വിനോദയാത്ര

Kadhaillaymakal Column
Photo Credit : NITINAI THABTHONG / Shutterstock.com
SHARE

സിനിമയുടെ പേരല്ല കേട്ടോ. ആ സിനിമയെപ്പറ്റിയുമല്ല. സ്കൂളുകളിൽ നിന്ന് പിക്‌നിക്  കൊണ്ടുപോകുന്ന സമയമാണിത്. മഴയില്ല. നല്ല തെളിഞ്ഞ കാലാവസ്ഥ. നല്ല ചൂടുണ്ടെങ്കിലും വിനോദയാത്രയ്ക്ക് പറ്റിയ സമയം തന്നെയാണ്. കൊറോണ കാരണം രണ്ടു മൂന്നു കൊല്ലമായി ഇത്തരം യാത്രകൾ ഇല്ലായിരുന്നല്ലോ. വീണ്ടും ആരംഭിക്കാമെന്നായപ്പോൾ കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് യാത്രയ്ക്ക് തയാറായത്. സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നത് സ്കൂളിൽ നിന്ന് തന്നെയാണ്. മാതാപിതാക്കളുടെ അനുമതി പത്രം ഒപ്പിട്ടു വാങ്ങി, യാത്രയ്ക്ക് കൊടുക്കേണ്ട തുകയും പിരിച്ച്, തീയതി നിശ്ചയിച്ച് കുട്ടികൾ യാത്ര പുറപ്പെടുകയായി. അവരെ സൂക്ഷിക്കാനും ശ്രദ്ധിക്കാനും നയിക്കാനും അദ്ധ്യാപകർ കൂടെയുണ്ടാവും. മിലിയും കൂട്ടുകാരും അങ്ങനെ വിനോദയാത്രയ്ക്ക് പോയപ്പോൾ ഞാൻ മറ്റൊരു ലോകത്തായി .പതിവുപോലെ പഴയ കാലം.

ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂളിൽ നിന്നൊരു വിനോദയാത്ര ഇല്ല. വീട്ടിൽ നിന്ന്  കുടുംബാംഗങ്ങളോടൊപ്പം ചെറിയ യാത്രകളൊക്കെ പോയിട്ടുണ്ട്. വളരെ സന്തോഷപ്രദവും ഉല്ലാസകരവുമായിരുന്നു ആ യാത്രകൾ എങ്കിലും അതൊന്നും ഇപ്പോഴത്തെ പിക്‌നിക്കുകൾ പോലെയല്ലല്ലോ.  കോളേജിൽ ഡിഗ്രി ക്ലാസ്സിൽ എത്തിയപ്പോൾ  ചേരുന്ന സമയത്തു തന്നെ ഫൈനൽ ഈയറിൽ  ഒരു സ്റ്റഡി ടൂർ ഉണ്ടാവുമെന്ന് അറിഞ്ഞിരുന്നു. അന്നു  മുതൽ കാത്തിരിപ്പായിരുന്നു. ഒടുവിൽ മൂന്നാം കൊല്ലത്തിൽ സ്റ്റഡി ടൂറിന്റെ സമയമെത്തി. അതുവരെ സ്വപ്നങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഒരത്ഭുത യാത്ര. കൂട്ടുകാരും ടീച്ചേഴ്സും ഒത്ത് ഒരു ഊട്ടി -മൈസൂർ- ബാംഗ്ലൂർ യാത്ര. ബോട്ടണി മെയിൻ വിദ്യാർത്ഥിനികൾ ആകയാൽ ആ സ്ഥലങ്ങളിലെ അതിമനോഹരമായ ബൊട്ടാണിക്കൽ ഗാർഡൻസ് കാണുക എന്നതായിരുന്നു പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്നത്. ഞങ്ങൾ  ഒരു മായാലോകത്തായിരുന്നു ആ ദിവസങ്ങളിൽ എന്ന് എടുത്തു പറയേണ്ടതില്ലല്ലോ .പൂക്കളുടെയും ചെടികളുടെയും നിറങ്ങളുടെയും ലോകങ്ങൾ. അതു  വരെ അത്തരം യാത്രകൾ  പോയിട്ടില്ലാത്ത ഞങ്ങൾ പത്തിരുപതു പെൺകുട്ടികൾ ആസ്വദിച്ചത് സ്വർഗത്തേക്കാൾ സുന്ദരമായ സ്വപ്നഭൂമികൾ തന്നെയായിരുന്നു.

എന്റെ മക്കൾ പഠിക്കുന്ന കാലത്ത് സ്കൂളുകളിൽ നിന്ന് ടൂർ ഒക്കെ പോയിത്തുടങ്ങിയിരുന്നു. പത്താം  ക്ലാസ്സിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ മകനെയും മകളെയും ഞാൻ പിക്‌നിക്ന് വിട്ടില്ല. സത്യത്തിൽ പേടിയായിരുന്നു. ഒറ്റയ്ക്കായിപ്പോയ ഒരമ്മയല്ലേ ഞാൻ. മക്കളാണ് എന്റെ ലോകം. അല്ല ജീവിതം തന്നെ. അവർക്ക്  എന്തെങ്കിലും അപകടം സംഭവിക്കുന്നത് ചിന്തിക്കാൻ പോലും ഞാൻ അശക്തയായിരുന്നു. യാത്രാസംഘങ്ങൾ അപകടത്തിൽ പെടുന്നതും പലരുടെയും ജീവൻ നഷ്ടപ്പടുന്നതുമായ സംഭവങ്ങൾ  ഇന്നത്തെപ്പോലെ അന്നും നടന്നിട്ടിട്ടുണ്ട്. എന്നു വച്ച്  ടൂറുകൾ പോയിരുന്നില്ലേ ? ഉണ്ട്.  എന്നാലും എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ടായിരുന്നു. എന്റെ മകന് ഒരു പാട് സങ്കടമായിരുന്നു.  അവൻ വളരെയധികം നിരാശപ്പെട്ടിട്ടുണ്ടാവും. അവൻ  പിന്നീട്  പലപ്പോഴും  അത് പറഞ്ഞിരുന്നു . ഇന്നോർക്കുമ്പോൾ അന്നവനെ വിടേണ്ടതായിരുന്നു എന്ന് എനിക്കും തോന്നാറുണ്ട്. ഇനി പറഞ്ഞിട്ടെന്തു കാര്യം? പക്ഷേ  വലുതായി ജോലി ആയിക്കഴിഞ്ഞപ്പോൾ അവൻ എവിടെയൊക്കെ പോയിരിക്കുന്നു . അത് പോരെ ?

മകളെയും പത്താം  ക്ലാസ്സിലെ  പിക്‌നിക്കിന് ഞാൻ വിട്ടില്ല. അവൾക്കും വിഷമം തോന്നിക്കാണും. പക്ഷേ  അവൾ അത് വലുതായി പ്രകടിപ്പിച്ചില്ല. പിന്നീട് അഗ്രി കൾച്ചർ കോളേജിൽ പഠിക്കുമ്പോൾ ഒരു സൗത്ത് ഇന്ത്യൻ ടൂറും ഒരു നോർത്ത് ഇന്ത്യൻ ടൂറും പോകാൻ അവൾക്ക്  അവസരം കിട്ടി. പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നതിനാൽ വിടാതിരിക്കാനും ആവുമായിരുന്നില്ല . അപ്പോഴേയ്ക്കും ഞാനെന്ന അമ്മയും കുറച്ചു ധൈര്യവതി ആയിക്കഴിഞ്ഞിരുന്നു. അവളും ജോലിയായിക്കഴിഞ്ഞ് ഔദ്യോഗിക കാര്യങ്ങൾക്കായി എവിടെയെല്ലാം പോകുന്നു കൂട്ടത്തിൽ സ്ഥലങ്ങൾ കാണുകയും സഹപ്രവർത്തകരോടൊത്ത് ഉല്ലസിക്കുകയും ചെയ്യുന്നുണ്ട്. അത് പോരെ ?   

ഇപ്പോഴത്തെ കാര്യങ്ങൾ പഴയ തലമുറയ്ക്ക് വിചിത്രമായി തോന്നുന്നു. എൽ. കെ. ജി  മുതൽ  സ്കൂളിൽ നിന്ന് ഒരു ടൂർ ഉണ്ടാവും.  കൊച്ചു ക്ലാസ്സുകളിൽ തൊട്ടടുത്തുള്ള ഏതെങ്കിലും കൗതുക പാർക്ക്, അല്ലെങ്കിൽ ഒരു പ്രാചീന സ്മാരകം,  മ്യൂസിയം അല്ലങ്കിൽ മൃഗശാല . വലിയ ക്ലാസ്സുകൾക്ക് വലിയ യാത്രകൾ. ഇടുക്കി മൂന്നാർ ഒക്കെ തുടങ്ങി കൊടൈക്കനാൽ വരെ. ചിലപ്പോൾ അതിലും ദൂരെ. രാവിലെ പോയി രാത്രി എത്തുന്ന യാത്രകൾ. മറ്റു ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം നീളുന്ന വിനോദയാത്രകൾ.! എല്ലാം മറന്ന്  ഉല്ലസിക്കാനുള്ള അപൂർവ്വാവസരങ്ങൾ ! അവർ അടിച്ചു പൊളിക്കട്ടെ .

ഇതിനൊക്കെ പുറമെ കൂട്ടുകാർ ചേർന്ന് അവർ തന്നെ ടൂറുകൾ അറെയ്ഞ്ച്  ചെയ്ത്  പോകാറുണ്ട്. വീട്ടുകാരുടെ അനുവാദം തന്നെ ചിലപ്പോൾ അവർ ചോദിക്കാറില്ല.  ഇത്തരം എന്ജോയ്മെന്റ് കൾക്കിടയിൽ അപകടങ്ങൾ സംഭവിക്കുന്നതും അപൂർവമല്ല. എന്നാലും അതെല്ലാം ആവർത്തിക്കപ്പെടുന്നുണ്ട്. പുതിയ  തലമുറയുടെ രീതികൾ വ്യത്യസ്തമല്ലേ?   

കുടുംബത്തോടെ ദൂരയാത്രകൾ പോകുന്നതും ഇപ്പോഴത്തെ ട്രെൻഡ് ആണ്. ജോലിയിലെ ടെൻഷനിൽ നിന്ന് മുതിർന്നവർക്ക് ഒരാശ്വാസം. പഠിത്തത്തിന്റെ ഭാരത്തിൽ നിന്ന് കുട്ടികൾക്കൊരു മോചനം. ഒരു നീണ്ടയാത്രകഴിഞ്ഞു മടങ്ങി വരുമ്പോൾ മനസ്സും ശരീരവും ഉല്ലാസപൂർണമാവുന്നു. ആരോഗ്യവും സ്വാസ്ഥ്യവും ഉണർവും വീണ്ടെടുത്തതുപോലെ. എന്നൊക്കെയാണ് യാത്രകൾ പോയി വരുന്നവർ പറയുന്നത്.             

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS