ഒരു കടുകുമണിയോളം

HIGHLIGHTS
  • കടുകിൽ വിറ്റാമിനുകളും, അയണും, പൊട്ടാസിയം, കാൽസിയം, ഫോസ്‌ഫറസ്‌, മഗ്നീഷ്യം തുടങ്ങിയ മിനറലുകളും അടങ്ങിയിട്ടുണ്ട്
1207355070
Representative image. Photo Credit: DipakShelare/istockphoto.com
SHARE

അടുക്കളയിൽ കടുകിനുള്ള സ്ഥാനത്തെപ്പറ്റി എടുത്തു പറയേണ്ടതില്ല. നമ്മൾ ഉപയോഗിക്കുന്നതിൽ വച്ച് ഏറ്റവും ചെറിയ വ്യഞ്ജനം. എന്നാലും  അതിന്റെ പ്രാധാന്യം ചെറുതല്ല. കടുക് വറുക്കാത്ത കറികൾ മലയാളിക്കുണ്ടോ? കേരളത്തിൽ മാത്രമല്ല തെക്കേ ഇന്ത്യയിൽ മുഴുവനും വടക്കേ ഇന്ത്യയിലാകമാനവും കടുകും കടുകെണ്ണയും ഒഴിച്ചു  കൂടാനാവാത്തതു തന്നെ. കണ്ണെത്താ ദൂരത്തോളം ഇളം വയലറ്റു  നിറത്തിൽ  പൂത്തുലഞ്ഞു കിടക്കുന്ന കടുകു പാടങ്ങൾ കണ്ടിട്ടില്ലേ?

എല്ലാ കറികളിലും കടുകിടുന്ന ഒരു രീതിയായിരുന്നു എന്റെ വീട്ടിൽ. ഞാനും അതു  തന്നെ തുടരുന്നു. എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടിക്കുമ്പോൾ ഞാൻ അല്പം കൂടുതൽ കടുകിടാറുണ്ട്. എന്റെ പാചകം കണ്ടു നിന്ന പലരും 'എന്തിനാണ് ഇത്രയും കടുക് വാരിയിടുന്നത്?' എന്നു ചോദിച്ചിട്ടുണ്ട്. 

'കറിയിൽ കുറച്ചു കടുകുകൾ പൊന്തി കിടക്കാനാണ്.'എന്നാണ് അവരോട് എന്റെ മറുപടി. 

ഇന്നലെ ഞാൻ വച്ച ചിക്കൻ കറി കണ്ട് എന്റെ മകൾ ചോദിച്ചു. 

'ഇതിൽ അമ്മ കടുകിട്ടോ?' 'ഉവ്വ്' എന്ന് ഞാൻ പറഞ്ഞപ്പോൾ 'ഞാൻ ഇടാറില്ല' എന്നവൾ പറഞ്ഞു. ചിക്കൻ കറിയുടെ എത്രയോ പാചകവിധികൾ നമുക്കുണ്ട്. അതിൽ ചിലതിലെങ്കിലും കടുകുണ്ടാവും. ഏതായാലൂം ഞാൻ കടുകു വറുക്കാറുണ്ട്. ചിക്കൻ വിന്താലു ആയാലും സ്റ്റൂ ആയാലും. (കുട്ടിക്കാലത്ത് എന്റെയാ കടുകു ചേർത്ത കറികൾ കഴിച്ചത് എന്റെ മകൾ മറന്നു പോയിട്ടുണ്ടാവും.)  

എന്റെ അടുക്കള സഹായി മേരി നല്ല കുക്കാണ്. അവർ പറയാറുണ്ട്, അവരൊന്നും ഇറച്ചിക്കും മീനിനും കടുകു വറുക്കാറില്ലത്രേ!

അത് കൊള്ളാം. 'ബീഫ് വിത്ത് ഔട്ട് മസ്റ്റേർഡ്' എന്ന് ഇംഗ്ലീഷിൽ ഒരു ചൊല്ലു വരെയുണ്ട്. കടുകില്ലാത്ത ബീഫ് മോശമാണെന്നോ, നല്ലതാണെന്നോ, എന്താണ് അതു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. 'ചുക്കില്ലാത്ത കഷായമില്ല' എന്നു  പറയുമ്പോൾ എല്ലാ കഷായത്തിലും ചുക്ക് ചേർക്കുമെന്നും അത്  നല്ലതാണെന്നുമല്ലേ നമ്മൾ മനസ്സിലാക്കുന്നത്. ബീഫ് ഞാൻ കഴിക്കാറില്ല. പാചകം ചെയ്യാറുമില്ല. അതു കൊണ്ട് ബീഫ് വിത്ത് ഓർ വിത്തൗട്ട് മസ്റ്റേർഡ് എനിക്കൊരു പ്രശ്നമല്ല. വീട്ടിലുള്ള മറ്റുള്ളവരെല്ലാം 'ബീഫേറിയൻസ്' (ബീഫു കഴിക്കുന്നവർ) ആയതു കൊണ്ട് ബീഫു വയ്ക്കുന്നത് എന്റെ മകളോ മേരിയോ ആവും. ആ പാചകത്തിൽ ഞാൻ ഇടപെടാറില്ല. കടുകുണ്ടോ ഇല്ലയോ അവരുടെ ഇഷ്ടം.

'കടുക് ശരീരത്തിന് നല്ലതാണ്. അതുകൊണ്ടു ഞാൻ ഇറച്ചിയിലും മീനിലുമൊക്കെ കടുകിടും.ദഹനത്തിന് സഹായിക്കും.'' ഒരു പാചക വിദഗ്‌ദ്ധ പറഞ്ഞു. 

വാരികകളും മാസികകളിലും വിഭവങ്ങളുടെ പടങ്ങൾ സഹിതം പാചകക്കുറിപ്പുകൾ ഇടുന്ന ഷെഫുകളുടെയും കുക്കുകളുടെയും പാചകികളുടെയും മിക്ക കുറിപ്പികളിലും കടുകു  വറുക്കുന്നുണ്ട്. 

''ആദ്യം കടുകിട്ടു പൊട്ടിച്ചിട്ട് അതിൽ കറി വയ്ക്കരുത്. ഒടുവിൽ വെളിച്ചെണ്ണയിൽ കടുകിട്ട് പൊട്ടുമ്പോൾ, ഉണക്ക മുളകും കറിവേപ്പിലയും ഇട്ടു വറുത്ത് കറികളുടെ മീതെ ഒഴിക്കണം. അപ്പോഴാണ് ഗുണവും മണവും' എന്നാണ് പാചകറാണിമാരുടെ അഭിപ്രായം. 

കണ്ണിമാങ്ങ അച്ചാറിൽ പണ്ട് കടുകു  ചൂടാക്കി, തൊലികളഞ്ഞ്, പരിപ്പെടുത്താണ് ചേർത്തിരുന്നത്. അത് അച്ചാറു കേടാകാതിരിക്കാനുള്ള  'പ്രിസർവേറ്റീവ്' ആണത്രേ. പാചകമൊക്കെ അവിടെ നിൽക്കട്ടെ.കടുകിനെപ്പറ്റി വേറെ എന്തൊക്കെ പറയാനുണ്ട്.

ഒരു കടുകുമണിയോളം സ്നേഹം കൊതിക്കുന്നവരാണ് നമ്മൾ ഒരോരുത്തരും എന്നു  പറഞ്ഞതാരാണ്? എന്നിട്ടു കിട്ടുന്നുണ്ടോ?  അവിടെയും ഉപമിക്കാൻ ഒരു കടുക്! ലോകത്തേയ്ക്ക് ഏറ്റവും ചെറുതാണോ ഈ കടുകുമണി?                                                   

രാക്ഷസനെ പേടിച്ച്, അതോ ഭൂതത്തെയോ, ഒരു കുട്ടി കടുകിനകത്ത് കയറി ഒളിച്ചിരുന്ന കഥ പണ്ട് അമ്മുമ്മ പറഞ്ഞു തന്നത് നേരിയ ഓർമ്മയുണ്ട്. പക്ഷേ  കഥ ഓർമ്മയില്ല. കടുകിനോളം മാത്രം ഭാവന ഉണ്ടായിരുന്ന ആ കാലത്ത്  പാവം ഞാൻ ആ കഥ വിശ്വസിച്ചു. 'കടുകോളം വിശ്വാസത്താൽ കഠിനമാം പ്രശ്‍നങ്ങളെ തരണം ചെയ്യുമ്പോൾ ' എന്നൊരു  പ്രാർത്ഥനാഗാനം കേട്ടിട്ടുണ്ട്. കടുകോളം മതിയോ ഈശ്വരനിൽ ഉള്ള വിശ്വാസം?

കടുകോളം തീയുണ്ടെങ്കിൽ കുളിരും മഞ്ഞും 

കുടവട്ടപ്പാടകലേ

അത് രസകരമായ ഒരു സിനിമാപ്പാട്ടാണ്. ഈ കടുക് ചില്ലറക്കാരനല്ല കേട്ടോ?

കടുകിൽ വിറ്റാമിനുകളും, അയണും, പൊട്ടാസിയം, കാൽസിയം, ഫോസ്‌ഫറസ്‌, മഗ്നീഷ്യം തുടങ്ങിയ മിനറലുകളും അടങ്ങിയിട്ടുണ്ട്. മാത്രമല്ല ആന്റി ഓക്സിഡൻസ്, ആന്റി ബാക്റ്റീരിയൽ, ആന്റി കാൻസർ, ആന്റി വൈറൽ, ആന്റി ഫെങ്‌ ഗൽ, ഗുണങ്ങൾ. ഇതൊക്കെ പോരാഞ്ഞിട്ട്  നീരുകളും മുറിവുകളും ചുരുക്കാനും ഉണക്കാനും കടുകിനു കഴിയും. കടുകും കടുകെണ്ണയും വാതത്തിനും ഫലപ്രദമാണത്രെ.( ഇതെന്താ ഇപ്പോൾ കഥയില്ലായ്മകൾ സയൻസ് എഡ്യൂക്കേഷൻ ആയോ? അതും വേണ്ടേ ഇടയ്ക്ക് ?) ഇതൊക്കെ ആരറിയുന്നു! കണ്ണിലിട്ടടയ്ക്കാവുന്നത്രയും ചെറിയ ഈ വിത്ത് ഇത്ര കേമനൊ?

തീർന്നില്ല. ഇനി കടുകിനെ പറ്റിയുള്ള വിശ്വാസങ്ങൾ (അന്ധ) വേറെ.

കണ്ണ് തട്ടാതിരിക്കാൻ- ആരെങ്കിലും ഒരാൾ വന്നു നമ്മുടെ വീട്ടിലെ ആരെയെങ്കിലും അങ്ങു  വല്ലാതെ പുകഴ്ത്തിയാൽ കണ്ണ് പെടും(ദൃഷ്ടി ദോഷം വരും)  എന്നൊരു വിശ്വാസമുണ്ടല്ലോ - കടുക് ഒന്നാന്തരമാണ്. ദൃഷ്ടിദോഷം വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്? കുറച്ചു കടുകും രണ്ടു മൂന്നു വറ്റൽ മുളകും കുറച്ചു കല്ലുപ്പും കൂടി ഒരു ഉണങ്ങിയ ഇലയിൽ, -കടലാസ്സായാലും മതി - പൊതിഞ്ഞെടുക്കുക. അത് കണ്ണ് പെടപ്പെട്ട  ആളിന്റെ തലയ്‌ക്കുഴിഞ്ഞ് , പിന്നെ  മുറ്റത്തൊരു മൂലയിൽ കൊണ്ട് വച്ചിട്ട് അതിനു തീകൊടുക്കുക. ടപ്പേ ടപ്പേ ടപ്പേന്ന് പൊട്ടും. അതോടെ ദോഷവും തീരും. (ഫ്ലാറ്റിൽ മുറ്റമില്ലല്ലോ. സിറ്റ് ഔട്ടിന്റെ മൂലയിൽ ഇട്ടു കത്തിച്ചാൽ മതി).

പിന്നെ മറ്റൊരു വിശ്വാസമുണ്ട്. 'കടുകു ചിന്നിയാൽ കലഹം.' കടുകെടുക്കുമ്പോൾ താഴെ വീണാൽ വീട്ടിൽ കലഹമുണ്ടാകും. ഇത് ശരിയാണോ എന്ന് ഞാൻ എന്റെ അമ്മയോട് ഒരിക്കൽ ചോദിച്ചു. ശരിയാണ് എന്നമ്മ പറഞ്ഞു. പിന്നെ വിശദീകരിച്ചു. 

''മരുമകൾ കടുകെടുത്തു നിലത്തു തൂവിയാൽ അമ്മായിയമ്മ ശകാരിക്കും.മരുമകൾ തർക്കുത്തരം പറയും. അതോടെ വഴക്കാവുകയില്ലേ?"

ഞാൻ ചോദിച്ചു.''അപ്പോൾ മകളായാലോ?''   

''മകളായാലും അമ്മ വഴക്കു പറയും.''

'ഇത്തിരി കടുകല്ലേ,നിധിയൊന്നുമല്ലല്ലോ, എന്ന് മകൾ ധിക്കാരം പറയും. വഴക്കിനത് പോരെ ?"  

"അമ്മയുടെ കയ്യിൽ നിന്ന് കടുക് താഴെ വീണാലോ?" ഞാൻ വിടാൻ ഭാവമില്ല.

"അത് തൂത്തു വാരുന്ന പാടോർത്ത്  മകളായാലും മരുമകളായാലും വല്ലതും പറയും. ഒരു കലഹം നിശ്ചയം"

അമ്മയും ഞാനും ചിരിച്ചു. ഈ കടുകിന്റെ ഒരു കാര്യം.

കുട്ടിക്കാലത്ത് എനിക്ക്   നാട്ടിൻ  പുറത്തു നിന്നുള്ള ചില കൂട്ടുകാരുണ്ടായിരുന്നു . നഗരത്തിൽ വന്ന്  ഇംഗ്ലീഷ്  മീഡിയത്തിൽ  പഠിച്ചതോടെ അതിലൊരുവൾ ആളേ മാറി. പിന്നെ ഇംഗ്ലീഷിലേ സംസാരിക്കൂ. നഗരത്തിൽ തന്നെ വളർന്ന ഞങ്ങളോടാണോ ഈ ജാട. ഒരിക്കൽ അവളുടെ മുന്നിൽ വച്ചു  തന്നെ ഒരു വായാടി പറഞ്ഞു. 

''നിങ്ങളറിഞ്ഞോ ഇവളിപ്പോൾ ഇംഗ്ലീഷിലെ കടുകു വറുക്കൂ."     

കേട്ടവർ ചൂടെണ്ണയിലിട്ട കടുകു പൊട്ടി തെറിക്കുമ്പോലെ പൊട്ടിച്ചിരിച്ചു. 

Content Highlights:  Kadhaillayimakal | Column | Mustard | Opinion | Kadhaillayimakal Column

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS