ഒടുക്കത്തെ ഓസ് 

malayalam-story-food
Representative image. Photo Credit:Jimmy Kamballur/Shutterstock.com
SHARE

'ഓസിനു കിട്ടിയാൽ ആസിഡും കുടിക്കും, ചുമ്മാ കിട്ടിയാൽ ചുണ്ണാമ്പും തിന്നും.' എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്. അത് അക്ഷരം പ്രതി ശരിയാണ്. ചിലയാളുകൾ അങ്ങനെയാണ്. മറ്റുള്ളവരെ കഴിയുന്നത്ര ഓസുക എന്ന് നാടൻ ഭാഷയിൽ പറയാം. അതായത് അന്യരുടെ ചെലവിൽ പലതും നേടുക. അത് ഭക്ഷണം മുതൽ യാത്രകൾ, മരുന്നുകൾ, പുസ്തകങ്ങൾ എന്തുമാകാം. സമ്മാനങ്ങളുടെ കാര്യം പിന്നെ പറയാനില്ല. കിട്ടുന്നത് സന്തോഷത്തോടെ വാങ്ങുക. തിരിച്ചു കൊടുക്കുക എന്നൊരു കാര്യമേയില്ല. ഇതേക്കുറിച്ച് ഒരിക്കൽ ഞാൻ എന്റെ ഒരു കൂട്ടുകാരിയോട് സംസാരിച്ചു.

"പകരത്തിനു പകരമൊന്നുമല്ലെങ്കിലും ഒരാൾ ഒരു സമ്മാനം തന്നാൽ പിന്നൊരവസരത്തിൽ അയാൾക്കൊരു സമ്മാനം കൊടുക്കുക എന്നത് ഒരു മര്യാദയല്ലേ രേവതീ. എന്റെ വീട്ടിലെ രീതി അതാണ്. "

"നമ്മൾ ചോദിച്ചിട്ടല്ലല്ലോ അവർ തരുന്നത്. അത് അവരുടെ ഇഷ്ടം. തിരിച്ചു പ്രതീക്ഷിക്കാൻ പാടില്ല." രേവതി അല്പം കടുപ്പിച്ചാണ് പറഞ്ഞത്. ഞാൻ പിന്നെ എന്ത് പറയാനാണ്. കൊടുക്കൽ വാങ്ങലുകൾ സൗഹൃദത്തിന്റെ, ബന്ധങ്ങളുടെ, ആചാരങ്ങളുടെ ഒരു ഭാഗമല്ലേ? കുട്ടികളുള്ള വീട്ടിൽ, ഗർഭിണികളെ സന്ദർശിക്കുമ്പോൾ, വയസ്സായവരെ കാണാൻ ചെല്ലുമ്പോൾ ഒക്കെ മധുരപലഹാരങ്ങളോ, ആപ്പിളോ, ഓറഞ്ചോ ഒക്കെ കൊണ്ടു പോവുക  എന്നത് നമ്മുടെ ഒരു രീതിയാണ്. തിരിച്ചൊന്നും പ്രതീക്ഷിച്ചു കൊണ്ടല്ല നമ്മൾ ആ ഔപചാരികത കാണിക്കുന്നത്. ഒരു പരിഗണന, സ്നേഹപ്രകടനം, ഒരു രീതി. അത്രേയുള്ളു.

''കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം വാങ്ങുമ്പോൾ കിട്ടുകയില്ല." എന്ന ആദർശം  വച്ചു  പുലർത്തിയിരുന്ന എന്റെ അമ്മ, കിട്ടിയതിലേറെ എല്ലാം മടക്കി കൊടുക്കാൻ  നിഷ്ക്കർഷിച്ചിരുന്നു. അത്രത്തോളമില്ലെങ്കിലും കഴിയുന്നത്ര ആ നല്ല രീതി നടപ്പിലാക്കാൻ എന്റെ സഹോദരങ്ങളും ഞാനും മക്കളും ശ്രദ്ധിക്കാറുണ്ട്. വെറുതെ എന്തു  സ്വീകരിക്കുന്നതും ഒരു തരത്തിൽ 'ഓസാണ്' എന്നു  തന്നെയാണ് ഞങ്ങളുടെ വിശ്വാസം.  

സമ്മാനങ്ങളും സഹായവുമൊക്കെ പോകട്ടെ. (സന്തോഷത്തോടെ നൽകുന്നത് സമ്മാനം. അറിഞ്ഞു നൽകുന്നത് സഹായം, ചോദിച്ചു വാങ്ങുന്നത് ഭിക്ഷ എന്നല്ലേ.(പിന്നെയും ചൊല്ല്)  അതൊന്നും ഓസല്ല മടക്കിക്കൊടുക്കേണ്ട കാര്യവുമില്ല എന്ന് കരുതാം)  എന്നാൽ  ഭക്ഷണക്കാര്യത്തിലും നല്ല ഓസാണ് ചിലർ. പുതുതായി ജോലിക്കു ചേർന്ന സമയത്ത് എനിക്കൊരു സഹപ്രവർത്തകയെ കൂട്ടു കിട്ടി. അടുത്തടുത്തിരുന്നു ജോലി ചെയ്യുന്നവർ. ഞാനാണെങ്കിൽ തികച്ചും  നവാഗത. ഉച്ചയ്ക്ക് ഞങ്ങളൊരുമിച്ചാണ് ഊണ് കഴിക്കുക. ഒരു നാൾ എന്റെ ലഞ്ചു ബോക്സ് തുറന്നതും അവൾ എത്തിനോക്കി. 

"ങാഹാ, പൊരിച്ച മീനുണ്ടോ?"

"ഉണ്ട്."

"വലിയ പീസ്  ഞാൻ എടുക്കുന്നേ." അവൾ എന്റെ പാത്രത്തിൽ കയ്യിട്ട് മീൻ എടുത്തു. എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്നാലും മിണ്ടിയില്ല. ക്രമേണ അതൊരു പതിവായി. ഒരു കറിയും അവൾ കൊണ്ടു  വരില്ല. അധികാരത്തോടെ എന്റേത് എടുക്കും. കൊടുക്കുന്നതിൽ വിരോധമുണ്ടായിട്ടല്ല, അവൾക്കു കൂടി കൊടുക്കാനായി ഞാൻ മീനും ചിക്കനുമൊക്കെ കൂടുതൽ കൊണ്ടു  വരാറുമുണ്ട്. പക്ഷേ അവളുടെ തുടർന്നുള്ള സംസാരം എനിക്കിഷ്ടമായില്ല.

"എന്റെ വീട്ടിൽ മീനൊന്നും  വാങ്ങാറില്ല. അമ്മ പിശുക്കിയാണ്. എന്നിട്ടു പറയുന്ന എസ്ക്യൂസ്‌ എന്താണെന്നോ? താഴ്ന്ന ജാതിക്കാരാണ് മീനും ഇറച്ചിയുമൊക്കെ തിന്നുന്നതെന്ന്."

എന്റെ  നല്ല വിഭവങ്ങൾ ഓസുന്നതും പോരാ, ഇങ്ങനെയൊരു കമന്റും. 

താമസിയാതെ ഞാൻ ആ ജോലി വിട്ടു പോയി. പാവം ആ ഉന്നതകുലജാത പിന്നീട് എങ്ങനെ  മീനും ഇറച്ചിയുമൊക്കെ കൂട്ടി ഊണ് കഴിച്ചോ എന്തോ?  

ഇനി മറ്റൊരു ഓഫീസിലെ എന്റെ കൂട്ടുകാരി സുനിത ഓസിന്റെ ആശാട്ടിയാണ്. ഞങ്ങൾ ഒരുമിച്ചു  ബസിൽ കയറിയാൽ അവൾ ടിക്കറ്റെടുക്കുകയില്ല. 'ദേവീ നമ്മുടെ ടിക്കറ്റ് എടുത്തോ' എന്ന് ഓർമ്മിപ്പിക്കും. ഒന്നോ രണ്ടോ  തവണയാണെങ്കിൽ പോകട്ടെ. എന്നുമാകുമ്പോൾ ആർക്കായാലും നീരസം തോന്നും. രണ്ടോ മൂന്നോ പേര് ചേർന്ന് ഒരു ഓട്ടോ പിടിച്ചാലും അവൾ ഷെയർ ചെയ്യുകയില്ല. ഇനി ഒരുമിച്ചൊരു കാപ്പിക്കടയിൽ കയറിയാലും അവൾ പഴ്‌സ് പുറത്തെടുക്കുകയില്ല. സുനിതയും ഞാനും ഒരുമിച്ച് ഓഫീസിൽ നിന്നിറങ്ങുന്നതു കണ്ടാൽ പതിയെ  ഒരു കമന്റ്റ് ഉറപ്പ്.

"ഉം ദേവിക്ക് പണി കിട്ടി. ബസ് ചാർജ്, ആട്ടോക്കൂലി, പിന്നെ പറ്റിയാൽ ഒരു ചായയും കടിയും കൊടുക്കേണ്ടി വന്നതു തന്നെ." 

എന്തു ചെയ്യാനാണ്, കൂട്ടുകാരിയല്ലേ?

ഇത് പറഞ്ഞപ്പോഴാണ് മറ്റൊരു തമാശക്കഥ ഓർമ്മ വന്നത്.

കുറച്ചു കാലം ഞാൻ ഒരു 'പ്രെസ്റ്റീജിയസ്' സ്ഥാപനത്തിൽ ഡെപ്യുട്ടേഷനിൽ ജോലി ചെയ്തിരുന്നു. അവിടെ ഒരു 'എക്സ്ക്ലൂസിവ്' കാന്റീൻ ആണുള്ളത്. ഓഫീസ് സ്റ്റാഫിനെയല്ലാതെ  മറ്റുള്ളവരെ അവിടെ 'എന്റർറ്റൈൻ' ചെയ്യാറില്ല. ഒരു ദിവസം ഒരു ഗസ്റ്റിനെ അല്ലെങ്കിൽ സ്റ്റാഫിന്റെ ഒരു കുട്ടിയെ കൊണ്ടു ചെന്നാൽ ആരും ഒന്നും പറയുകയില്ല.  എന്നാലും ഉദ്യോഗസ്ഥരാരും അങ്ങനെ ചെയ്യാറില്ല. ചുറ്റും എത്രയോ ഹോട്ടലുകളുണ്ട്. കാന്റീന് എക്‌സ്ക്ലൂസിവ് എന്ന പേരേയുള്ളു. സ്റ്റാഫിന് സൗജന്യനിരക്കിൽ, അന്ന് ഇരുപതോ മുപ്പതോ രൂപ എന്നാണോർമ്മ, കൊടുക്കുന്നതു കൊണ്ട് സാപ്പാട് വെറും സാധാരണം. ചോറ്, സാമ്പാറ്, തോരൻ (മെഴുക്കു പുരട്ടി), ഒരു പപ്പടം, തീർന്നു. കറികൾ മാറിമാറി വരും. മത്സ്യമാംസാദികൾ ഉണ്ട്. പക്ഷേ അതെല്ലാം സ്പെഷ്യൽ ആണ്. കൂടുതൽ പൈസ കൊടുക്കണം. വല്ലപ്പോഴും അപൂർവം ചിലർ മാത്രമേ അതൊക്കെ എടുക്കാറുള്ളൂ. നോൺവെജ് വേണമെങ്കിൽ രാവിലെ പറയണം താനും. അല്ലെങ്കിൽ കിട്ടുകയില്ല. 

ലഞ്ച് കൊണ്ടു വരാതിരുന്ന ഒരു ദിവസം ഉച്ചയ്ക്ക് കാന്റീനിലെ സാധാരണ ഊണ് കഴിക്കാൻ കയറി ചെന്നപ്പോൾ ഞാനവിടെ ഓഫീസിലെ ആനിയും അവരുടെ ഭർത്താവും ഇരുന്ന്  കഴിക്കുന്നതു കണ്ടു. രണ്ടുപേരെയും നല്ല പരിചയമുള്ളതു കൊണ്ട് ഞാൻ അടുത്തു  ചെന്നു.

''അല്ല ഇതാരാ. എന്താ ക്യാന്റീനിൽ ഊണ്.''

"പുള്ളിക്കാരൻ ഓഫീസിൽ ഉച്ചയായപ്പോൾ വന്നു. എന്നാൽ പിന്നെ കഴിച്ചിട്ട് പോകാമെന്നു ഞാൻ പറഞ്ഞു'' ആനി ചെറിയ ജാള്യതയോടെ പറഞ്ഞു.

"ആഹാ  രണ്ടാൾക്കും കൂടി  പുറത്തു പോയി അടിപൊളി ലഞ്ച് കഴിക്കാമായിരുന്നില്ലേ?'' എന്റെയൊരു പൊട്ടത്തരം. എന്റെ വാക്കുകൾ കേട്ട് രണ്ടാളും വിളറിപ്പോയി. ഊണ് കഴിഞ്ഞു മടങ്ങുമ്പോൾ മറ്റൊരു സ്റ്റാഫ് സീമ പറഞ്ഞു.

''മിക്കവാറും ദിവസങ്ങളിൽ അയാൾ ഇവിടെയാണ് ഊണ്. ദേവി കാന്റീനിൽ അങ്ങനെ വരാറില്ലല്ലോ. അതാ കാണാത്തത്.''

''ആനിയുടെ കാര്യം പോകട്ടെ. അയാൾക്കില്ലേ നാണക്കേട്. സ്റ്റാഫ് ഒൺലി എന്നിവിടെ ബോർഡ് വച്ചിരിക്കുന്നത് കണ്ടു കൂടെ" മറ്റൊരു കുട്ടി ആശ്ചര്യപ്പെട്ടു. 

പിന്നെയുമുണ്ട് തമാശ. കുറച്ചു ദിവസം കഴിഞ്ഞ് ആനിയുടെ കുടുംബം മുഴുവൻ അവിടെ ഉച്ചയൂണിന് എത്തിയത്രെ. അമ്മായിയപ്പൻ, അമ്മായിയമ്മ,  പിന്നെ ആനിയുടെ ഭർത്താവും, മക്കളും. അത്തവണയും കാന്റീൻകാർ ക്ഷമിച്ചു. പക്ഷേ  അതിനടുത്ത ദിവസം ഇവരോടൊപ്പം ആനിയുടെ ഭർത്താവിന്റെ സഹോദരിയും അവരുടെ ഭർത്താവും ഡ്രൈവറും എത്തിയത്രെ. അതോടെ കാന്റീനക്കാർ ജാഗരൂകരായി. അവർ ആനിയോട് പറഞ്ഞു. 

''ഇതിവിടെ നടപ്പില്ല. രാവിലെ ഓർഡർ എടുത്താണ് ഞങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത്. ഇങ്ങനെ വീട്ടുകാരെ മുഴുവൻ കൊണ്ടു വന്നാൽ ശരിയാവില്ല. മാത്രമല്ല സ്റ്റാഫിന് മാത്രം ഭക്ഷണമുണ്ടാക്കാനാണ് ഞങ്ങൾക്കുള്ള കരാർ."                                                                

ആനി നാണിച്ചു തലകുനിച്ചു നിന്നു എന്നാണോ? ഏയ് ഇല്ല.  ഓസാൻ മടിയില്ലാത്തവർക്ക് എന്ത് നാണക്കേട്! ഏഴെട്ടുപേർ ഹോട്ടലിൽ പോയാൽ രൂപ എത്രയാകും. ഇതിപ്പോൾ റേഷൻ വിലയിൽ കാര്യം നടന്നില്ലേ? വീട്ടിലുണ്ടാക്കുന്നതിനേക്കാൾ ലാഭം. എന്നൊക്കെ  പറഞ്ഞ് ഞങ്ങൾ എല്ലാവരും പൊട്ടിച്ചിരിച്ചു.         

"എന്നിട്ടെന്താ ആനിയുടെ ഭർത്താവ്  ഇപ്പോഴും ഇടയ്ക്കിടെ വന്ന് ഉണ്ണാറുണ്ടെന്നാ കേട്ടത്'' സീമ അതു പറഞ്ഞ് വീണ്ടും ചിരിച്ചു.      

സിറ്റിയുടെ ഹൃദയഭാഗത്താണ് തലസ്ഥാനത്തെ ഞങ്ങളുടെ വീട്. അല്പം അകലെ നിന്നൊക്കെ സിറ്റി യിൽ വരുന്ന ബന്ധുക്കളും  പരിചയക്കാരുമെല്ലാം വീട്ടിൽ കയറും. അച്ഛന്റെ മരണശേഷം അമ്മയോടൊപ്പം ഞാൻ കുറേനാൾ താമസിച്ചിരുന്നു. ട്രെഷറിയിൽ, മെഡിക്കൽ കോളേജിൽ, സെക്രട്ടേറിയറ്റിൽ അങ്ങനെ എന്തെങ്കിലും കാര്യം സാധിക്കാൻ വന്നതാവും. കുറ്റം പറയരുത് അവർ ഞങ്ങളുടെ വീട്ടിൽ വന്നിട്ടേ പോകൂ.   

"ഇതുവരെ വന്നസ്ഥിതിക്ക് വല്യമ്മയെ (ചേച്ചിയെ, അപ്പച്ചിയെ, അണ്ണനെ അങ്ങനെ എന്തും പറയാം) ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി." എന്ന മുഖവുരയോടെയാണ് വരവ്.  എന്റെ അടുക്കള സഹായി എന്നെ നോക്കി തലയാട്ടും. 'പിന്നെ പിന്നെ ഉച്ചസമയത്തു കയറി വന്നിട്ട്, ഊണ് കഴിക്കാനുള്ള അടവാണ്' എന്നാണ് ആ തലയാട്ടലിന്റെ അർത്ഥം. അവൾ രാത്രിക്കും കൂടി കരുതിയാണ് പാചകം ചെയ്യുന്നത്.  അതുകൊണ്ട് ആഹാരം തികയാതെ വരില്ല. എന്നാലും അവളുടെ മുഖം കറുക്കും. സത്ക്കാരത്തിൽ ആരെയും പിന്നിലാക്കുന്ന അമ്മ ഉടനെ അവരെ  ഉണ്ണാൻ വിളിക്കും. ഉണ്ടാക്കി വച്ചതൊക്കെ സന്തോഷത്തോടെ വിളമ്പും അവർ കഴിച്ചിട്ട് സ്ഥലം വിടും. അത്ര ദാനശീല അല്ലാത്തതിനാൽ എനിക്ക് ഇതത്ര പിടിക്കാറില്ല. പോരെങ്കിൽ രാത്രിക്കു വീണ്ടും ഉണ്ടാക്കേണ്ടി വരുന്ന സഹായിയുടെ പിറുപിറുക്കൽ കേൾക്കണം. ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ മടിയായിട്ടല്ല. ഇവരുടെയൊക്കെ വീട്ടിൽ ചെന്നാൽ ഒരു ഗ്ലാസ് വെള്ളം പോലും കിട്ടില്ല. 'ഇവിടെ ഇന്നൊന്നും ഉണ്ടാക്കിയില്ല, ഇന്നലത്തേതൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്തു. അയ്യോ ഒന്നും തരാനില്ലല്ലോ.' എന്നൊരു ക്ഷമാപണം കൂടി നടത്തും.

''ഏയ് ഒന്നും വേണ്ടാ. ഇവിടത്തെ കാര്യം എനിക്കറിയാവുന്നതല്ലേ?'' എന്നു   പറഞ്ഞൊന്ന് ചമ്മിക്കാൻ ഞാൻ മടിക്കാറില്ല. (അങ്ങനെ പറയുമ്പോൾ അമ്മ  ചെറുതായി കണ്ണുരുട്ടും. ഞാൻ കണ്ടില്ലെന്നു നടിക്കും.) 

എന്തെല്ലാം ഓസ് കഥകളാണ് ഇപ്പോൾ കേട്ടത്. ഒന്ന് അനുകരിച്ചാലോ?  

Content Highlights: Kadhayillaymakal | Devi J S | Opinion | Column

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS