സാരേ ജഹാം സെ അഛാ !

india-flag
SHARE

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ! രാജ്യമെങ്ങും, ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും മാത്രമല്ല, വീടുകളിലും കടകളിലും വഴിയോരങ്ങളിലും ദേശീയപതാക ഉയർത്തി നമ്മൾ ആഘോഷിച്ചു. ‘ഹർ ഘർ തിരംഗ’ ആചരണത്തിന്റെ തുടക്കം.

എനിക്ക് ഓർമ വച്ച നാൾ മുതൽ കേൾക്കുന്നതാണ്, സ്വാതന്ത്ര്യദിനം ,ദേശീയപതാക, സ്വാതന്ത്ര്യദിനാഘോഷം. ആദ്യമൊക്കെ അതെന്താണെന്ന് അറിയില്ലായിരുന്നു. പിന്നീട് അച്ഛനും അമ്മയും അധ്യാപകരും പറഞ്ഞു മനസ്സിലാക്കി തന്നു, ആ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ചും മാഹാത്മ്യത്തെക്കുറിച്ചും. വലിയ ക്ലാസ്സുകളിൽ എത്തിയതോടെ നമ്മുടെ നാട് രണ്ടു നൂറ്റാണ്ടു കാലമായി അനുഭവിച്ച പരതന്ത്ര്യത്തെക്കുറിച്ചും ,സ്വാതന്ത്ര്യസമരങ്ങളെക്കുറിച്ചും ,നാടിന്റെ സ്വാതത്ര്യത്തിനു വേണ്ടി ജീവൻ നഷ്‌ടമായ വീരദേശസ്നേഹികളെക്കുറിച്ചും സാമൂഹ്യപാഠത്തിൽ പഠിച്ചു .

ഗാന്ധിജിയേയും നെഹ്രുവിനേയും സുഭാഷ്  ചന്ദ്രബോസിനേയുമൊക്കെ ആരാധിച്ചിരുന്ന ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. അതൊരു രാഷ്ട്രീയ ചിന്ത ആയിരുന്നില്ല.അതുകൊണ്ട്  ഇവരുടെയൊക്കെ കൃതികൾ വായിക്കാൻ ഹൈ സ്കൂൾ പഠന കാലത്തു തന്നെ എന്നെ അച്ഛൻ   പ്രേരിപ്പിച്ചിരുന്നു. അത് മാത്രമല്ല മറ്റനേകം മഹത്തായ രചനകളും. അങ്ങനെ സ്വാതന്ത്ര്യത്തെക്കുറിച്ചും ആദ്യകാലം മുതലുള്ള സ്വാതന്ത്ര്യ  സമരങ്ങളെക്കുറിച്ചും  ധീരമായി പോരാടി ജീവൻ വെടിഞ്ഞ ദേശസ്നേഹികളെക്കുറിച്ചും അറിഞ്ഞ് എന്റെ മനസ്സ് അഭിമാനപൂരിതമായി.

കുട്ടിക്കാലത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ വർണശബളമായ ഓർമ എനിക്കുണ്ട് . സ്കൂൾ അങ്കണത്തിൽ രാവിലെ ഹെഡ് മിസ്ട്രസ് പതാക ഉയർത്തും. പിന്നെ കുട്ടികൾക്ക് മധുരം വിതരണം ചെയ്യും .ദേശഭക്തിഗാനങ്ങളും, സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സ്കിറ്റുകളും, ദേശാഭിമാനം തുളുമ്പുന്ന കവിതകളുടെ നൃത്താവിഷ് കാരവുമുണ്ടാകും. ഈ നർത്തകിയും അതിൽ പങ്കെടുത്തിട്ടുണ്ട്. പിന്നെ സ്റ്റേഡിയത്തിൽ പരേഡും വൈകുന്നേരം റാലിയുമൊക്കെ അന്നുണ്ടായിരുന്നു. പ്രീഡിഗ്രിക്ക് എൻ സി സി യിൽ ഉണ്ടായിരുന്നപ്പോൾ പരേഡുകൾക്കും പോയിട്ടുണ്ട്. അങ്ങനെ ആഘോഷിച്ചാഘോഷിച്ച് നമ്മൾ സ്വാതന്ത്രരായിട്ട്  75 വർഷം   തികഞ്ഞു. 

ഈ അവസരത്തിൽ -പതാക ഉയർത്തുകയും താഴ്ത്തുകയും ചെയ്യുമ്പോൾ - പഴയ പല സംഭവങ്ങളും അനുസ്മരിക്കേണ്ടതുണ്ട്. 1947 ആഗസ്റ്റ് 14 )0 തീയതി സന്ധ്യയ്ക്ക് രണ്ടു നൂറ്റാണ്ടോളമായി ഇന്ത്യയിലെമ്പാടുമുള്ള സർക്കാർ മന്ദിരങ്ങളിലും സൈനിക കേന്ദ്രങ്ങളിലും പാറിക്കളിച്ചിരുന്ന 'യൂണിയൻ ജാക്ക് ' എന്ന ബ്രിട്ടീഷ് പതാക താഴ്ത്തപ്പെട്ടു, പിന്നീടൊരിക്കലും ഉയർത്താതിരിക്കാനായി. അന്ന് അർദ്ധരാത്രിയിൽ അധികാര കൈമാറ്റം നടന്നു. ഇന്ത്യ സ്വതന്ത്രയായി.  പതിനഞ്ചാം തീയതി പ്രഭാതത്തിൽ സ്വതന്ത്ര ഇന്ത്യയുടെ പതാക ഉയർന്നു. അന്ന് തൊട്ടിന്നുവരെ നമ്മുടെ ത്രിവർണ പതാക പാറിപ്പറക്കുന്നു.

എണ്ണമറ്റ നേതാക്കന്മാരുടെയും ധീരരായ പോരാളികളുടെയും ദീർഘകാലം നീണ്ടു നിന്ന പോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും നേട്ടമാണ് ഇന്ത്യക്കു കിട്ടിയ സ്വാതന്ത്ര്യം. അവരെയെല്ലാം ഓരോ ആഗസ്റ്റ് 15 നും നമ്മൾ സ്മരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാഗാന്ധി ,സ്വതന്ത്ര ഇന്ത്യയെ നയിച്ച ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്ര ബോസ് എന്നിവരടങ്ങുന്ന നേതൃത്വവും അവരുടെ പിന്നിൽ അണിനിരന്ന ജനകോടികളും ത്യാഗനിർഭരമായ   സമരങ്ങളിലൂടെ നേടിത്തന്ന സ്വാതന്ത്ര്യം അതേപോലെ നിലനിർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യമല്ലേ അന്നവർ വിഭാവന ചെയ്തത് ? അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത് ക്കരിക്കപ്പെട്ടോ?

പ്ലസ് ടൂ വരെയുള്ള വിദ്യാഭ്യാസം സൗജന്യമായിരിക്കണം. ജാതി മത ഭേദമന്യേ എല്ലാവർക്കും അത് നേടാൻ അവകാശമുണ്ടായിരിക്കണം, എന്നല്ലേ ഗാന്ധിജി ആഗ്രഹിച്ചത് ? നമ്മുടെ നാട്ടിൽ ഇന്ന് വിദ്യാഭ്യാസം ഒരു കച്ചവടമല്ലേ?

കുടിവെള്ളപാത്രത്തിൽ തൊട്ട ഒൻപതു വയസ്സ് മാത്രമുള്ള ദളിത് ബാലനെ അധ്യാപകൻ മർദ്ദിച്ചു കൊല്ലുന്ന ഈ നാട്ടിൽ മതേതരത്വത്തെക്കുറിച്ച് പായാൻ നമുക്ക് അർഹതയുണ്ടോ?

വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ച് ഒരു ആദിവാസിയെ ഒരു കൂട്ടം ആളുകൾ  തല്ലിക്കൊല്ലുന്നതാണോ നമ്മുടെ സ്ഥിതി സമത്വം?

മാട്ടിറച്ചി തിന്നുന്നവനെ അടിച്ചു കൊല്ലുന്നത് നീതിയാണോ? ഇഷ്ടമുള്ളത് ഭക്ഷിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ജീവജാലങ്ങളുടെയും അവകാശമല്ലേ ?

ഇനിയും എത്രയോ ക്രൂരമായ അനീതികൾ ചൂണ്ടിക്കാണിക്കാനാവും.

ഇതിനിടയിലാണ് മഹത്തായ സ്വാതന്ത്ര്യലബ്ധിയുടെ 75 –ാം വാർഷികം പതാകയുയർത്തി നമ്മൾ കൊണ്ടാടുന്നത്! രാജ്യസ്നേഹത്തെയും സ്വദേശാഭിമാനത്തെയും അങ്ങേയറ്റം ആദരിച്ചു കൊണ്ടു  തന്നെ , ഒരു ഇന്ത്യാക്കാരി   എന്നതിൽ ഏറ്റവും അഭിമാനിക്കുന്ന ഞാൻ സംശയിക്കുന്നു, നമ്മുടെ സ്വാതന്ത്ര്യം സുശക്തമാണോ?

വിശപ്പും ദാരിദ്ര്യവും ജാതിമതവ്യവസ്ഥയും അസമത്വവും അടിച്ചമർത്തലുകളും ഇല്ലാത്ത ഒരു ഭാരതം . അതാവണം ഓരോ ഭാരതീയന്റെയും സ്വപ്‌നവും ലക്ഷ്യവും. അതെന്നു നേടുന്നുവോ അന്നേ നമ്മൾ  യഥാർത്ഥ സ്വാതന്ത്ര്യം  കൈവരിക്കുകയുള്ളൂ . അന്ന് ആത്മാഭിമാനത്തോടെ ത്രിവർണപതാക വീശി നമുക്ക് സ്വാതന്ത്ര്യ ദിനത്തിന്റെ ഓരോ വാർഷികപ്പുലരിയെയും വരവേൽക്കാം.  ഒരേ ശബ്ദത്തിൽ ‘ജയ് ഹിന്ദ്’ എന്നാർത്തു വിളിക്കാം.                            

           

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}