അവനവനോട് ഒരു 'സോറി'

HIGHLIGHTS
  • ജീവിതത്തിൽ തോൽവികൾ സംഭവിക്കുന്നത് സാധാരണമാണ്.
1204505932
Representative image. Photo Credit: Eugene Zvonkov/istockphoto.com
SHARE

നമ്മൾ നമ്മളോട് തന്നെ 'സോറി' പറയുന്ന (ക്ഷമാപണം നടത്തുന്ന) ഒരവസ്ഥ ഉണ്ടായിട്ടുണ്ടോ? അതിശയം തോന്നുന്നു അല്ലേ? നമുക്ക് എന്ത് സംഭവിക്കുന്നതിനും ഉത്തരവാദി നമ്മൾ തന്നെയാണ്. നേട്ടങ്ങൾ ഉണ്ടാവുമ്പോൾ നമ്മൾ സ്വയം അഭിനന്ദിക്കാറില്ലേ? അതുപോലെ തന്നെ കോട്ടങ്ങൾ സംഭവിക്കുമ്പോൾ നമുക്ക് സ്വയം 'സോറി' പറയാം.

ഒരാൾ നമ്മളെ അതികഠിനമായി ശകാരിക്കുകയോ, ചീത്തപറയുകയോ, അവമാനിക്കുകയോ ചെയ്യുന്നു. അപ്പോൾ തിരിച്ചു പ്രതികരിക്കരുത്. എന്നുവച്ച് ആ ഭർത്സനങ്ങൾ മുഴുവൻ കേട്ട് സഹിക്കുകയോ ക്ഷമിക്കുകയോ ചെയ്യണമെന്നല്ല. അപ്പോൾ, ആ നിമിഷം അവിടെ നിന്ന് തിരിഞ്ഞു നടക്കണം. എന്നിട്ട്  ആ അപമാനം നിശബ്ദം സഹിക്കേണ്ടി വന്നതിന് 'സോറി' പറയണം, നമ്മുടെ ആത്മാവിനോടും മനസ്സിനോടും. ഇത് ഞാൻ പറയുന്നതല്ല. ഒരു കഥയിൽ ശ്രീ ബുദ്ധൻ പറഞ്ഞിട്ടുള്ളതാണ്. (കടപ്പാട്: ഈ അറിവ് പകർന്നു തന്ന സുഹൃത്തിന്.)

ശൂലം തറയ്ക്കുക, ദേഹത്ത് ഒരു കൊളുത്ത് കോർത്ത് ഗരുഡൻ തൂക്കം നടത്തുക, ശയനപ്രദക്ഷിണം ചെയ്യുക, തീയിൽ നടക്കുക മുതലായ ശരീര പീഡകൾ അനുഭവിച്ചു കൊണ്ടുള്ള വഴിപാടുകൾ ഒരു ഫലവും നൽകുന്നില്ല. എന്നു  മാത്രമല്ല ശരീരത്തെയും ആത്മാവിനെയും നോവിക്കുന്നു. 'ആത്മപീഡനം നിനക്കും നിന്നിൽ കുടികൊള്ളുന്ന എനിക്കും വേദനാജനകമാണ്' എന്ന് ഭഗവത് ഗീതയിൽ പറയുന്നുണ്ട്. (കടപ്പാട് ഒരു ഗീതാക്ലാസ്സ്). സ്വയം ഏൽപ്പിക്കുന്ന ദണ്ഡനം മാത്രമല്ല മറ്റുള്ളവർ ഏൽപ്പിക്കുന്ന പീഡനങ്ങളും നമ്മൾ സഹിക്കേണ്ടതില്ല. അതും  നമ്മുടെ അന്തരാത്മാവിനെയും അവിടെ കുടി കൊള്ളുന്ന ഈശ്വര ചൈതന്യത്തെയും നോവിക്കും, അപമാനിക്കും. നമ്മളോട് ചെയ്യുന്ന ക്ഷമാപണം ആ ചൈതന്യത്തിനും കൂടിയുള്ളതാണ്. ഈ അർത്ഥത്തിലാവാം ബുദ്ധനും ഒരു പക്ഷെ അങ്ങനെ പറഞ്ഞത്.               

കഴിഞ്ഞ ദിവസം ഒരു ആഘോഷത്തിൽ പങ്കെടുത്തു നിൽക്കെ ഒരാൾ അടുത്തു  വന്നു. സുഹൃത്തെന്നു പറയാൻ മാത്രം അടുപ്പമില്ല. എന്നാലും കുട്ടിക്കാലം മുതൽ തമ്മിൽ അറിയും.     

''മോൻ എങ്ങനെയുണ്ട്?" അയാൾ.

"അതുപോലെ തന്നെ കിടക്കുന്നു." ഞാൻ.

"എന്തിനാണ് ഇങ്ങനെ ഇട്ടിരിക്കുന്നത്?" അയാൾ 

"വേറെന്താ ചെയ്യാൻ പറ്റുക? " ഞാൻ.

"ഇതിൽ ഭേദം മരിക്കുന്നതാണ്." അയാൾ.

"എന്നു  വച്ച് കൊല്ലാനൊക്കുമോ?" ഞാൻ അല്പം അസ്വസ്ഥയായി.

"മേഴ്‌സി കില്ലിംഗ് കാരെ വിളിക്കണം."

"അയ്യോ... അതിന്  നമ്മുടെ നാട്ടിൽ നിയമമുണ്ടോ?" ഞാൻ ശരിക്കും ഞെട്ടി.

"ഇല്ല. അതാണ് കഷ്ടം." അയാൾ.

ഇത്രയും പറഞ്ഞ്  അയാൾ നടന്നകന്നപ്പോൾ എന്റെ മനസ്സ് വല്ലാതെ പിടഞ്ഞു. എന്റെ മകന്റെ നിസ്സഹായ രൂപം ഓർത്തു. ഒരു അമ്മയോട് ഇങ്ങനെ പറയാൻ എങ്ങനെ തോന്നി? അയാൾക്ക് അല്പം മാനസിക പ്രശ്നം ഉണ്ടെന്നറിയാം. കല്യാണം കഴിച്ചിട്ടില്ല. കുടുംബം ഇല്ല. എന്നാലും മനുഷ്യത്വം ഇല്ലേ? പലർക്കും ഇങ്ങനെ തോന്നുന്നുണ്ടാവും. പക്ഷേ ആരും പറയുകയില്ലല്ലോ.   

'വിട്ടുകളയൂ ദേവീ. തലയ്ക്കു സ്ഥിരത ഇല്ലാത്തവരോട് എന്ത് പറയാനാണ്.' എന്റെ വിങ്ങുന്ന മനസ്സിനോട് ഞാൻ പറഞ്ഞു, 'സോറി'.  

രണ്ടു തവണ പ്രണയം തകർന്ന ഒരു പെൺകുട്ടി എന്റെ മുന്നിൽ വന്ന്  വല്ലാതെ സങ്കടപ്പെട്ടു. അച്ഛനും അമ്മയുമൊക്കെ അവളെ നിരുത്സാഹപ്പെടുത്തുകയും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. കേട്ടില്ല, അവരെ അനുസരിച്ചില്ല എന്ന കുറ്റബോധവും അവൾക്കുണ്ട്.   ഇനി അവരെയൊക്കെ എങ്ങനെ അഭിമുഖീകരിക്കും എന്ന ചിന്തയിൽ അവൾ കുഴഞ്ഞു. '''നീ ഇത്രയും വിഷമിക്കാൻ  ഇടയാക്കിയത് നീ തന്നെയാണ്. അതു കൊണ്ട് നീ നിന്നോട് തന്നെ ആദ്യം ക്ഷമാപണം നടത്ത്. പിന്നെ സങ്കടമുണ്ടാവില്ല. കണ്ണാടിയിൽ നോക്കി നിന്നോട് തന്നെ പറയ് സോറി സോറി എന്ന്.''  ഞാൻ അവളെ ആശ്വസിപ്പിച്ചു.            

കടം കൊടുത്ത പൈസ തിരിച്ചു കിട്ടാനായി ചോദിച്ചു ചോദിച്ചു മടുത്ത അവസ്ഥയിലാണ് ഞാൻ.   കടം വാങ്ങിയ തുക മടക്കി ചോദിക്കുമ്പോൾ എന്തോ മഹാപരാധം ഞാൻ ചെയ്ത പോലെയാണ് കടം വാങ്ങിയ ആളുടെ പെരുമാറ്റം. കടം കൊടുത്തത് തിരിച്ചു കിട്ടാൻ  ഭിക്ഷാടനത്തെക്കാൾ പ്രയാസമാണ്. പൈസ തിരിച്ചു കിട്ടാനായി താണുവീണു  നമ്മൾ  കേണപേക്ഷിക്കുന്നതു പോലെ ഒരു ഭിക്ഷക്കാരനും ഇതുവരെ  യാചിട്ടുണ്ടാവില്ല... അപ്പോഴും മുറിവേൽക്കുന്നത് നമ്മുടെ ആത്മാവിനാണ്. കടം കൊടുത്തു എന്ന തെറ്റ് ചെയ്തത് ഞാനാണ്. അപ്പോൾ അവമാനിക്കപ്പെടുന്ന എന്റെ മനസ്സിനോട് സോറി പറയേണ്ടത് ഞാൻ തന്നെയല്ലേ?

ജീവിതത്തിൽ തോൽവികൾ സംഭവിക്കുന്നത് സാധാരണമാണ്. അപ്പോഴും വേദനയും നിരാശയും സങ്കടവും അനുഭവിക്കേണ്ടി വരും. അതിന്റെ കൂടെ മറ്റുള്ളവരുടെ കുത്തുവാക്കുകൾ, അധിക്ഷേപങ്ങൾ, കുറ്റപ്പെടുത്തലുകൾ ഒക്കെ സഹിക്കേണ്ടിവരും. അപ്പോഴൊക്കെ നമ്മൾ നമ്മളോട് തന്നെ സോറി പറയാം. കാരണം നമ്മൾ തോൽക്കാൻ ഇടയാക്കിയത് നമ്മൾ തന്നെയല്ലേ?

ഒരുപാടു നോവുമ്പോൾ, 'സാരമില്ല പോട്ടെ. ഐ ആം സോറി. ഇങ്ങനെ നോവാൻ   ഞാൻ ഇടയാക്കിയല്ലോ', എന്ന് ഞാൻ എന്നോട്  പറയാറുണ്ട്. മറ്റൊരാളോട് സോറി പറയുംപോലെയല്ല, എന്നോട് തന്നെ പറയുമ്പോൾ കിട്ടുന്ന ആശ്വാസം പറഞ്ഞറിയിക്കാനാവില്ല.   

Content Highlights: Opinion | Column | Devi. J. S

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS