വഴിയരികിൽ സാന്ത്വനമാകുന്ന സഹായ ഹസ്തങ്ങൾ !

parenting-Photo-credit-Dmytro-Zinkevych
Representative Image. Photo Credit : Dmytro Zinkevych / Shutterstock.com
SHARE

യാത്ര ചെയ്യുന്നവർക്കെല്ലാം വഴിയോരക്കാഴ്ചകൾ സുലഭമാണ്. തീവണ്ടിയിലോ ബസിലോ കാറിലോ സഞ്ചരിക്കുമ്പോൾ ജനാലയിലൂടെ കാണുന്ന കാഴ്ചകളും വഴിയരികിലൂടെ നടക്കുമ്പോൾ കാണുന്ന കാഴ്ചകളും,ചിലപ്പോഴൊക്കെ ചിന്തകളിലും സ്വപ്നങ്ങളിലും ഭാവനകളിലും മനസ്സ് നഷ്ടപ്പെടുമെങ്കിലും ഞാനും ആസ്വദിക്കാറുണ്ട്. ഒറ്റയ്ക്കുള്ള യാത്രകളിൽ അപൂർവമായി  ലഭിച്ചിട്ടുള്ള സഹായങ്ങൾ മനോഹരമായ ഓർമകളാണ്.

തുടക്കം എപ്പോഴുമെന്നപോലെ ബാല്യത്തിൽ നിന്ന് തന്നെയാണ്. അഞ്ചു വയസ്സുള്ളപ്പോൾ ഞാൻ വക്കത്തുള്ള പൂർവിക ഗൃഹത്തിലായിരുന്നു. ഇത് പലതവണ പറഞ്ഞു. എന്നാലും സന്ദർഭം വരുമ്പോൾ വീണ്ടും പറയാതെ വയ്യ. അവിടെ ‘പ്രബോധിനി പ്രൈമറി’ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ഞാനന്ന്. ങേ, അഞ്ചു വയസ്സായപ്പോൾ രണ്ടിലായോ? ആവാമല്ലോ. സ്കൂളിൽ ചേരാൻ ആറു വയസ്സ് തികയണം, ബർത്ത് സർട്ടിഫിക്കറ്റ് വേണം, തുടങ്ങിയ നിബന്ധനകൾ ഒന്നും അന്നില്ല. നടക്കാനും സംസാരിക്കാനും തുടങ്ങിയാൽ കുടിപ്പള്ളിക്കൂട (ആശാൻ പള്ളിക്കൂടം) ത്തിൽ പോകണം. അവിടെ തെളിമണൽ നിലത്ത് വിരിച്ച്  അക്ഷരങ്ങൾ എഴുതി പഠിക്കാം. അത് കഴിഞ്ഞാൽ സ്കൂളിൽ ചേരാം. മൂന്നു വയസ്സായപ്പോൾ എന്നെയും കുടിപ്പള്ളിക്കൂടത്തിൽ ചേർത്തു. ഏഴുതാനുള്ള മണ്ണ് കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവരണം. ആശാൻ പള്ളിക്കൂടത്തിൽ മണ്ണുണ്ട്. പക്ഷേ നല്ല മണ്ണല്ല. അങ്ങനെ എന്റെ മണ്ണ് ചുമക്കാനാണ് ആദ്യമായി ഒരു സഹായിയെ എനിക്ക് കിട്ടിയത്. ഞാൻ അന്ന് വളരെ ഡെലിക്കറ്റ് ആണ്.  ഞാൻ നടക്കില്ല. വഴിനീളെ ചിണുങ്ങും. വീട്ടിൽ നിന്ന് മണ്ണും ചുമന്ന് വരുന്ന സഹായി എന്നെക്കൂടെ ചുമക്കും. പാവം. 

നാലു വയസ്സാവുമ്പോൾ ഒന്നാം ക്ലാസ്സിൽ ചേരാം. എന്നെയും അങ്ങനെ ചേർത്തു. പക്ഷേ ഞാൻ സ്കൂളിൽ പോയിരുന്നില്ല. ഭാഷയും കണക്കും മാത്രമല്ലേയുള്ളു. അത് പഠിക്കാൻ സ്കൂളിൽ പോകണോ? വീട്ടിലിരുന്നു പഠിച്ചാൽ മതി എന്ന് തീരുമാനിച്ചത് അപ്പൂപ്പനും അമ്മുമ്മയും ആയിരിക്കണം. പഠിപ്പിക്കാൻ വീട്ടിൽ ഇഷ്ടം പോലെ ആളുണ്ടല്ലോ. പരീക്ഷയ്ക്ക് സ്കൂളിൽ പോയി എഴുതും. അത്  അകമ്പടിയോടെ.. ഏതായാലും രണ്ടാം ക്ലാസ്സിലായി. അപ്പോഴും പഠിത്തം വീട്ടിലിരുന്നു തന്നെ. അങ്ങനെ പരീക്ഷയ്ക്ക് പോയി ഭാഷയ്ക്കും കണക്കിനും നൂറിൽ നൂറു മാർക്ക് സ്ലേറ്റിൽ കിട്ടിയപ്പോൾ കൂട്ടുകാരുമായി വീട്ടിലേക്കോടി. വീടെത്താറായപ്പോൾ വഴിയിൽ നിൽക്കുന്നു എന്റെ ‘അപ്പു മാമൻ’(അമ്മയുടെ സഹോദരൻ) മാമനെ മാർക്കു കാണിക്കാനുള്ള ഉത്സാഹത്തിൽ ഞാൻ ഓടി. ദാ കിടക്കുന്നു, നിലത്ത്. ഒരു കല്ല് ഉപ്പൂറ്റിയിൽ കൊണ്ട് മുറിയുകയും ചെയ്തു. എട്ടു നാടും പൊട്ടെ ഞാൻ കരഞ്ഞു വിളിച്ചു. മാമൻ എന്നെ വാരിയെടുത്തു. തൊട്ടടുത്ത മുറുക്കാൻ കടയിൽ നിന്ന് ഒരു പൊതി നിറയെ നാരങ്ങാ മിട്ടായി വാങ്ങി തന്നു. മാമന്റെ ചുമലിൽ ഇരുന്ന് വീട് വരെയെത്തി. വഴിയരികിൽ ഓർക്കാപ്പുറത്തു ലഭിച്ച ആ സാന്ത്വനവും ആ നാരങ്ങാ മിട്ടായിയുടെ മധുരവും ഇന്നും മറന്നിട്ടിട്ടില്ല .

അടുത്തവർഷം അച്ഛനമ്മമാരോടൊപ്പം സിറ്റിയിൽ താമസത്തിനു പോന്നു. അവിടെ പുത്തൻ ചന്ത എൽ. പി സ്കൂളിൽ മൂന്നാം ക്ലാസ്സിൽ ചേർന്നു. അവിടെ സ്കൂളിൽ പോയെ പറ്റൂ. സ്റ്റാച്യു ജങ്ഷനിൽ റോഡ് ക്രോസ്സു ചെയ്തു വേണം സ്കൂളിൽ പോകാനും തിരികെ വരാനും. ഇന്നത്തെപ്പോലെ ട്രാഫിക് ഒന്നുമില്ല. എന്നാലും ഞങ്ങൾ, കുറച്ചു പേരെ കൊണ്ടാക്കാൻ ഒരു ചേച്ചി ഉണ്ടായിരുന്നു. ഒരു ദിവസം സ്കൂൾ വിട്ടപ്പോൾ വിളിക്കാൻ ആ ചേച്ചി വന്നിട്ടില്ല. ഞങ്ങൾ കൂട്ടം ചേർന്ന് വീട്ടിലേയ്ക്കു പുറപ്പെട്ടു.  ഇരുവശവും നോക്കി വണ്ടികൾ ഇല്ല എന്നുറപ്പു വരുത്തി റോഡ് മുറിച്ചു കടന്ന്  ഇപ്പുറത്തെത്തി. അപ്പോഴതാ അരികിലൂടെ പാഞ്ഞു വന്ന ഒരു സൈക്കിൾ എന്നെ ഇടിച്ചിട്ടു. എന്റെ കൈമുട്ടുകളും കാൽ മുട്ടുകളും റോഡിലെ ടാറിൽ ഉരഞ്ഞ് വല്ലാതെ മുറിഞ്ഞു. ഞാൻ ഉച്ചത്തിൽ കരഞ്ഞു. ആ സൈക്കിളുകാരൻ സൈക്കിൾ അവിടെയിട്ടിട്ട് ഓടി വന്നു (അയാളുടെ മുഖമോ പ്രായമോ രൂപമോ ഒന്നും ഇപ്പോൾ ഓർക്കുന്നില്ല) എന്റെ കൂട്ടുകാരോട് ചേർന്ന് എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു. ആരൊക്കെയോ ഓടി വന്നു. ഇടിച്ചവനെ തല്ലുന്നതും പൈസ വാങ്ങുന്നതുമൊന്നും അന്ന് പതിവില്ല. ഞാൻ കരഞ്ഞു കൊണ്ട് തന്നെ വീട്ടിലേയ്ക്കു നടന്നു. കൂട്ടുകാരാരോ വീട്ടിൽ കൊണ്ടാക്കി. ബാഗൊക്കെ അവർ പിടിച്ചു. എന്നെയും രണ്ടുപേർ പിടിച്ചാണ് നടത്തിയത്. എന്തൊരു സ്നേഹം !

സെക്രട്ടേറിയറ്റിന്റെ പടിഞ്ഞാറേ ഗേറ്റിനു മുന്നിലാണ് സംഭവം. (അന്നവിടെ സമരക്കാരും സമരപന്തലുമൊന്നുമില്ല.) അതിനുള്ളിലാണ് അച്ഛനും അമ്മയും ജോലി ചെയ്തിരുന്നത്. അഞ്ചു മിനിറ്റിൽ അച്ഛൻ വീട്ടിൽ പാഞ്ഞെത്തി. അച്ഛനെ കണ്ടതും എന്റെ കരച്ചിൽ കൂടി. ‘‘അച്ഛനെങ്ങനെ അറിഞ്ഞു ?’’ കരച്ചിലിനിടയിൽ ഞാൻ ചോദിച്ചു.

‘‘ആ വെളുത്തു മെലിഞ്ഞ, ചുരുണ്ട മുടിയുള്ള, കാതിൽ നീലക്കല്ലു നക്ഷത്ര കമ്മലിട്ട കുട്ടി, സാറിന്റെ മകളല്ലേ? ആ കുട്ടിയെ സൈക്കിളിടിച്ചു. വീട്ടിലേയ്ക്കു കൊണ്ടുപോയി, എന്നൊരാൾ വന്നു പറഞ്ഞു.’’ അച്ഛൻ വിഷമത്തോടെ പറഞ്ഞു. കാൽ മുട്ടിലെയും കൈമുട്ടിലെയും മുറിവുകൾ വല്ലാതെ ചുവന്ന് അരികുകൾ കരിഞ്ഞു കറുത്തിരുന്നു. ചുട്ടു പഴുത്ത റോഡിൽ ഉരഞ്ഞതല്ലേ? വേദന സഹിക്ക വയ്യ. അച്ഛൻ പതുക്കെ മുറിവ് കഴുകി മരുന്ന് പുരട്ടി. പക്ഷഏ എനിക്ക് അപ്പോൾ സാന്ത്വനമായത് ആ അജ്ഞാതന്റെ വാക്കുകളാണ്. വെളുത്ത കുട്ടി, ചുരുണ്ട മുടി, നീലക്കല്ലു കമ്മൽ, അതിലെല്ലാമുപരി അച്ഛന്റെ മകൾ !

പത്തു പതിനെട്ടു വയസ്സായിട്ടും കുട്ടിക്കളി മാറാത്ത ഞാൻ അമ്മയുടെ അടുത്തേയ്ക്ക് എന്തോ വിശേഷം പറയാനായി, ഓടി ചാടി ചെല്ലും വഴി തല വാതിലിലെ കുറ്റിയിൽ ഇടിച്ചു. നെറ്റിയും മുടിയും ചേരുന്നിടത്ത് ഒത്ത നടുവിൽ തന്നെ മുറിഞ്ഞു. മുഖത്തു കൂടി ചോര ഒഴുകി. അമ്മ പരിഭ്രമിച്ച് ഉച്ചത്തിൽ നിലവിളിച്ചു. അത് കേട്ട് അടുത്ത വീട്ടിലെ മതിൽ പണിഞ്ഞു കൊണ്ട് റോഡിൽ നിന്നിരുന്ന മുതിർന്ന ഒരാൾ ഓടി വന്നു. അയാളുടെ മുഷിഞ്ഞ തോർത്തെടുത്ത് നെറ്റിയിൽ വച്ച് അമർത്തി പിടിച്ചു. ചോര ചാടുന്നത് നിന്നു. അച്ഛൻ വന്നു. ആശുപത്രിയിൽ കൊണ്ടു പോയി. സ്റ്റിച്ചിട്ടപ്പോഴുള്ള വേദനയ്ക്ക് മീതെ നെറ്റിയിൽ അമർന്ന ആ കൈകൾ അപ്പോഴും മനസ്സിൽ സാന്ത്വന സ്പർശമായി. 

കോട്ടയത്ത് താമസിക്കുന്ന കാലം. പരിണാമ ചക്രം ഏറെ തിരിഞ്ഞു കഴിഞ്ഞിരുന്നു. ഒരു ദിവസം തിരുവനന്തപുരത്തു നിന്ന് വഞ്ചിനാടിൽ വന്നു റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ മണി എട്ട്‌ -എട്ടര. പ്ലാറ്റ് ഫോമിലൂടെ നടന്ന് പുറത്തിറങ്ങി റോഡിലെത്താൻ സമയമെടുക്കും. പുറത്തുള്ള ഒരു കയറ്റം കയറിയാൽ വേഗം റോഡിലെത്താം. അവിടെ നിന്ന് ഓട്ടോയോ ബസോ പിടിക്കാം. ഞാൻ കയറ്റം കയറാൻ തുടങ്ങി. കാൽ വഴുതി ഞാൻ താഴേയ്ക്ക് നിരങ്ങാൻ തുടങ്ങി കമഴ്ന്നടിച്ചു ഞാൻ ആ ചരിവിൽ  വീണേനെ. പെട്ടെന്നു പിന്നിൽ നിന്ന് ആരോ ഒരാൾ എന്റെ ഭുജത്തിൽ ബലമായി പിടിച്ചു. എന്നിട്ടു പറഞ്ഞു ‘കയറിക്കൊള്ളൂ.’ ഞാൻ കയറി . അല്ല അയാൾ എന്നെ കയറ്റി വിട്ടു. മുകളിലെത്തിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി ഒരു പാടു പേര് കയറ്റം കയറി ഓടിപ്പോകുന്നുണ്ട്. ആയാളും പോയിട്ടുണ്ടാവും താങ്ക്സ് പറഞ്ഞോ എന്നെനിക്ക്  ഇപ്പോൾ ഓർമയില്ല. മുഖമടിച്ച് കമഴ്ന്നു വീണു പല്ലു പോകാതെ രക്ഷിച്ച അയാൾ ആരാണോ ?                  .          

പിന്നീടൊരിക്കൽ നഗരത്തിലെ തിരക്കുള്ള റോഡിലൂടെ നടക്കുമ്പോൾ, പ്രൈവറ്റ് ബസുകളുടെ ഓട്ടമത്സരത്തിനിടയിൽ, ഒരു ബസ് എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞു വന്നു. എതിരെ കാലൻ കുടയുമായി വന്ന ഒരു വൃദ്ധൻ എന്നെ റോഡിന്റെ അരികിലേക്ക് പിടിച്ചു മാറ്റി. അല്ലായിരുന്നെങ്കിൽ ബസ് എന്നെ  ഇടിച്ചിട്ടു എന്റെ മേൽ കൂടി കയറിപ്പോയേനെ. ‘‘സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട’’ ആ അപ്പൂപ്പൻ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു. ‘‘അവന്മാർക്കെന്താ, നഷ്ടം നമുക്ക് മാത്രം’’ എന്ന് കൂടി പറഞ്ഞു ആശ്വസിപ്പിച്ചിട്ട് അദ്ദേഹം നടന്നകന്നു. എന്റെ നെഞ്ചിടിപ്പ് മാറിയിരുന്നില്ല.

മറ്റൊരിക്കൽ ഓഫീസിൽ വച്ച് കഠിനമായ തലവേദന വന്നു. മൈഗ്രൈൻ. കണ്ണ് കാണാൻവയ്യ. തല വെട്ടി പിളരുന്ന പോലെ .എങ്ങനെയോ ഓഫീസ് ബസിൽ കയറിക്കൂടി. ബസ്സിറങ്ങിയതും വഴിയരികിൽ ഞാൻ ഛർദിച്ചു. പിന്നെ ഒരു ബസു കൂടി കയറി വേണം വീട്ടിലെത്താൻ. എനിക്ക് അതിനു കഴിയുമായിരുന്നില്ല. തലകറങ്ങി ഞാൻ വീണുപോകുമെന്ന അവസ്ഥ. അപ്പോൾ വന്ന ഒരു ഓട്ടോയ്ക്ക് കൈകാണിച്ചു, ഞാൻ കയറി സ്ഥലം പറഞ്ഞപ്പോഴേയ്ക്ക് തളർന്നവശയായി ചാരി കിടന്നു. ഓട്ടോ ഓടി തുടങ്ങിയതും ഞാൻ തീരെ അവശയായി കണ്ണടച്ചു . ഓരോ ജംഗ്ഷനിലും ഡ്രൈവർ ചോദിക്കുന്നുണ്ടായിരുന്നു, നേരെയാണോ , ഇടത്തോട്ടോ, വലത്തോട്ടോ. ഞാൻ എങ്ങനെയോ മറുപടി നൽകി. വീടിനു മുന്നിൽ ഓട്ടോയിൽ നിന്നിറങ്ങിയതും ഞാൻ ഛർദിച്ചു. എന്റെ മകൾ അന്ന് കുട്ടിയാണ്. സ്കൂൾ വിട്ടു വന്ന് അമ്മയെ കാത്തിരുന്ന അവൾ ഓടിവന്നു. ബാഗ് അവളുടെ കയ്യിൽ കൊടുത്ത്  ഞാൻ പറഞ്ഞു. ‘അയാൾക്ക്‌ പൈസ കൊടുക്കൂ.’ ഞാൻ എങ്ങിനെയോ വീട്ടിൽ കയറി കട്ടിലിൽ വീണു. അവൾ പരിചയമുള്ള ഏതോ ഡോക്ടറെ വിളിച്ചു ചോദിച്ച്, ഓടിപ്പോയി മരുന്നു വാങ്ങി വന്നു. അതുവരെ അടുത്ത വീട്ടിലെ ഒരു അമ്മച്ചി എന്റെ അടുത്തിരുന്നു. മരുന്ന് കഴിച്ച് ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് ആശ്വാസം തോന്നി. ‘എനിക്ക് തീരെ വയ്യ എന്നെ വീട്ടിലെത്തിക്കൂ’ എന്ന് പറഞ്ഞപ്പോൾ ഏതാണ്ട് അബോധാവസ്ഥയിൽ ആയിരുന്ന എന്നെ സുരക്ഷിതമായി വീട്ടിലെത്തിച്ച ആ ഓട്ടോക്കാരന് ഞാൻ മനസ്സു കൊണ്ട് നന്ദി പറഞ്ഞു. പീഡനവും ആഭരണകവർച്ചയുമൊന്നും അന്ന് ഇത്രയും ‘പോപ്പുലർ’ ആയിട്ടില്ല. ആളെ ഓർക്കുന്നില്ല എങ്കിലും ആ നന്മ എനിക്ക് മറക്കാനാവില്ല.

മുഖം ഓർക്കാൻ കഴിയാത്ത അല്ലെങ്കിൽ കഴിയുന്ന ഒരു പാടുപേര് നമ്മളെ വഴിയരികിൽ സഹായിച്ചിട്ടുണ്ടാവും. ആ സംഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.  

Content Summary: Kadhayillaimakal, Column by Devi JS 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA