആക്ഷേപിക്കുക ഇതൊക്കെയാണ് പതിവ്. ഇത് ശരിയോ? ഇതെല്ലാം മറന്നു വീണ്ടും സ്നേഹം കൂടുന്നവരുണ്ട്. ഒരിക്കലും അടുക്കാനാവാത്തവിധം അകന്നു പോകുന്നവരുമുണ്ട്.

ഞങ്ങളുടെ ഓഫീസിലെ രണ്ടു പേർ, ഷീലയും രാധയും തമ്മിൽ ചക്കരയും ഈച്ചയും എന്ന് പറഞ്ഞാൽ ക്ളീഷേ. പിന്നെന്താ പറയുക? പുട്ടും കടലയുമെന്നായാലോ അതോ പുട്ടും പഴവുമാണോ? അറിയില്ല. എന്തായാലും കടുത്ത സ്നേഹത്തിന്റെ ഒരു ഫീൽ കിട്ടും അവരെ കാണുന്നവർക്കു പോലും.  ഒരുമിച്ചേ ഓഫീസിൽ വരൂ. ഒരുമിച്ചേ പോകൂ. പച്ചക്കറിക്കട, പലവ്യഞ്ജനക്കട, എന്തിനു തുണിക്കടയിലും സ്വർണക്കടയിലും പോലും ഒരുമിച്ചേ കയറൂ. ഓണത്തിനും വിഷുവിനും രണ്ടുപേരുടെയും പിറന്നാളിനും പരസ്പരം സമ്മാനങ്ങൾ കൈമാറും. ‘ഈവിധം സൗഹൃദം ഭൂമീലുണ്ടോ’ എന്ന് എല്ലാവരും അതിശയിച്ചിട്ടുണ്ട്. എന്തിനേറെ പറയുന്നു. ഒരു ദിവസം ഇടിത്തീ പോലെ ഒരു വാർത്ത ഞങ്ങളുടെ കാതിൽ  വീണു. ഷീലയും രാധയും തമ്മിൽ വഴക്കിട്ടു, പിണങ്ങി പിരിഞ്ഞു. ഞങ്ങൾ നടുങ്ങി. കാര്യകാരണങ്ങൾ പറയാൻ രണ്ടാളും തയാറായില്ല . ‘പിണങ്ങാനെന്താണെന്താണ്’ എന്ന് ചോദിച്ചവരോടൊക്കെ ഉച്ചത്തിൽ ദേഷ്യപ്പെടുകയും മറ്റെയാളെ തെറി പറയുകയും ചെയ്തു രണ്ടുപേരും.

‘‘കൂടുതൽ അടുത്താലിതാണ് കുഴപ്പം. ഏതു സൗഹൃദത്തിലും ഒരു ഗ്യാപ്പ് ഉള്ളതാണ് നല്ലത്.’’ വളരെ സീനിയർ ആയ കുറുപ്പ് സർ ഞങ്ങൾക്കെല്ലാം ഒരു മുന്നറിയിപ്പായി പറഞ്ഞു. 

ഷീല ആരെയൊക്കെപ്പറ്റി എന്തെല്ലാം പറഞ്ഞിട്ടുണ്ടോ അതെല്ലാം രാധ അവരോടു പോയി പറഞ്ഞു കൊടുത്തു. രാധയുടെ ഹൃദയരഹസ്യങ്ങൾ മുഴുവൻ ഷീലയും ഓഫീസിൽ പാട്ടാക്കി. രണ്ടുപേരുടെയും കൂട്ടുകാരായിരുന്ന ഞങ്ങൾക്കെല്ലാം വിഷമമായി. ഓഫീസിലെ പുരുഷ സഹപ്രവർത്തകരോ, സ്ത്രീകളെ മുഴുവൻ പരിഹസിക്കാനുള്ള ഒരവസരമായി ഇതിനെ കണ്ടു. ഒടുവിൽ സമാരാധ്യയായ ലീലാമ്മ മാഡം ഷീലയെയും രാധയെയും ഒറ്റയ്‌ക്കൊറ്റയ്ക്കു മുറിയിലേയ്ക്കു വിളിപ്പിച്ചു.

‘‘കൂട്ടുകെട്ടും വഴക്കുമൊക്കെ ഓഫീസിനു പുറത്ത്. ഇങ്ങനെ അലമ്പുണ്ടാക്കാനുള്ള ഇടമാണോ ഓഫീസ്:  നമുക്കൊരു പെരുമാറ്റച്ചട്ടമില്ലേ ? ഒന്നേ പറയാനുള്ളു, എത്രവലിയ പിണക്കമുണ്ടായാലും ഒരിക്കൽ പരസ്പരം വളരെ ഇഷ്ടപ്പെട്ടിരുന്നവരാണ് എന്നത് മറക്കരുത്.’’

രണ്ടു പേരോടും മാഡം ഇതേ വാക്കുകൾ തന്നെ സൗമ്യമായി പറഞ്ഞു. ആ ഉപദേശം കൈക്കൊണ്ടിട്ടോ എന്തോ ശത്രുക്കളായി മാറിയ കൂട്ടുകാരികൾ നിശബ്ദരായി. പിന്നെ അവർ ഇണങ്ങിയതേയില്ല, റിട്ടയർ ചെയ്തു പോകും വരെ.

വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ വലിയ കുടുംബത്തിൽ ഒന്ന് രണ്ടു തലമൂത്ത കാരണവന്മാരും എടുത്തു ചാട്ടക്കാരായ ചില ഇള മുറക്കാരും തമ്മിൽ വലിയ വഴക്കുണ്ടായി. ഭാഗം പിരിയുന്നതിനെക്കുറിച്ചോ മറ്റോ ആയിരുന്നു എന്നാണോർമ്മ. അതോടെ ആ കൂട്ടർ തമ്മിൽ അകന്നു. പറയാൻ പാടില്ലാത്തതെന്തോ ചെറുപ്പക്കാരിലൊരാൾ പിതൃസ്ഥാനീയരായവരോട് പറഞ്ഞു പോയത്രേ. പറഞ്ഞതെന്താണെന്ന്  കേട്ടവരോ പറഞ്ഞവരോ ഒരിക്കലും പുറത്തു പറഞ്ഞില്ല. പിന്നെയവർ അടുത്തതേയില്ല. ഒരു കാര്യത്തിലും പരസ്പരം സഹകരിച്ചില്ല, മരിക്കും വരെ. പക്ഷേ ഇരു കൂട്ടരും മറ്റവരെപ്പറ്റി ഒന്നും തന്നെ പറയാൻ തുനിഞ്ഞില്ല. അതാണ് അന്തസ്സ്, ആഭിജാത്യം കുടുംബമഹിമ!

എന്റെ ബന്ധത്തിലും പരിചയത്തിലും പെട്ട കുറേ സ്ത്രീകൾ ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് ബന്ധം വേർപെടുത്തിയവരാണ്. പക്ഷേ അവരോ അവരുടെ വീട്ടുകാരോ പിരിഞ്ഞു പോയ ആളുകളെപ്പറ്റി മോശമായി സംസാരിച്ചു കേട്ടിട്ടില്ല. ‘പുകഞ്ഞ കൊള്ളി പുറത്ത്’ അതേപ്പറ്റി ഇനി സംസാരിച്ചിട്ടെന്ത് കാര്യം? എന്നായിരുന്നു അവരുടെ നിലപാട്. ആ സ്ത്രീകളിൽ പലരും പുനർവിവാഹം ചെയ്തു. ചിലർ ഒറ്റയ്ക്ക് തന്നെ ജീവിതം ജീവിച്ചു തീർത്തു. അവരിലാരും തന്നെ പിരിഞ്ഞു പോയ ഭർത്താവിന്റെ ദൂഷ്യങ്ങൾ പറഞ്ഞു നടന്ന് സമയം കളഞ്ഞില്ല. സ്വന്തം കാര്യം നോക്കി ജീവിച്ചു. 

അക്കൂട്ടത്തിൽ നവനീതയും ധർമ്മപാലനും വിവാഹമോചനം നേടുമ്പോൾ അവർ തമ്മിൽ ഒരു കരാറുണ്ടായിരുന്നു. പിരിയുന്നതിന്റെ കാര്യകാരണങ്ങൾ ആരോടും വിശദീകരിക്കില്ല. പിന്നെ  കുറ്റപ്പെടുത്തിയും അപവാദങ്ങൾ പറഞ്ഞും പരസ്പരം ചെളി വാരി എറിയുകയില്ല. പാവം നവനീത  അയാളെ വിശ്വസിച്ചു. അവൾ ആരോടും ഒന്നും പറയാൻ പോയില്ല. ക്രൂരതയുടെയും അവഗണനയുടെയും മാനസികപീഡനത്തിന്റെയും അയാളുടെ അവിഹിതങ്ങളുടെയും ഒരുപാടു കഥകൾ പറയാൻ ഉണ്ടായിരുന്നിട്ടു കൂടി. പക്ഷേ ധർമ്മപാലൻ എന്ന അധർമ്മി അവളെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടന്നു.

‘നവനീതയെക്കുറിച്ചു വളരെ മോശമായാണല്ലോ അയാൾ ഇവിടെയൊക്കെ പറഞ്ഞു നടക്കുന്നത്.’ എന്ന് പലരും അവളോട് പറഞ്ഞു .

ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പിൻബലമുള്ള ഒരു ചിരിയോടെ അവരോടൊക്കെ നവനീത മറുപടി നൽകി. 

‘‘അതെ ഞാൻ മോശക്കാരിയാണ്. അതുകൊണ്ടാണല്ലോ അയാൾ പോയത്. ഇനി അതേക്കുറിച്ചു പറഞ്ഞട്ടെന്തു കാര്യം?’’ പിന്നെ ഒന്നു കൂടി' അവൾ പറഞ്ഞു. ‘‘കാലം തെളിയിക്കാത്തതായി ഒന്നുമില്ല .’’

കാലം തെളിയിക്കുക തന്നെ ചെയ്തു. നവനീത പോയി ഒരു വർഷം തികയും മുൻപേ നേരത്തെ അടുപ്പമുണ്ടായിരുന്ന ഒരുവളെ അയാൾ വിവാഹം കഴിച്ചു. എല്ലാവർക്കും എല്ലാം മനസ്സിലായിട്ടുണ്ടാവും. അല്ലെങ്കിൽ തന്നെ എന്താണ് ? നവനീത ഈ സമൂഹത്തിനു മുന്നിൽ നന്നായി ജീവിച്ചു കാണിച്ചു കൊടുത്തു. നവനീതയുമായി പിണങ്ങിയതു കൊണ്ട് അയാൾക്കൊരു ഗുണമുണ്ടായി. മക്കൾക്ക് ചെലവിന് കൊടുക്കേണ്ടി വന്നില്ല. അഭിമാനിയായ നവനീത അതിനു വേണ്ടി നിയമസഹായം തേടിയില്ല. ‘‘അച്ഛന്  മക്കളോടുള്ള സ്നേഹവും കടമയും കേസു പറഞ്ഞ് നേടിയെടുക്കേണ്ടതാണോ?’’ എന്നാണ് നവനീത ചോദിക്കുന്നത്? 

വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്നവർ ബദ്ധശത്രുക്കളായി മാറാം. ജീവിതമല്ലേ, അങ്ങനെയൊക്കെ സംഭവിക്കാം. പക്ഷേ ഒരിക്കൽ ഒരുപാടു സ്നേഹിച്ചവരാണ് എന്ന ഓർമ മനസ്സിൽ സൂക്ഷിച്ചു കൊണ്ട് പെരുമാറുന്നതാണ് സംസ്കാരത്തിന്റെ ലക്ഷണം.

ഇതിനു ഉദാഹരണമാണ് സുധാകരൻ സാറും സരസ്വതിയമ്മയും. എന്റെ സഹപാഠിയായ നിർമ്മലയുടെ അച്ഛനും അമ്മയും. ഇരുവരും അധ്യാപകരായിരുന്നു. അവർ ഏറെക്കാലമായി പിരിഞ്ഞാണ് താമസിച്ചി രുന്നത്. അച്ഛൻ അച്ഛന്റെ വീട്ടിലും അമ്മ അമ്മയുടെ വീട്ടിലും. അമ്മയോടൊപ്പമാണ് നിർമ്മല താമസിച്ചിരുന്നത്. എന്താണ് കാരണം എന്ന് നിർമ്മലയ്ക്കെന്നല്ല ആർക്കും അറിയില്ല. എല്ലാമാസവും ശമ്പളം കിട്ടിയാലുടനെ രണ്ടാം തീയതിയോ മൂന്നാം തീയതിയോ അച്ഛൻ നിർമ്മലയെ കാണാൻ വരും. കാണും സംസാരിക്കും ഒരു തുക കയ്യിൽ കൊടുക്കും. ഉടനെ പോകും. അമ്മ പുറത്തേയ്ക്ക് വരികയെ ഇല്ല. അച്ഛന്റെ വീട്ടിലേയ്ക്ക് അവൾ പോയിട്ടില്ല. എത്ര ചോദിച്ചിട്ടും അമ്മ ഒന്നും പറഞ്ഞിട്ടില്ല. അവൾ വളർന്നപ്പോൾ ഇനി അതേക്കുറിച്ചു ചോദിക്കരുത് എന്ന് അമ്മ വിലക്കുകയും ചെയ്തു. നിയമപരമായി പിരിഞ്ഞിട്ടില്ല. രണ്ടു പേരും വേറെ വിവാഹം കഴിച്ചതുമില്ല. മകൾക്കു വേണ്ടി ജീവിച്ചു എന്ന് വേണമെങ്കിൽ പറയാം. എല്ലാ സ്നേഹവും ബഹുമാനവും അവർക്കു പരസ്പരമുണ്ട്. പക്ഷേ തിരിച്ചു പോകാനാവാത്ത  വിധം എന്തോ ഒന്ന് അവരുടെ മനസ്സുകളെ തടയുന്നു. അതെന്താണെന്ന് അവർക്കല്ലേ അറിയൂ. മരണം വരെ അവർ ആ രഹസ്യം സൂക്ഷിച്ചു.  

ഇനി സമകാലിക പ്രാധാന്യമുള്ള ഒരു തമാശ!  വളരെ സ്നേഹത്തോടെയിരിക്കുന്ന ചിലർ പലതും പറഞ്ഞ്  നമ്മളോട് പണം കടം വാങ്ങും. അത് തിരികെ ചോദിക്കുമ്പോൾ അവർ വഴക്കിടും, പിണങ്ങും. പിന്നെ പൈസ തിരിച്ചു തരേണ്ടല്ലോ. ഇത് എനിക്ക് മാത്രമല്ല പലർക്കും അനുഭവപാഠമായിട്ടുണ്ട്. ഇണക്കം കൊണ്ടും പിണക്കം കൊണ്ടും അവർക്കു ലാഭം. പണം കിട്ടിയില്ലേ? ഇണക്കം കൊണ്ടും പിണക്കം കൊണ്ടും നമുക്ക് നഷ്ടം. പണം പോയില്ലേ ?

ഇണക്കവും പിണക്കവും ജീവിതത്തിൽ ഉണ്ടാവുന്നതാണ . രണ്ടിനും അതിന്റെതായ രീതികളുണ്ട്. അത് വ്യക്തികളുടെ സ്വഭാവത്തെ, മനസ്സിലെ നന്മയെ, വളർന്നു വന്ന സാഹചര്യത്തെ ഒക്കെ  ആശ്രയിച്ചിരിക്കുന്നു. എല്ലാവരും ഒരുപോലെയല്ലല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS