രംഗബോധമില്ലാത്ത കോമാളി !

kadhayillaymakal-column-by-devi-js-about-death
SHARE

മരണത്തിനുള്ള ഒരു വിശേഷണമാണിത്. സുഖത്തിന്റെയും സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും പാരമ്യത്തിൽ നിൽക്കുന്ന മനുഷ്യരുടെ ജീവിതത്തിലേയ്ക്ക് ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ കടന്നു വന്ന് എല്ലാം തകർത്തു കളയുന്ന മരണത്തെ വേറെ എന്തു  പേരിട്ടാണ്‌ വിളിക്കുക!

മരണമാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം എന്നു പറയാറുണ്ട്. അത് സത്യം തന്നെയാണ്. പകരംവയ്ക്കാനില്ലാതെ, പിന്നീടൊരിക്കലും കാണാനാവാതെ, എന്നെന്നേയ്ക്കുമായി പ്രിയപ്പെട്ടവരെ കൊണ്ട് പോകുന്ന മരണം , ഒരു തീരാ നഷ്ടം തന്നെയാണ്  വരുത്തുന്നത്.

ഏതാനും ദിവസം മുൻപ് എന്റെ  ബന്ധുവായ കുസുമത്തിന് ഒരു ആക്‌സിഡന്റ് ഉണ്ടായി. അവൾ ഓടിച്ചിരുന്ന കാറിൽ ഒരു ലോറി വന്നിടിച്ചു. കാർ തകർന്നു പോയി, അതിലുണ്ടായിരുന്ന കുസുമവും. രണ്ടു മൂന്നു ദിവസം ഐ സി യു വിലും  വെന്റിലേറ്ററിലും കിടന്ന് കഷ്ടപ്പെട്ടിട്ട്‌ വേദനകളില്ലാത്ത ലോകത്തേയ്ക്ക് അവൾ യാത്രയായി. അന്ന് ചെയ്യേണ്ട കാര്യങ്ങൾ, പിറ്റേന്ന് ചെയ്യേണ്ട കാര്യങ്ങൾ, കാണേണ്ട ആളുകൾ, പോകേണ്ട ഇടങ്ങൾ, വാങ്ങേണ്ട സാധനങ്ങൾ, അങ്ങനെ എന്തെല്ലാം പ്ലാനുകളുമായിട്ടാവും അവൾ വീട്ടിൽ നിന്ന് ഇറങ്ങിയിട്ടുണ്ടാവുക. എല്ലാം ഒരു നിമിഷം കൊണ്ട് തെറ്റിപ്പോയില്ലേ? അവൾക്കു പ്രിയപ്പെട്ട എന്തെല്ലാം  ആ വീട്ടിലുണ്ട്. ഭർത്താവും മകനും മാത്രമല്ല, കരുതി വച്ച എത്രയോ വസ്തുക്കൾ. വസ്ത്രങ്ങൾ, പാത്രങ്ങൾ, പുസ്തകങ്ങൾ, ക്യൂറിയോസ്, ആഭരണങ്ങൾ, പണം. എല്ലാം അങ്ങനെ തന്നെയിട്ടിട്ട് അവൾക്കു പോകേണ്ടി വന്നില്ലേ? മരണത്തിന്റെ ഒരു ക്രൂരത! 

കുസുമത്തിന്റെ ആകസ്മികമായ വേർപാടിൽ സങ്കടപ്പെട്ടിരിക്കെ, അതേ പോലെയുള്ള ചില സംഭവങ്ങൾ കൂടി ഓർമയിൽ വന്ന് എന്നെ വേദനിപ്പിച്ചു.

ഒരു ഉച്ചയ്ക്ക് നിന്ന നിലയിൽ വീട്ടിനകത്ത് കുഴഞ്ഞു വീഴുകയായിരുന്നു റൂബി എന്ന കൂട്ടുകാരി. അയല്പക്കക്കാരാരോ  റൂബിയുടെ പരിചാരികയുടെ നിലവിളി കേട്ട് ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും റൂബിയെ രക്ഷിക്കാനായില്ല. അവളുടെ ഹൃദയം നിലച്ചു പോയി. കാര്യകാരണങ്ങൾ എന്തൊക്കെ പറഞ്ഞാലും പോയത് പോയതു തന്നെ. കഴുകിയിട്ട വസ്ത്രങ്ങൾ അഴയിൽ കിടക്കുന്നു. പാകം ചെയ്ത് ഊണു മേശപ്പുറത്തു അടച്ചു വച്ച ഭക്ഷണസാധനങ്ങൾ അങ്ങനെ തന്നെ ഇരിക്കുന്നു. റൂബി പോയതറിയാതെ. റൂബിയുടെ മകൾ അപ്പോൾ ഗർഭിണിയായിരുന്നു. മകളുടെ പ്രസവത്തിനു വേണ്ട ഒരുക്കങ്ങളെല്ലാം റൂബി ചെയ്തിരുന്നു. മകൾ പ്രസവിച്ച്  ആ കുഞ്ഞിനെ റൂബി ഒന്ന് കാണുന്നതുവരെ കാത്തു നിൽക്കാമായിരുന്നില്ലേ മരണത്തിന് എന്നു ഞാൻ  ഓർത്തു പോയി.

ഷീലയുടെ ഏകമകൻ- ആണും പെണ്ണും വേറെയില്ല. മരിച്ചതറിഞ്ഞപ്പോൾ എങ്ങനെയാണു ഷീലയെ ഒന്നു പോയി കാണുകയെന്നു  ഞാൻ അധൈര്യപ്പെട്ടു. ഉത്തരേന്ത്യയിലായിരുന്നു മകനും മരുമകളും ജോലി ചെയ്തിരുന്നത്. ഷീല ഇടയ്ക്കു നാട്ടിൽ വരും. മകന് ഇഷ്ടപെട്ട ഒരു കുട്ടിയെയാണ് അവൻ വിവാഹം ചെയ്തത്. അടക്കമൊക്കെ കഴിഞ്ഞ്  കുറേ നാളുകൾക്കു ശേഷമാണ് ഷീല നാട്ടിലെത്തിയത്. അവരുടെ സങ്കടം കാണാൻ വയ്യ. എന്നാലും പോകാതിരിക്കാനാവുമോ? ഞാൻ ചെന്നപ്പോൾ കല്ലുപോലെയിരിക്കുന്ന രണ്ടുപേരെയാണ് ഞാനവിടെ കണ്ടത്. മകനെപ്പറ്റി ഷീല ഒന്നും ഉരിയാടിയില്ല. ആ പെൺകുട്ടി എന്നോട് മറ്റെന്തോ ചോദിച്ചു. വെറുതെ നോക്കിയിരുന്നതല്ലാതെ എനിക്ക് മിണ്ടാനേ കഴിഞ്ഞില്ല.

"മകന് നല്ല ജോലിയായി. കല്യാണവും കഴിഞ്ഞു. എനിക്കിനി സമാധാനമായി മരിക്കാം."

കഴിഞ്ഞ തവണ എന്നെ കണ്ടപ്പോൾ ഷീല പറഞ്ഞതാണ്. ആ മകന്റെ ജീവനെടുത്ത് അമ്മയെ ഇങ്ങനെ തകർത്തു കളയാൻ മരണത്തെ അയച്ചതാര്? വിധിയോ ദൈവമോ? ആ അമ്മയുടെയും മകളുടെയും മരവിച്ച മുഖഭാവം ദിവസങ്ങളോളം എന്റെ മനസ്സിനെ അലട്ടി. 

ഓഫീസിൽ പതിവുപോലെ ബാഗും കുടയുമൊക്കെയായി വന്നതായിരുന്നു സുരേഷ്. അന്ന്  അയാൾ ഞങ്ങളുടെ സെക്‌ഷനിലെ പ്യൂൺ ആണ്. ഇത്രയും ചുറുചുറുക്കോടെ ഓടി നടന്ന് ജോലി ചെയ്യുന്ന മറ്റൊരു പ്യൂണിനെ ഞാൻ കണ്ടിട്ടില്ല. പെട്ടെന്നാണ് സുരേഷിന് കടുത്ത ഒരു തലവേദനയും തലകറക്കവും അനുഭവപ്പെട്ടതും  ബോധരഹിതനായി നിലത്തു വീണതും. സഹപ്രവർത്തകർ രണ്ടുമൂന്നുപേർ ചേർന്ന് സുരേഷിനെ ഓഫീസ്  വണ്ടിയിൽ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അയാൾ രക്ഷപ്പെട്ടില്ല. തച്ചോറിൽ രക്തസ്രാവമായിരുന്നത്രേ. വലിയ വിഷമത്തോടെയാണ് ഞങ്ങൾ മരണ വീട്ടിലെത്തിയത്. അവിടെ ഉയർന്നു കൊണ്ടിരുന്ന നിലവിളി കേട്ട് നിൽക്കാൻ ആവുമായിരുന്നില്ല. ഞങ്ങളുടെയെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി.

പിറ്റേന്ന് ഞാൻ ഓഫിലെത്തിയപ്പോൾ സുരേഷിന്റെ അഭാവം വല്ലാതെ അനുഭവപ്പെട്ടു. മറ്റൊരു പ്യൂൺ സുശീല വന്നു പറഞ്ഞു.

"സുരേഷിന്റെ ബാഗും കുടയുമൊക്കെ അവിടെ തന്നെ ഇരിപ്പുണ്ട് മാഡം. ബാഗു തുറന്ന്  ചോറു പൊതി എടുത്തു കളയുമ്പോൾ എന്റെ നെഞ്ചു പെടച്ചുപോയി. ഇത്രേയുള്ളൂ മാഡം ജീവിതം. പൊതിഞ്ഞെടുത്ത ചോറുണ്ണണമെങ്കിലും യോഗം വേണം. പാവം അവന്റെ പെണ്ണ് ചെറുപ്പമല്ലേ രണ്ടു കുട്ടികളും." 

സുശീലയുടെ കണ്ണ് നിറഞ്ഞു. എനിക്ക് വല്ലാതെ സങ്കടം വന്നു. 

ഓർക്കാപ്പുറത്ത്  ഇങ്ങനെ മരണമെത്തുമ്പോൾ അത് ആരെയൊക്കെയാണ് തകർത്തു കളയുന്നത്!   ക്രൂരമായ സ്വന്തം തമാശകളുടെ അനന്തര ഫലങ്ങൾ കണ്ട്  മാറി നിന്നു ചിരിക്കുകയാണോ, മരണമെന്ന ഈ കോമാളി ?

Content Summary : Kadhayillaymakal - column by Devi JS about death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA