എന്തിനാണ് മടിക്കുന്നത്?

crop-close-happy-african-american-woman
SHARE

ഒരുപകാരം, ഒരു സഹായം, ഒരു അഭിനന്ദനം ഇതൊക്കെ ലഭിക്കുമ്പോൾ നമ്മൾ പറയേണ്ട ഒരു വാക്കുണ്ട്. താങ്ക്സ് ! മിക്കപ്പോഴും നമ്മളതു മറക്കുന്നു. എന്തിനാണ് താങ്ക്സ് അത് വളരെ ഔപചാരികമല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. 

അതുപോലെ ഒരു അബദ്ധം പറ്റുമ്പോൾ, അല്ലെങ്കിലൊരാളോട് മോശമായി പെരുമാറി എന്ന് തോന്നുമ്പോൾ, ഒരു സങ്കടാവസ്ഥയിൽ ഒക്കെ നമ്മൾ പറയേണ്ട ഒരു വാക്കാണ് സോറി. അതും നമ്മൾ മറക്കുന്നു. ഓ സോറി അതൊരു പ്രകടനമല്ലേ, എന്തിനാണത് എന്ന് ചോദിക്കുന്നു ചിലർ.

താങ്ക്സ്, സോറി ഒക്കെ ഇംഗ്ലിഷുകാർ ഉപേക്ഷിച്ചു പോയ പദങ്ങളല്ലേ? ഇനിയും നമ്മൾ അവ ഉപയോഗിക്കണോ? മറ്റു ചിലരുടെ സംശയം.

അവർ ഇവിടെ ഇട്ടിട്ടു പോയതൊന്നുമല്ല. അവർ അത്തരം പെരുമാറ്റരീതികൾ നമ്മളെ പഠിപ്പിച്ചു. ഇംഗ്ലിഷുകാർ ഇന്നും ആ വാക്കുകൾ വെടിഞ്ഞിട്ടില്ല. അവരെന്നല്ല മിക്കവാറും എല്ലാ രാജ്യക്കാരും താങ്ക്‌സും സോറിയും പറയാറുണ്ട്, അവരുടെ ഭാഷയിൽ.

അത് നമുക്കുമാവാം. നമ്മുടെ ഭാഷയിൽ നമുക്ക് നന്ദി വാക്കുകൾ പറഞ്ഞു കൂടെ. സോറിക്കു പകരം നമ്മുടെ വാക്കുകളിലൂടെ വ്യസനം പ്രകടിപ്പിച്ചു കൂടെ. 

‘‘കൃതജ്ഞതയും ഖേദവും പ്രകടിപ്പിക്കാൻ സ്വതേ മടിയുള്ള ഒരു ജനതയാണ് മലയാളികൾ!’’ ഒരാൾ ഒരിക്കൽ പറയുകയുണ്ടായി. പറഞ്ഞത് ഒരു മലയാളിയായതു കൊണ്ട് ഞാനല്പം പരിഭവിക്കുകയും ചെയ്തു. 

താങ്ക്സ് എന്ന വാക്കിന് നന്ദി എന്ന് മാത്രമല്ല, ഉപകാരസ്മരണയുണ്ടാവുക എന്ന് കൂടി അർഥമുണ്ട്. ഒരാൾ ഒരുപകാരം ചെയ്യുകയും നമ്മളത് സ്വീകരിക്കുകയും ചെയ്താൽ അത് നമ്മൾ ഓർമിക്കണം. പറ്റിയാൽ അവസരം വരുമ്പോൾ തിരിച്ച് ഒരു ഉപകാരം ചെയ്യുകയും വേണം എന്നതാണല്ലോ നമ്മുടെ സംസ്കാരം .

‘പ്രത്യുപകാരം മറക്കുന്ന മാനുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്നല്ലേ രാമായണം പറയുന്നത്.   

അങ്ങനെയാണെങ്കിൽ ചത്തതിന് തുല്യമായി ജീവിച്ചിരിക്കുന്ന പലരും ഉണ്ടാവും.

നവനീതയെ ഒരു ഡോക്ടർ വിവാഹം കഴിക്കുമ്പോൾ അയാൾക്ക്‌ എംബിബിഎസ് മാത്രമേ ഉണ്ടായിരുന്നുള്ളു. നവനീതയുടെ അച്ഛൻ പണം മുടക്കി അയാളെ പിജി പഠിപ്പിച്ചു. അത് കഴിഞ്ഞപ്പോൾ അയാൾക്കു നല്ല ജോലിയും ഒരുപാടു പ്രൈവറ്റ് പ്രാക്ടീസും ഒക്കെ ഉണ്ടായി. അതോടെ അയാളിൽ ഒളിഞ്ഞു കിടന്നിരുന്ന അഹങ്കാരവും സ്വാർഥതയും ക്രൂരതയുമൊക്കെ  പുറത്തു വന്നു. നവനീതയ്ക്ക് ഒരുതരത്തിലും പിടിച്ചു നിൽക്കാനാവാതെ വന്നു. ഒടുവിൽ അവൾ അയാളിൽ നിന്ന് വിവാഹ മോചനം നേടി. അവൾക്ക് ഒരു നഷ്ടപരിഹാരവും നല്കാൻ അയാൾ തയാറായില്ല. നവനീതയുടെ പഴയവീട് നന്നാക്കാൻ ഒരുപാട് പണം ചെലവഴിച്ചു എന്നും അത് കോമ്പൻസേഷൻ ആയി കണക്കാക്കണമെന്നുമായിരുന്നു അയാളുടെ വാദം. അയാൾക്ക്‌ താമസിക്കാൻ വീടിന്റെ മോടി കൂട്ടുകയാണ് അയാൾ ചെയ്തത്. നവനീതയ്ക്കു വേണ്ടിയായിരുന്നില്ല. ആറേഴു കൊല്ലം അവളുടെ കൂടെ അവിടെ അയാൾ താമസിക്കുകയും ചെയ്തു. കേസിനും വഴക്കിനും നവനീതയും ഒരുമ്പെട്ടില്ല. പക്ഷേ ഉപരിപഠനത്തിനു നല്കിയ പണം പലിശ സഹിതം തിരിച്ചു കൊടുക്കണമെന്ന് അവളുടെ അച്ഛൻ അയാളോട് ആവശ്യപ്പെട്ടു. അയാൾ അത് കൊടുത്തില്ല എന്ന് മാത്രമല്ല, വളരെ നീചമായ ഭാഷയിൽ ആ അച്ഛനെ അവമാനിക്കുകയാണുണ്ടായത്. ‘‘നിങ്ങളുടെ മകൾക്കു ഞാൻ ഇത്രയും കാലം ചോറ് കൊടുത്തില്ലേ, അവൾ എന്റെ ടെലിഫോൺ ഉപയോഗിച്ചില്ലേ അതിൽ കൂട്ടിക്കൊള്ളൂ.’’ എന്നാണയാൾ പറഞ്ഞത്. നന്ദി പ്രകടനത്തിന് ഒരുദാഹരണം. 

ഒരു സുഹൃത്ത് തൊഴിലില്ലായ്മയിലും ദാരിദ്ര്യത്തിലും കഷ്ടപ്പെട്ടിരുന്ന കാലത്ത് ഞാൻ പല തവണ പൈസ കടം കൊടുത്ത്  അയാളെ ഒരുപാട് സഹായിച്ചു. വർഷങ്ങൾ കടന്നു പോയി. അയാൾ നല്ലനിലയിലെത്തി. ഗൾഫിലൊക്കെ പോയി ഒരുപാട്  പണം സമ്പാദിച്ചു. പക്ഷേ എന്റെ കടം വീട്ടാൻ അയാൾ കൂട്ടാക്കിയില്ല. ഒരുപാടു തവണ ഞാൻ ചോദിച്ചു. ദേഷ്യപ്പെട്ടു. കരഞ്ഞു പറഞ്ഞു. കടം കൊടുത്ത പൈസ തിരിച്ചു വാങ്ങാൻ നമ്മൾ നടത്തുന്ന യാചനയെക്കാൾ വലിയ യാചനയൊന്നും ഒരു തെരുവ് യാചകനും നടത്തിയിട്ടുണ്ടാവില്ല. പൈസ കിട്ടിയില്ല. ആ കടം വീട്ടാതെ തന്നെ അയാൾ മരിച്ചുപോയി. സുഖമില്ലാതെ കിടക്കുമ്പോൾ ദേവിച്ചേച്ചിക്ക് ഞാൻ ഒരുപാടു പൈസ കൊടുക്കാനുണ്ട് എന്ന് പലപ്പോഴും അയാൾ പറഞ്ഞിരുന്നതായി അയാളുടെ ഭാര്യ  പിന്നീട് ഒരിക്കൽ പറഞ്ഞു. ആവശ്യത്തിനുപകരിച്ച ഈ സുഹൃത്തിനോട് ഒരു നന്ദി പറയാനോ, പൈസ തിരികെ തരാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കാനോ അയാൾ തയാറായില്ല. പിന്നെ അത് ഭാര്യയോട് പറഞ്ഞിട്ട് എന്തു കാര്യം.

സ്നേഹിക്കുക സഹായിക്കുക. പിന്നീട് അതിന്റെ ഫലമനുഭവിക്കുക. ഇത് ദേവിക്കൊരു നിയോഗം പോലെയാണ്. പരിചയത്തിൽ പെട്ട ഒരു ചെറിയ പയ്യൻ പഠിത്തം ഒക്കെ നല്ല നിലയിൽ പൂർത്തിയാക്കി താത്ക്കാലിക ജോലികളിൽ നിരാശപെട്ടു കഴിയുന്നത് കണ്ടതും ദേവിയുടെ മനസ്സലിഞ്ഞു. പലയിടത്തും ദേവി ആ പയ്യന് വേണ്ടി ജോലിക്കു ശ്രമിച്ചു . അവനെ ഇന്റർവ്യൂവിനൊക്കെ പറഞ്ഞയച്ചെങ്കിലും ജോലി കിട്ടിയില്ല. എന്നോട് ‘നോ’ പറയാൻ കഴിയാത്തതു കൊണ്ടാണ് പലരും അവനെ വിളിക്കുന്നത്. പക്ഷേ ഇന്റർവ്യൂ കഴിയുമ്പോൾ അവർ കാല് മാറും. ഒടുവിൽ അത്രയ്ക്കൊന്നും അടുപ്പമില്ല, എന്നാലും അറിയും അങ്ങനെ ഒരു സുഹൃത്തിനെ ഞാൻ വിളിച്ചു. വേണ്ടപ്പെട്ട ഈ പയ്യന് ഒരു ജോലി കൊടുക്കാൻ അപേക്ഷിച്ചു. രണ്ടു തവണ കാൻസർ വന്നു രക്ഷപ്പെട്ട ഒരു സുഹൃത്ത്, മകൻ കിടപ്പിലായിപ്പോയ നിർഭാഗ്യവതിയായ ഒരമ്മ, പിന്നെ എഴുത്തുകാരി.  ഇതെല്ലാം കൂടി പരിഗണിച്ച് അദ്ദേഹം പറഞ്ഞു. ‘‘ഇവിടെ വേക്കൻസിയൊന്നും ഇപ്പോൾ ഇല്ല. ഞങ്ങൾ ആളെ എടുക്കുന്ന സമയവുമല്ല. എന്നാലും ദേവി പറഞ്ഞതല്ലേ, അവനെ നാളെ പത്തു മണിക്ക് ഇങ്ങോട്ടു   പറഞ്ഞയയ്ക്കൂ. നോക്കട്ടെ.’’

ഞാനിക്കാര്യം പറഞ്ഞപ്പോൾ അവന് താത്പര്യം ഉണ്ടായില്ല. ഇത് രണ്ടുമൂന്നു തവണയായില്ലേ? ഞാൻ നിർബന്ധിച്ചു. ഈ ഒരു തവണ കൂടി പോകൂ. അവൻ പോയി. അവർ ട്രെയിനിയായി അവനെ എടുത്തു. അത് കഴിഞ്ഞാൽ സ്ഥിരം ജോലി. പക്ഷേ ശമ്പളം പോരാ എന്നവന് പരാതി. ജോലി കിട്ടിയ വിവരം കേട്ടതും പരമ പുച്ഛത്തിൽ എന്നെ നോക്കി അവന്റെ അമ്മ പറഞ്ഞു. ‘‘ചേച്ചിയല്ല ആരു റെക്കമൻഡ് ചെയ്താലും അവൻ മിടുക്കനായത് കൊണ്ടല്ലേ ജോലി കിട്ടിയത്?’’ ഞാൻ അമ്പരന്നു പോയി.  വേക്കൻസി പോലുമില്ലാത്ത ഒരിടത്ത് എന്റെ ഒരു വാക്കു  കൊണ്ട് മാത്രം കിട്ടിയ ജോലി. അതിനു കിട്ടിയ നന്ദി വാക്ക് എത്ര കേമം. അവന്  അവിടെ സ്ഥിരം ജോലിയായി. നല്ല ശമ്പളമായി. ഇന്നുവരെ നന്ദി എന്നൊരു വാക്ക് അവൻ പറഞ്ഞിട്ടില്ല.

നമ്മളിൽ ഉള്ള നന്മ മുഴുവൻ ചൂഷണം ചെയ്യുന്നവർ ഒരു താങ്ക്സ് പറയാറുണ്ടോ? ഇല്ല. നമ്മളെ ചതിച്ചു എന്ന് ഉത്തമ ബോധ്യം ഉള്ളവർ ഒരു സോറി പറഞ്ഞിട്ടുണ്ടോ? ഇല്ല ജന്മനാ കൃതജ്ഞതയും ഖേദവും കാണിക്കാൻ, അത് ഒരു വാക്കിൽ പറയാൻ മനസ്സില്ലാത്തവരാണോ നമ്മൾ മലയാളികൾ?

Content Summary: Kadhayillaimakal column by Devi JS             

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS