വായനക്കാലങ്ങൾ  അന്നും ഇന്നും 

kadhaillayimakal-devi-js-about-reading-article
SHARE

ഇതാ ഒരു വായനാ ദിനം കൂടി. ഇപ്പോൾ എല്ലാക്കാര്യത്തിനും ഒരു ദിനമുണ്ടല്ലോ. മുന്നൂറ്റി അറുപത്തഞ്ചു ദിവസങ്ങളും ഒരോ  ദിനങ്ങൾക്കായി നമ്മൾ പതിച്ചു കൊടുത്തിട്ടുണ്ട്. ഇതൊക്കെ എന്തിനാണ്? ഫാദേഴ്‌സ് ഡേ ഇല്ലെങ്കിൽ അച്ഛനെ ഓർമ്മിക്കില്ലേ? അമ്മയെ ഓർക്കാൻ ഒരു മദേഴ്‌സ് ഡേ വരണോ. ഒന്നും വേണ്ട. എന്നാലൂം ഇതൊക്കെ ഒരു രസമല്ലേ?

വായനാദിനം വന്നാലുടൻ എല്ലാവരുമങ്ങ്  വായിക്കുമോ? അക്ഷര വിരോധികൾ പോലും പുസ്തകമെടുക്കുമോ? എനിക്കറിയില്ല. വായിക്കുന്നവർ എന്നും വായിക്കും. വായു പോലെ, വെള്ളം  പോലെ, ആഹാരം പോലെ ജീവിക്കാൻ അത്യാവശ്യമാണ് ചിലർക്ക് വായന എന്നു  ഞാൻ പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.

അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ വായനയിൽ ഹരം കേറിയവരുടെ കൂട്ടത്തിൽ പെട്ടതാണ് ഞാനും. അതിനു കാരണക്കാരൻ എന്റെ അച്ഛനാണ്, ഒരുപാട് വായിച്ചിരുന്ന ഒരാൾ. ഏ ബി സി പിക്ച്ചർ ബുക്ക് മുതൽ കുട്ടികൾക്ക് വായിക്കാനായി പ്രസിദ്ധീകരിച്ചിട്ടുള്ള, ലോക ക്ലാസിക്കുകളുടെ സംഗ്രഹങ്ങൾ വരെ ഞാൻ വളരുന്നതിനനുസരിച്ച് അച്ഛൻ വാങ്ങിക്കൊണ്ടുവന്നു തന്നിട്ടുണ്ട്. വായിപ്പിക്കുകയും ചെയ്തിരുന്നു. മലയാളത്തിലെയും ഇന്ദുലേഖയും മാർത്താണ്ഡവർമ്മയും ഐതിഹ്യമാലയും ഹൈസ്കൂൾ എത്തുമ്പോൾ തന്നെ ഞാൻ വായിച്ചു കഴിഞ്ഞിരുന്നു. ഗാന്ധിജിയുടെ 'മൈ എക്സ്പെരിമെന്റസ് വിത്ത് ട്രൂത്ത്',  ജവഹരിലാൽ നെഹ്‌റു വിന്റെ 'ഡിസ്‌കവറി ഓഫ് ഇന്ത്യ' ഒക്കെ അച്ഛൻ കൂടെയിരുന്ന് വായിപ്പിച്ചു.

ഞാൻ കണ്ട ഏറ്റവും വലിയ വായനക്കാരനായിരുന്നു എന്റെ അച്ഛൻ. അച്ഛൻ എഴുതുകയും ചെയ്തിരുന്നു. മലയാളത്തിലെ ഏറ്റവും നല്ല ഒരു വാരികയായിരുന്ന അന്നത്തെ കൗമുദി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ ശ്രീ. കെ. ബാലകൃഷ്ണൻ അച്ഛന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു. കൗമുദിയിലാണ് അച്ഛൻ പതിവായി എഴുതിയിരുന്നത്. (ലേഖനങ്ങളാണ് അധികവും ,കഥകൾ ചുരുക്കം). മാതൃഭൂമിയിലും ജനയുഗത്തിലും കേരളകൗമുദിയിലും അച്ഛൻ എഴുതിയിരുന്നു. പക്ഷേ  അച്ഛൻ ഒരെഴുത്തുകാരനായില്ല. അച്ഛന്റെ എഴുത്ത്  ഏതോ ഘട്ടത്തിൽ നിലച്ചുപോയി. പിന്നെ അച്ഛൻ വായനയിലേയ്ക്കങ്ങ് മുഴുവനായും മുഴുകുകയാണുണ്ടായത്. അതും ഇംഗ്ലീഷ് ലിറ്ററേച്ചർ. ഒരു എഴുത്തുകാരന്റെ മിക്കവാറും എല്ലാ കൃതികളും  വായിക്കുക എന്നതായിരുന്നു അച്ഛന്റെ രീതി. ഓഫീസിൽ തിരക്കുകൾ കഴിഞ്ഞാൽ പിന്നെ പുസ്തകങ്ങളുടെ കൂടെയാണ്.   അച്ഛന്റെ ഈ ഭീകര വായന അമ്മയെ അലോസരപ്പെടുത്തുകയും ഞങ്ങൾ മക്കളെ അതിശയിപ്പിക്കുകയും ചെയ്തു. പക്ഷേ മക്കളിൽ  ഞാൻ മാത്രമേ അച്ഛന്റെ വഴിയേ നടക്കാൻ ഇടയായുള്ളു.

എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് തിരുവനന്തപുരത്ത് ബ്രിട്ടീഷ് കൌൺസിൽ ലൈബ്രറി തുടങ്ങുന്നത്. അന്ന് മുതൽ അച്ഛൻ അവിടെ ലൈഫ് മെമ്പർ ആയി. ലൈബ്രറി വീടിനു വളരെ അടുത്താണ് താനും. അച്ഛനോടൊപ്പം പതിവായി ഞാനും ലൈബ്രറിയിൽ പോകുമായിരുന്നു. ലൈബ്രറിയുടെ  നിശബ്ദമായ കുളിർ മയുള്ള , സ്വച്ഛമായ  അന്തരീക്ഷം എന്നെ വളരെ ആകർഷിച്ചിരുന്നു. ജീവിതാവസാനം വരെ അച്ഛൻ വായന തുടർന്നു. ലൈബ്രറി വരെ പോകാൻ പ്രയാസമായപ്പോൾ ഞാൻ പോയി അച്ഛന് വേണ്ടി പുസ്തകങ്ങൾ എടുത്തു കൊണ്ട് വരുമായിരുന്നു.(പിന്നീട് അത് ബ്രിട്ടീഷ് ലൈബ്രറി എന്ന് പേര് മാറുകയും പിൽക്കാലത്തു പൂട്ടിപ്പോവുകയറും ചെയ്തു.)

പതുക്കെ പതുക്കെ എന്നെ എഴുത്തിലേക്ക് തിരിച്ചു വിട്ടതും അച്ഛൻ തന്നെയായിരുന്നു. സ്കൂൾ കോളേജ് മാഗസീനുകളിൽ  കഥകളും ലേഖനങ്ങളും എഴുതിക്കൊണ്ടായിരുന്നു എന്റെ തുടക്കം. പതിനാറു വയസു മുതൽ അന്നത്തെ പ്രമുഖ വാരികകളിൽ എന്റെ കഥകൾ വന്നിട്ടുണ്ട്. ബാല സാഹിത്യമല്ല. മുതിർന്ന കഥകൾ തന്നെ. അതിനും ഒരു കാരണമുണ്ടായി.

അച്ഛനും അമ്മയും അലമാരയിൽ അടുക്കി സൂക്ഷിച്ചിരുന്ന കൗമുദി ഓണം വിശേഷാൽ പ്രതികളാണ് എന്റെ വായനയുടെ ഗതി മാറ്റിയത്. സ്കൂൾ അവധിയുള്ള ദിവസങ്ങളിൽ പാഠപുസ്തകങ്ങൾക്ക് അവധി കൊടുത്ത്  ഞാൻ അലമാരയിൽ കടന്നു. അച്ഛനും അമ്മയും ഓഫീസിലായിരിക്കും.  അനിയത്തിമാരും അനിയനും എന്നേക്കാൾ പ്രായത്തിൽ വളരെ ഇളയവർ. അപ്പോൾ പിന്നെ എന്റെ കൂട്ടുകാർ ഈ വിശേഷാൽ പ്രതികളായി. പ്രായത്തിനു ചേരാത്ത വായന. തകഴിയുടെയും, മലയാറ്റൂരിന്റെയും, കെ.ബാലകൃഷ്‍ണന്റെയുമെന്നല്ല, അവയിൽ എഴുതിയിരുന്ന എല്ലാ വലിയ എഴുത്തുകാരുടെയും കഥകൾ വായിച്ചു.  പലതും മനസ്സിലാവാതെ കണ്ണ് മിഴിച്ചത് ഇന്നും ഓർക്കുന്നു. അച്ഛനോടത് പറഞ്ഞപ്പോൾ 'കുറച്ചു കൂടി വലുതായിട്ട് അതെല്ലാം വായിച്ചാൽ മതി ,അപ്പോൾ മനസ്സിലാകും' എന്നുപദേശിച്ചു. ഞാനുണ്ടോ വിടുന്നു. വിരസമായ പകലുകളിൽ വീണ്ടും അതൊക്കെ വായിച്ചു രസിച്ച് ഞാൻ ലേശം വഷളായി എന്നു  തന്നെ പറയാം. അങ്ങനെയാണ് ഞാൻ തീവ്രമായ ദുരന്ത പ്രണയകഥകൾ എഴുതിത്തുടങ്ങിയത്.

കുങ്കുമവും മലയാളനാടും ഇറങ്ങിയപ്പോൾ അവ എന്റെ പ്രിയ വരികകളായി. കുങ്കുമത്തിൽ കുറെ കഥകൾ എഴുതിയിട്ടുമുണ്ട്.  ഇംഗ്ലീഷും മലയാളവുമായി ഏറെ മാഗസിനുകൾ അച്ഛൻ വരുത്തിയിരുന്നു.റീഡേഴ്‌സ് ഡൈജസ്റ്റ് ആയിരുന്നു അന്നെന്റെ  പ്രിയ ഇംഗ്ലീഷ്  മാസിക. ഇന്നുമതേ.  

എന്തിനു പറയുന്നു, പത്തൊൻപതു വയസ്സിൽ എന്റെ എഴുത്തു നിലച്ചു. കാരണങ്ങൾ - ഒരു വിവാഹം, പിന്നെയും തുടർന്ന വിദ്യാഭ്യാസം, മകന്റെ ജനനം. അതിനെല്ലാം പുറമെ ദാമ്പത്യജീവിതത്തിൽ സഹിക്കേണ്ടി വന്ന മാനസിക പീഡനം. അപമാനം. അവഗണന. അന്നും വായനയായിരുന്നു ജീവിക്കാൻ പ്രേരിപ്പിച്ചത്. ആ തടവ് ചാടി വീണ്ടും എഴുതാൻ തുടങ്ങിയത് ഇരുപതു വർഷങ്ങൾക്ക് ശേഷം.  മക്കളും ഞാനും മാത്രമായ സുഖകരമായ ജീവിതത്തിൽ എഴുത്ത് ഒരു തെളിനീർ പ്രവാഹമായി മടങ്ങി വന്നു. ഒരുപാടെഴുതി, മിക്കവാറും എല്ലാ പ്രസിദ്ധീകരണങ്ങളിലും. പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. വായനയും അനർഗ്ഗളമായി തുടർന്നു. എന്റെ മക്കളും വലിയ വായനക്കാരായി. (ഇന്നും എന്റെ കുടുംബം ഒരു വായനയിടം തന്നെ.) 

ജീവിതത്തിലേർപ്പെട്ട ദുരന്തങ്ങളുമായി ഇപ്പോഴും യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന എന്റെ എഴുത്ത് വീണ്ടും കുറഞ്ഞു. എന്നാലും പതിനഞ്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മനോരമ ഓൺലൈനിൽ പതിനെട്ടു വർഷമായി, ഒരാഴ്ചയിൽ ഒരു പംക്തി എഴുതുന്നു. എന്റേതായ ഒരുപാടു വായനക്കാരും ആസ്വാദകരും എനിക്കുണ്ട്. എന്താ അത്രയയും  പോരെ ഒരു എഴുത്തുകാരിക്ക് !

വായനയുടെ കാര്യമോ? വായനയുടെ വസന്തം തന്നെയാണ് എനിക്കിപ്പോഴും. അത് സാദ്ധ്യമാക്കുന്നത് എഴുത്തുകാരായ എന്റെ കൂട്ടുകാരാണ്. അവർക്കു എന്നോടുള്ള അതിരറ്റ സ്നേഹവും സൗഹൃദവും സഹാനുഭൂതിയും കോരിച്ചൊരിയുന്നത്, അവരുടെ ഓരോ പുസ്തകവും ഇറങ്ങുമ്പോൾ ഒരു ഗ്രന്ഥകാരകോപ്പി എനിക്കയച്ചു തന്നു കൊണ്ടാണ്. അവർക്കു നന്ദി പറയാൻ വാക്കുകളില്ല. 

ഈ വായനാദിനത്തിൽ മറ്റെന്താണ് എനിക്കെഴുതാനാവുക ,സ്വന്തം വായനാനുഭവങ്ങൾ അല്ലാതെ!   

Content Summary: Kadhaillayimakal Column by Devi Js About Reading

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA