വിരാമം ഒരാശ്വാസം

think
Representative image. Photo Credit: fizkes/Shutterstock.com
SHARE

ഋതുമതിയാകുന്നതുപോലെ തന്നെ പ്രധാനമാണ് ഒരു സ്ത്രീയുടെ ജീവിതത്തിൽ ആർത്തവ വിരാമവും. ഏതാണ്ട് പന്ത്രണ്ടു വയസ്സു മുതൽ അമ്പതു വയസ്സ് വരെ നീണ്ടു നിൽക്കുന്ന ആർത്തവകാലം സ്ത്രീക്ക് അത്ര സുഖകരമായ സമയമൊന്നുമല്ല. പുഷ്കലത്വത്തിന് (fertility) തെളിവായ ആർത്തവം പ്രകൃത്യാ ഉള്ളതാണെങ്കിലും ചില പെണ്ണുങ്ങൾക്ക് ദുരിതപൂർണമാണ്, ഓരോ മാസത്തിലെയും ആ നാലഞ്ചു ദിവസങ്ങൾ. കനത്ത രക്തസ്രാവം, കടുത്ത വയറുവേദന, വല്ലാത്ത തലവേദന (migraine), കൈകാലുകൾ തളരുന്ന കഴപ്പ് , വെട്ടിപ്പിളരുന്ന നടുവേദന! ഇതിനെല്ലാം പുറമെ ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടുണ്ടാവുന്ന മാനസീകാസ്വാസ്ഥ്യങ്ങൾ - കാര്യമില്ലാതെ അക്ഷമ, പെട്ടെന്ന് വരുന്ന ദേഷ്യം, വെറുതെ സങ്കടം തുടങ്ങിയ വികാര വിക്ഷോഭങ്ങൾ ! ഈ മാസമുറപ്രയാസങ്ങൾ അനുഭവിങ്ങുന്ന സ്ത്രീയെ മാത്രമല്ല വീട്ടിലുള്ള മറ്റുള്ളവരെയും  അസ്വസ്ഥരാക്കും.

ഈ സാഹചര്യത്തിലാണ് ആർത്തവ വിരാമം(menopause) സ്ത്രീക്ക് ഒരു അനുഗ്രഹവും ആശ്വാസവുമായി മാറുന്നത്.  ഭയപ്പെടാതെ ജോലിസ്ഥലത്തു പോകാം. സാനിറ്ററി നാപ് കിൻ ബാഗിൽ കൊണ്ട് നടക്കേണ്ട. ഇടയ്ക്ക് അത് മാറ്റാനായി ബാത്റൂമിലേയ്ക്ക് ഓടേണ്ട. അഴുക്കായ നാപ് കിൻ  പൊതിഞ്ഞ് കൊണ്ടു കളയാൻ മിനക്കെടേണ്ട. ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ വസ്ത്രത്തിനു പിറകുവശം കേടായോ എന്ന് തിരിഞ്ഞു നോക്കേണ്ട കാര്യമില്ല. ഇതൊക്കെയാണ്  വിരാമം നൽകുന്ന ആശ്വാസങ്ങൾ. ആർത്തവത്തിന് കാരണമാകുന്ന ഹോർമോണുകളുടെ ഉത്പാദനം നിലയ്ക്കുന്നു. അതോടെ ആർത്തവചക്രം ഇല്ലാതാകുന്നു. ഏകദേശം ഒരു പന്ത്രണ്ടു മാസം കൊണ്ടാണ് പതുക്കെ പതുക്കെ ഹോർമോൺ കുറഞ്ഞ് ആർത്തവം ക്രമരഹിതമായി, ഒടുവിൽ നിശ്ശേഷം ഇല്ലാതാവുന്നതോടെ സ്ത്രീയുടെ പ്രത്യുൽപാദന ശേഷിയും ഇല്ലാതാകുന്നു.   

ആർത്തവ വിരാമം ചില സ്ത്രീകളിൽ വലിയ പ്രശ്‍നങ്ങൾ സൃഷ്ടിക്കാറുണ്ട്. സാധാരണയായി കാണുന്ന ലക്ഷണങ്ങൾ ശരീരമാകെ പ്രവഹിക്കുന്ന പുകച്ചിൽ (hot flushes), അമിതമായ വിയർപ്പ്, യോനിയിൽ വരൾച്ച, ഉറക്കമില്ലായ്മ  ഇതൊക്കെയാണ്. ഇത് കുറെയൊക്കെ ശാരീരികവും (ഹോർമോൺ കുറവുകൊണ്ടുണ്ടാകുന്നത് ),കുറെയൊക്കെ മാനസികവും (എന്തോ കുറവ് സംഭവിച്ചു എന്ന ചിന്ത അലട്ടുന്നത് കൊണ്ട് ) ആണെന്ന് പറയേണ്ടിയിരിക്കുന്നു.ശാരീരികമായ അസ്വാസ്ഥ്യങ്ങൾ  ഒരു ഡോക്ടറുടെ സഹായത്തോടെ ചികിത്സകൾ കൊണ്ട്  പരിഹരിക്കാവുന്നതാണ് .(മരുന്നുകൾ, ഹോർമോൺ ട്രീറ്റ് മെന്റ് , ലൂബ്രിക്കന്റ്സ് ).  

ഇതൊന്നും അനുഭവപ്പെടാത്ത സ്ത്രീകളും ഉണ്ട്. ഇത് പ്രകൃത്യാ ഉള്ളതാണ്. ജീവിതത്തിന്റെ ഒരു ഘട്ടമാണ് എന്നവർ വളരെ കൂളായി അംഗീകരിക്കുന്നത് കൊണ്ടാവാം.  മിതമായ രീതിയിൽ അവർ ഹോർമോൺസ് ന്റെ കുറവ് നികത്തുന്നതു കൊണ്ടാവാം. ഒരുപാടു തിരക്കുകൾ ഉള്ളവർ ഇതിനെക്കുറിച്ചൊന്നും ക്ലേശിക്കാതെ മറ്റു കാര്യങ്ങളിൽ കൂടുതൽ വ്യാപൃതരാകുന്നതു കൊണ്ടുമാവാം. ഇവിടെ മെനോപാസൊരു അനുഗ്രഹമായി മാറുന്നു. 

ഇതാ പിന്നെയും ചെറിയ പെൺകുട്ടികൾ സംശയങ്ങളുമായി. അവർക്കാണെങ്കിൽ പീരിയഡ് സമയത്തു നൃത്തമുണ്ടാവും, ഗെയിംസിൽ പങ്കെടുക്കണം,  ഓടുകയോ ചാടുകയോ ഒക്കെ വേണ്ടി വരും.

‘‘സാനിറ്ററി നാപ്​കിന്റെ പരസ്യത്തിൽ കാണുമ്പോലെ ഏതവസരത്തിലും നാപ്​കിൻ ഉണ്ടെങ്കിൽ പ്രശ്നമില്ല എന്ന് പറയും പോലെ ഒന്നുമല്ല ദേവിയമ്മേ. പീരിയഡ്​സ് ഒരു അസൗകര്യം തന്നെയാണ്. ഇതൊന്നു കഴിയണമെങ്കിൽ വയസ്സാകണമല്ലോ അല്ലേ ദേവിയമ്മേ.’’ അവരും ഞാനും ചിരിക്കുന്നു.

ആർത്തവ വിരാമമെന്നാൽ വൃദ്ധയായി എന്നർത്ഥമില്ല. കാരണം മുപ്പത്തിയെട്ടാം വയസ്സിൽ ഗർഭപാത്രവും അതിനോടനുബന്ധിച്ചുള്ള ആന്തരീകാവയവങ്ങളും മുറിച്ചു മാറ്റേണ്ടി വന്ന ഒരാളാണ് ഞാൻ. സ്വാഭാവികമായും ഒരുപാടു പ്രശ്നങ്ങൾ ഉണ്ടാവേണ്ടതാണ്. കാരണം നോർമലായ ഒരു ആർത്തവവിരാമം സംഭവിക്കുകയായിരുന്നില്ലല്ലോ എന്റെ കാര്യത്തിൽ ഉണ്ടായത്!  ഓവറിയെ ബാധിച്ച കാൻസർ രോഗത്തിൽ നിന്ന് എന്നെ രക്ഷിക്കാൻ അതേ വഴിയുണ്ടായുള്ളു. പിടിച്ചു നിർത്തിയ ആർത്തവം, പെട്ടന്ന് നിലച്ചുപോയ ഹോർമോണുകളുടെ ഉത്പാദനം. പക്ഷേ ഇതൊന്നും എന്നെ ബാധിച്ചില്ല എന്നതാണ് അത്ഭുതം. സർജറിക്കു ശേഷം കീമോ തെറാപ്പി തുടങ്ങി. കാൻസർ രോഗത്തിൽ നിന്ന് രക്ഷപ്പെടണമെന്ന ചിന്ത മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളു. എന്റെ മക്കൾ അന്ന് ചെറിയ കുട്ടികളാണ്. അച്ഛനില്ലാത്ത അവർക്ക് അമ്മകൂടി ഇല്ലാതായാലോ. എനിക്ക് ജീവിച്ചേ തീരൂ. അങ്ങനെ ജീവിക്കാൻ അത്യുൽക്കടമായ ഒരാഗ്രഹം ഉണ്ടായതു കൊണ്ടാവാം മറ്റൊന്നും ഞാൻ ശ്രദ്ധിച്ചതേയില്ല.

നീണ്ട കീമോക്കാലത്തിനു ശേഷം പഴയ ദേവിയായി മാറിയതിനു ശേഷമാണ്, എനിക്കിനി ആർത്തവം ഉണ്ടാവുകയില്ല എന്നു  ഞാൻ ഓർത്തതു തന്നെ. ഏതായാലും കുറേക്കാലം ചെറിയ അളവിൽ ഹോർമോൺ ഗുളികകൾ എനിക്ക് തരാൻ എന്റെ ഡോക്ടർ ചേച്ചി തന്നെയാണ് തീരുമാനിച്ചത്. അതു കൊണ്ടു കൂടിയാവാം സാധാരണ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഒന്നും തന്നെ എനിക്ക് അനുഭപ്പെട്ടതേയില്ല. ആർത്തവ സമയത്ത് വല്ലാതെ കഷ്ടപ്പെട്ടിരുന്ന എനിക്ക് അതിൽ നിന്നുള്ള മോചനം ആശ്വാസകരമായിരുന്നു താനും.

അന്നും ഇടയ്ക്കു ലേഖനങ്ങൾ എഴുതിയിരുന്നു. ആർത്തവ വിരാമം സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയതിൽ ഒരു ലേഖനം എഴുതും  മുൻപ് ഞാൻ എന്റെ ഡോക്ടർ ചേച്ചിയോട് സംശയങ്ങൾ ചോദിച്ചിരുന്നു. ചേച്ചി വിശദമായിത്തന്നെ എല്ലാം പറഞ്ഞു തന്നു. അപ്പോൾ ഞാൻ ഒരു കുസൃതിച്ചോദ്യം ചോദിച്ചു.

‘‘ചേച്ചീ ഞാൻ തനിച്ചാണ്. പക്ഷേ ഭർത്താവിനോടൊപ്പം കഴിയുന്ന സ്ത്രീകളില്ലേ? അല്ലെങ്കിൽ സിംഗിൾ ആയ ഒരു സ്ത്രീക്ക് ഒരു കാമുകനുണ്ടെങ്കിലോ? ചെറുപ്പത്തിലേയുള്ള മെനോപാസ് അവരുടെ സെക്സിനെ ബാധിക്കില്ലേ?’’

ചേച്ചി ചിരിച്ചു. പിന്നെ പറഞ്ഞു.

‘‘അതിനൊന്നും ഒരു തടസ്സവുമുണ്ടാകില്ല. ഡ്രൈനെസ് തോന്നുന്നവെങ്കിൽ അത് പരിഹരിക്കാൻ മോയിസ്ച്ചറൈസിങ് ക്രീമുകളുണ്ട്. ഹോർമോൺ തെറാപ്പിയുമാകാം. ഗർഭമുണ്ടാകും എന്ന ഭയവും ഇല്ല. ആ നാലു ദിവസവും മാറി നിൽക്കേണ്ട. മുന്നൂറ്റിയറുപത്തഞ്ചു ദിവസവും ഫിറ്റ്.’’ ചേച്ചിയുടെ വാക്കുകളിലും കുസൃതി തുളുമ്പി.

‘‘അതിനു മാത്രമല്ല എപ്പോൾ വേണമെങ്കിലും എവിടേയ്ക്ക് വേണമെങ്കിലും യാത്ര ചെയ്യാം. അമ്പലത്തിൽ എന്നും പോകാം. വേണമെങ്കിൽ നൃത്തവും പരിശീലിക്കാം.’’ ചേച്ചി തുടർന്നു

കേട്ടില്ലേ എല്ലാവരും? എന്നെപ്പോലെ നാല്പതിന് മുൻപ് ആർത്തവത്തിന് പെട്ടെന്ന് പൂർണ്ണവിരാമം ഇടേണ്ടി വന്നവരോടും , അമ്പതു കഴിഞ്ഞ് പതുക്കെ ഘട്ടം ഘട്ടമായി ആർത്തവം നിലച്ചവരോടും, ഇനി ഞാൻ പറയട്ടെ. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ഒരു നീലാകാശമാണ് ആർത്തവവിരാമത്തിലൂടെ നമുക്ക് തുറന്നു കിട്ടുന്നത് എന്ന് വിശ്വസിക്കൂ. പിന്നെ സുഖം ,സന്തോഷം, സ്വർഗം. നമുക്ക് ആഘോഷിക്കാം.

Content Summary: Kadhayillaimakal column by Devi JS on menopause

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}