സ്നേഹത്തെ ഭയക്കുന്നവർ

couple-hold-hands-green-field
Representative Image. Photo Credit : Nomad_Soul / shutterstock
SHARE

സ്നേഹത്തെ മിക്കവർക്കും ഭയമാണ്. സ്നേഹിക്കുന്നവരെ സംശയവും. എന്തുകൊണ്ടാണിങ്ങനെ? ഞാൻ അതിശയിക്കാറുണ്ട്. സ്നേഹം ക്രമേണ കുറയും, അത് നിശ്ശേഷം നഷ്ടമാകും, ചിലപ്പോൾ വെറുപ്പും വിദ്വേഷവും ആയി മാറും എന്നൊക്കെയുള്ള പേടി തന്നെയാണ് സ്നേഹത്തെയും സ്നേഹിക്കുന്നവരെയും ഭയത്തോടെ നോക്കാനുള്ള കാരണം. ‘ഏയ് അങ്ങനെയൊന്നുമില്ല’ എന്ന് തർക്കിക്കാൻ നൂറു നൂറു പേരുണ്ടാവാം. പക്ഷേ അനുഭവിച്ചറിഞ്ഞവരും ഏറെയുണ്ടെന്ന്  ഓർക്കണം. മനുഷ്യന്റെ എല്ലാ വികാരങ്ങളും അങ്ങനെ തന്നെയാണ് . സന്തോഷം, സങ്കടം, വേദന, ദുഃഖം, വിരഹം എല്ലാം തന്നെ ആദ്യം വളരെ തീവ്രമായിരിക്കും. ക്രമേണ അത് ദുർബലമാകും. ചിലപ്പോൾ മനസ്സിന്റെ ഏതോ ഉള്ളറകൾക്കുള്ളിൽ പഴകി ദ്രവിച്ചു കിടപ്പുണ്ടാവും. ചില അവസരങ്ങളിൽ പൊടി തട്ടിയെടുത്ത് ഓർമിക്കാറുമുണ്ടാവും. ഇങ്ങിനി വരാത്തവണ്ണം ഇല്ലാതായെന്നും വരാം. മനുഷ്യനല്ലേ, മനസ്സല്ലേ, ജീവിതത്തിൽ ഒന്നും സ്ഥായി അല്ലല്ലോ എന്നൊക്കെ ഓരോരോ ന്യായങ്ങളും പറയാനുണ്ടാവും.

മറ്റെല്ലാ വികാരങ്ങളും പോലെ തന്നെ സ്നേഹവും എന്നു പറയാം. ഒരിക്കൽ ഒരു സ്നേഹിതൻ പറയുകയുണ്ടായി. ‘‘തുടക്കത്തിൽ അനുഭവപ്പെടുന്ന ആവേശം എന്നും പ്രതീക്ഷിക്കരുത്. അത് ഏതു ബന്ധത്തിലായാലും. ആദ്യത്തെ താത്പര്യം, മുൻഗണന, ശ്രദ്ധ ഇതിനൊക്കെ മാറ്റം വരുകയില്ല എന്ന വിശ്വാസം വേണ്ട. അങ്ങനെ പ്രതീക്ഷിക്കുന്നതാണ് നിരാശയ്ക്കു കാരണം. മാറ്റങ്ങൾ അനിവാര്യമാണ് ..’’ ‘റിഗാർഡ്‌സ്’ നിറം മങ്ങാതെ സൂക്ഷിക്കുന്ന ഒരാളാണ് ഞാൻ. മറ്റുള്ളവരിൽ നിന്നും അത് പ്രതീക്ഷിച്ചതിലുള്ള നിരാശ ഒരുപാട്  അനുഭവിച്ചിട്ടുമുണ്ട്.  

പ്രണയം മാത്രമല്ല, എല്ലാ സ്നേഹങ്ങളും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ്.

കുഞ്ഞിന് അമ്മയോടുള്ള സ്നേഹം തൊട്ട് എടുത്തു നോക്കൂ. പൊക്കിൾക്കൊടി ബന്ധം എന്നൊക്കെ പറയാമെന്നേയുള്ളു. എന്തിനും ഏതിനും എപ്പോഴും അമ്മ വേണമെന്ന് ശഠിക്കുന്ന കുഞ്ഞ് വളരും തോറും അമ്മയിൽ നിന്ന് അകലുന്നു. നടക്കാൻ തുടങ്ങുന്ന കുഞ്ഞിനെ ശ്രദ്ധിച്ചിട്ടില്ലേ? ദൂരേയ്ക്ക് ചുവടു വയ്ക്കാനാണ് കുഞ്ഞ് ശ്രമിക്കുന്നത്. അമ്മ പിന്നാലേ ഓടി ചെല്ലുന്നു. പിന്നെ കൂട്ടുകാരായി, സഹപാഠികളായി, പരിചയക്കാരായി അങ്ങനെ കുഞ്ഞിന്റെ ലോകം മാറുന്നു. തനിയെ ജീവിക്കാറായാൽ അമ്മ അവന് (അവൾക്ക്) ഒരത്യാവശ്യമല്ല. സ്വന്തം കുടുംബം കൂടി ആയിക്കഴിയുമ്പോൾ അമ്മയെ അവഗണിക്കുന്നത് ജീവിതത്തിൽ സാധാരണമാണ്. പല അമ്മമാർക്കും വിഷമവും നിരാശയും ഉണ്ടാകും. അമ്മയുടെ സ്നേഹം അപ്പോഴും കുറവ് വരാതെ ഉണ്ടാകും. പറഞ്ഞിട്ട് കാര്യമില്ല ജീവിതം അങ്ങനെയാണ്.

ഇനി സഹപാഠികളെ നോക്കൂ. ഒരേ ക്ലാസ്സിൽ അടുത്തടുത്തിരുന്ന് പഠിക്കുകയും കളിക്കുകയും കുസൃതി കാട്ടുകയും ചെയ്തിരുന്നവർ സ്കൂൾ ജീവിതം അവസാനിക്കുന്നതോടെ അകലുന്നു. ഇപ്പോൾ പിന്നെ സോഷ്യൽ മീഡിയയും മൊബൈൽ ഫോണും ഒക്കെ ഉള്ളത് കൊണ്ട് ബന്ധങ്ങൾ കുറേക്കാലം നില നിന്നു എന്ന് വരാം. ഇതൊന്നുമില്ലാത്ത പണ്ടത്തെക്കാലത്ത് ക്ലാസ്മേറ്റ്സ് ഓർമകളിൽ നിന്ന് പോലും മാഞ്ഞു  പോകും .

പ്രണയത്തെപ്പറ്റി പിന്നെ പറയാനില്ല. ഏറ്റവും വേഗത്തിൽ നിറം മങ്ങിപ്പോകുന്ന ഒരു വികാരമാണ് പ്രണയം അല്ലെങ്കിൽ പ്രേമം. അത് വെറുമൊരു മതിഭ്രമം മാത്രമാണെന്ന് പറയാറില്ലേ? അത് ശരിയാണെന്ന് പ്രേമിച്ചിട്ടുള്ളവർ മിക്കവാറും സമ്മതിക്കും.. ദിവ്യപ്രേമമൊക്കെ കഥകളിലല്ലേ, എന്ന് നെടുവീർപ്പിടുകയും ചെയ്യും. പ്രണയകാലത്തു പ്രണയത്തിന്റെ ത്രിൽ ആസ്വദിക്കുന്നതിനേക്കാൾ കൂടുതൽ, പ്രണയം നഷ്ടപ്പെടുമോ എന്ന വ്യാകുലതയാണ് അനുഭവപ്പെടുന്നത്. വിട്ടുപോകുമോ, ചതിക്കുമോ എന്നൊക്കെയുള്ള ചിന്തകളാണ് പ്രേമത്തെ ഭയപ്പെടാനിടയാക്കുന്നത്. ലോകം മുഴുവൻ തിരഞ്ഞാൽ പോലും പ്രണയ സാഫല്യത്തേക്കാൾ അധികം പ്രണയ ദുരന്തങ്ങൾ തന്നെയാണ് കാണാനാവുക. ചെറിയ പ്രണയനഷ്ടങ്ങൾ സാരമില്ല. ഒരു നല്ല ഓർമയായോ, നീറുന്ന ഓർമയായോ കുറേക്കാലം മനസ്സിലുണ്ടായേക്കും. ജീവിതം തകർത്തു തരിപ്പണമാക്കുന്ന ദുഃഖ പര്യവസായിയായ പ്രണയങ്ങൾ വിപത്തുകൾ തന്നെയാണ്.

ഇനി പ്രേമിച്ചു വിവാഹം കഴിച്ചാലോ - വിവാഹത്തോടെ പ്രണയം ഇല്ലാതാകുന്നു, എന്ന് അറിവുള്ളവർ പറഞ്ഞു കേട്ടിട്ടില്ലേ? പ്രണയം എന്നും മനസ്സിലെങ്കിലും നിലനിൽക്കണമെങ്കിൽ പ്രണയിച്ച ആളെ കല്യാണം കഴിക്കരുത് എന്ന് കൂടി എന്റെ കുടുംബത്തിലെ സ്ത്രീകൾ വിശ്വസിച്ചിരുന്നു. ഞങ്ങളെയൊക്കെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അനുഭവമാവാം അവരെ അതിനു പ്രേരിപ്പിച്ചത്.   

സ്നേഹം, സൗഹൃദം, പ്രേമം ഇതൊക്കെ എനിക്ക് നേരെ നീട്ടിയ ഒരുപാടു സുഹൃത്തുക്കൾ കാര്യകാരണങ്ങൾ പോലും പറയാതെ എന്നിൽ നിന്നകന്നു പോയ നാനുഭവങ്ങൾ എനിക്കുണ്ട്. ആരാധനയും അതു  പോലെ തന്നെ പാതിക്കു വച്ചു കൊഴിയുന്ന കരുത്തില്ലാത്ത പൂക്കൾ  ആയിരുന്നു. ഈ എഴുതുന്നതൊക്കെ വായിച്ച് അഭിനന്ദിക്കുകയും സൗഹൃദം തുടങ്ങുകയും ചെയ്തവർ ഏറെ. പിന്നെ അവരൊക്കെ എവിടെയോ മറയുകയും പുതിയ വായനക്കാരും ആസ്വാദകരും ആരാധകരും ഉണ്ടാവുകയും ചെയ്തു. എന്നാലും ഇപ്പോൾ എനിക്കും പേടിയാണ്, സ്നേഹത്തെ. നഷ്ടപ്പെടമ്പോഴുള്ള നിരാശ താങ്ങാൻ വയ്യ ... അത് ഏതു തരത്തിലുള്ള സ്നേഹമായാലും! സ്നേഹിക്കാതിരുന്നാൽ പിന്നെ പ്രശനമില്ലല്ലോ. ആശയില്ലെങ്കിൽ നിരാശയുമില്ല.

Content Summary: Kadhayillaimakal column on Love

    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS