കൊറിയറിൽ എത്തുന്ന സ്നേഹം

HIGHLIGHTS
  • എനിക്ക് കൊറിയറിലൂടെ വരുന്നത് സ്നേഹമാണ്. അത് പറഞ്ഞാൽ മനസ്സിലാവില്ല. അനുഭവിച്ചാലേ അറിയൂ.
  • ഈയിടെ പരിചയപ്പെട്ടതാണെങ്കിലും ഒരു ജന്മാന്തര ബന്ധത്തിലെന്നോളം അടുത്തവരാണ് ജെമിനിയും ഞാനും
parcel-delivery
Photo Contributor: Michael Nivelet
SHARE

ത്തിലൂടെ സ്നേഹം അയയ്ക്കാറില്ലേ? ഫോണിലൂടെ സ്നേഹം പകർന്നു നൽകാറില്ലേ? അപ്പോൾ പിന്നെ കുറച്ചു  സ്നേഹം കൊറിയറിൽ അയച്ചാലെന്താ? ചില എഴുത്തുകാർ എന്നോടുള്ള പരിഗണന കൊണ്ട് അവർ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ എനിക്കയച്ചു തരാറുണ്ട്. വിപിപി അല്ല. രചയിതാവ് തന്നെ ഒപ്പിട്ടയയ്ക്കുന്ന കോപ്പി. ആ ഓരോ പുസ്തകവും അതിന്റെ ഭാരത്തെക്കാൾ, വിലയേക്കാൾ, അതിനുള്ളിലെ വിഷയത്തേക്കാൾ കൂടുതൽ സ്നേഹമാണ് എനിക്ക് നൽകുന്നത്.

ഇനി  അളവറ്റ സ്നേഹം എനിക്ക് കൊറിയറിലൂടെ അയച്ചു തരുന്നത് പ്രിയയാണ്. എനിക്ക് ഏറ്റവും വിശ്വാസമുള്ള കണ്ണ് ഡോക്ടർ (ophthalmologist) ഡോ. സുനിലിന്റെ പത്നിയാണ് പ്രിയ. ഡോ. സുനിലിനെക്കുറിച്ച് മുൻപ് ഞാൻ ഈ പംക്തിയിൽ എഴുതിയിട്ടുണ്ട്. എന്റെ രണ്ടു കണ്ണിലും തിമിര ശസ്ത്രക്രിയ നടത്തിയത്. ഡോ. സുനിലാണ്. ആദ്യത്തെ ഓപ്പറേഷനു ശേഷം ചെറിയ പ്രശ്നങ്ങളുമായി ഡോക്ടറുടെ ക്ലിനിക്കിൽ ചെല്ലുമ്പോഴാണ് പ്രിയയെ പരിചയപ്പെടുന്നത്. ക്ലിനിക്കിൽ മിക്കവാറും പ്രിയ ഉണ്ടാവും. ഡോക്ടറെ കാണുന്നത് മാത്രമല്ല മരുന്നുകളും എനിക്ക് ഫ്രീയാണവിടെ. രണ്ടാമത്തെ ഓപ്പറേഷൻ കൂടി കഴിഞ്ഞതോടെ പ്രിയയും ഞാനും അടുത്ത കൂട്ടുകാരല്ല, അതുക്കും മേലെയായി. വിളിച്ചൊന്നു പറഞ്ഞിട്ട് ചെന്നാൽ മതി, കാത്തു നിർത്തിക്കാതെ പെട്ടെന്ന് ഡോക്ടറെ കാണിച്ച് വേണ്ട മരുന്നുകൾ തന്ന് പ്രിയ എന്നെ യാത്രയാക്കും. ക്ലിനിക്കിൽ അടിക്കടി ചെല്ലാൻ എനിക്ക് പ്രയാസമായപ്പോൾ എനിക്ക് പതിവായി വേണ്ട മരുന്നുകൾ പ്രിയ കൊറിയറിൽ അയച്ചു തന്നു. ഏറ്റവും വിലപിടിപ്പുള്ള നല്ല മരുന്നുകൾ. പക്ഷേ, അവയുടെ വിലയേക്കാൾ ഗുണത്തേക്കാൾ എനിക്ക് സുഖം പകർന്നത് പ്രിയയുടെ സ്നേഹമാണ്. മരുന്നിന്റെ രൂപത്തിൽ പ്രിയ കൊറി യറിലൂടെ അയച്ചു തരുന്ന സ്നേഹം.

ഇതിലൊക്കെ എന്താ ദേവിചേച്ചീ ഇത്ര പറയാനുള്ളത് ! സുഹൃത്തുക്കൾ ഞങ്ങൾക്കും പുസ്തകങ്ങൾ അയച്ചു തരാറുണ്ട്. സ്വന്തക്കാരായ ഡോക്ടർമാർ മരുന്നുകളും എത്തിക്കാറുണ്ട്. എന്നല്ലേ പറയാൻ പോകുന്നത്? ഉണ്ടാവാം. പക്ഷേ, എനിക്ക് കൊറിയറിലൂടെ വരുന്നത് സ്നേഹമാണ്. അത് പറഞ്ഞാൽ മനസ്സിലാവില്ല. അനുഭവിച്ചാലേ അറിയൂ.

ഏപ്രിൽ മാസത്തിൽ എനിക്കൊരു കൊറിയർ വന്നു. എന്റെ മാമനും മാമിയും തിരുവനന്തപുരത്തു നിന്ന് അയച്ച പിറന്നാൾ സമ്മാനം. പീച്ച് നിറത്തിൽ മനോഹരമായ ഒരു സാരി. അത് വെറുമൊരു സാരിയല്ല അഞ്ചരമീറ്റർ സ്നേഹമാണെന്ന് എന്റെ മായിക ഭാവന!

കുജ്റു എന്ന് വിളിക്കുന്ന വിജേഷ് എന്റെ സുഹൃത്തല്ല. എന്നെ 'ദേവിയമ്മേ' എന്ന് വിളിക്കുന്ന അനേകം പുത്രന്മാരിൽ ഒരുവൻ. 2020 ഫെബ്രുവരി മാസം. കൊറോണ നടമാടുന്ന കാലം. കുജ്റുവിന്റെ വീട്ടിൽ കണ്ടമാനം മുരിങ്ങയ്ക്ക കായ്ച്ചു. അവൻ എഫ്ബിയിലോക്കെ പടമിട്ടു. വാരിക്കൂട്ടിയിരിക്കുന്ന മുരിങ്ങയ്ക്ക എല്ലാവർക്കും കൊടുത്തു തീർക്കുകയാണ്, തിന്നു തീർക്കാൻ പറ്റില്ലല്ലോ എന്നൊരു കാപ്‌ഷനും ഇട്ടു. എനിക്കാണെങ്കിൽ വളരെ ഇഷ്ടമാണ് ഈ കായ്. സത്യത്തിൽ തമാശയ്ക്കാണ് ഞാൻ  ചോദിച്ചത്. 'കൊറിയർ അയച്ചു തരുമോ മകനേ' എന്ന്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതാ വരുന്നു കൊറിയറിൽ ഉരുണ്ടു നീണ്ട  ഒരു പൊതി. ഒരു കെട്ട് മുരിങ്ങയ്ക്ക. അല്ല പച്ച നിറത്തിൽ നീണ്ട് കോലുപോലെയുള്ള സ്നേഹം.

പിന്നീട് പലപ്പോഴും കൃഷി വിഭവങ്ങൾ വിളവെടുത്ത വിവരങ്ങൾ കുജ്റു പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ ചോദിക്കും. 'കൊറിയർ അയച്ചു തരൂ . ഞാൻ പാതി തമാശയായും പാതി കാര്യമായും ആണ് പറയാറുള്ളത്. പോയാൽ ഒരു വാക്ക്, കിട്ടിയാൽ...എന്ന മട്ട്. ഈ വർഷം വീണ്ടും മുരിങ്ങയ്ക്കാ പെരുമഴയുമായി കുജ്റു എഫ് ബിയിൽ പൊങ്ങി. എല്ലാവർക്കും അയയ്ക്കുന്നു. അടുത്തുള്ളവർക്ക് കൊടുക്കുന്നു. ഒരു മേള തന്നെ. ഒടുവിൽ എഫ് ബിയിൽ തന്നെ ഒരു കുറിപ്പ്. 'മുരിങ്ങയ്ക്ക ഏതാണ്ട് തീരാറായി. ഇനി ദേവിയമ്മയ്ക്കു കൂടി കുറച്ചയയ്ക്കണം'. ഞാൻ ഞെട്ടി. എന്റെ കാര്യം അവൻ മറന്നു എന്നാണ് ഞാൻ വിചാരിച്ചത്. അങ്ങനെ വീണ്ടും വന്നു ഉരുണ്ടു നീണ്ട് ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് കരിം പച്ചനിറത്തിൽ കോലു പോലെ  നീണ്ട സ്നേഹം.

ഈയിടെ പരിചയപ്പെട്ടതാണെങ്കിലും ഒരു ജന്മാന്തര ബന്ധത്തിലെന്നോളം അടുത്തവരാണ് ജെമിനിയും ഞാനും. കിലോക്കണക്കിന് സ്നേഹമാണ് വിവിധ വിഭവങ്ങളായി ജെമിനി എനിക്കയച്ചു തന്നത്. കൂട്ടത്തിൽ ജെമിനിയുടെ മകൻ ഉണ്ണികൃഷ്ണനും ഒരു കൊറിയർ വാലയുടെ റോൾ എടുത്തു. ചക്കയോ മാങ്ങയോ തേങ്ങയോ വാഴക്കുലയോ എന്ത് വേണമെങ്കിലും കൊറിയറിൽ അയയ്ക്കാം. (പഴുക്കും മുൻപയയ്ക്കണേ അല്ലെങ്കിൽ അളിപിളിയായിപ്പോകും എന്നനുഭവം) അയയ്ക്കുന്നയാളിന്റെ സ്നേഹം സ്വീകരിക്കുന്നയാളിന് കിട്ടും തീർച്ച.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS