അകലെ നിന്നൊരു അതിഥി

devi-j-s
നസീം ബീഗം റഹ്‌മാനും ദേവി ജെ. എസും
SHARE

തമ്മിൽ തമ്മിൽ കണ്ടിട്ടേയില്ലാത്ത സൗഹൃദങ്ങളെപ്പറ്റി ഇതിനു മുൻപ് ഞാൻ എഴുതിയിട്ടുണ്ട്. വർഷങ്ങളായി കത്തുകൾ എഴുതുകയും (ഇപ്പോൾ കത്തുകൾ ഇല്ലല്ലോ.) ഫോണിൽ സംസാരിക്കുകയും എഫ് ബി യിലും മെസ്സഞ്ചറിലും ഒക്കെ സൗഹൃദം പുലർത്തുകയും ചെയ്യുന്ന ഒരുപാടു കൂട്ടുകാർ എനിക്കുണ്ട്. അവരെ ഞാനോ എന്നെ അവരോ കണ്ടിട്ടില്ല എന്നതാണ് തമാശ. കണ്ടിട്ടില്ല എന്നങ്ങു തീർത്തു പറയാനാവില്ല. ഫോട്ടോകൾ പോസ്റ്റു  ചെയ്യാനിപ്പോൾ ഇടങ്ങളുള്ളതു കൊണ്ട് എല്ലാവർക്കും പരസ്പരം കാണാനാവുന്നുണ്ട്. എന്നാലും നേരിൽ കാണുന്നതു പോലെയാവില്ലല്ലോ. അപൂർവം ചിലർ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും വന്നു കാണുകയും ചെയ്തിട്ടുണ്ട്. 

എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ നസീം ബീഗം റഹ്‌മാനെ എന്ന് എപ്പോൾ എങ്ങനെ പരിചയപ്പെട്ടു എന്നിപ്പോൾ ഓർക്കുന്നില്ല. അധികം പേരും മനോരമ ഓൺലൈനിലെ എന്റെ ഈ കോളം വായിച്ച് ഇഷ്ടപ്പെട്ടിട്ടാണ് സൗഹൃദഹസ്തം നീട്ടുന്നത്. നസീം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് എന്റെ കൂട്ടുകാരിയായത്. നമ്മുടെ നാട്ടിലെ വർക്കല എന്ന ചെറിയ സ്ഥലത്തു നിന്ന് ഒരു പെൺകുട്ടി കംബോഡിയ എന്ന രാജ്യത്തിൽ പോയി പത്രത്തിൽ ജോലി ചെയ്യുന്നു എന്നത് എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. നസീമുമായി അടുപ്പത്തിലായിട്ട്  കുറെ നാളായി. പതിവായി സംസാരിക്കാറുള്ളതു  കൊണ്ട് ആ അടുപ്പം കൂടിക്കൂടി വന്നു. കംബോഡിയായെപ്പറ്റി ഒരു നല്ല ചിത്രം എനിക്ക് നസീമിന്റെ പോസ്റ്റ്കളിൽ നിന്ന് കിട്ടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് പോയിട്ടില്ലാത്ത എനിക്ക് വിദേശരാജ്യങ്ങൾ അത്ഭുതലോകങ്ങളാണ്. കംബോഡിയായിലെ ആളുകൾ, അവരുടെ ജീവിതരീതികൾ, ഭക്ഷണങ്ങൾ, പാർപ്പിടങ്ങൾ ഇവയെയെല്ലാം നസീമിന്റെ ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും എനിക്കിപ്പോൾ പരിചിതമാണ്. 

ഈ സൗഹൃദകാലത്തിനിടയിൽ നസിം രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 'My Mother Did Not Go Bald' എന്ന ഇംഗ്ലീഷ് പുസ്തകവും 'ഫീമെയിൽ സെക്സിസ്റ്റുകൾ ഉണ്ടാകും കാലം' എന്ന മലയാളം പുസ്തകവും. രണ്ടും എനിക്കെത്തിച്ചു തരാനുള്ള ഏർപ്പാട് നസീം അവിടെയിരുന്നു കൊണ്ട് തന്നെ ചെയ്തു. രണ്ടിന്റെയും ഒരു ചെറിയ റിവ്യൂ (രാമുവിന്റെ സഹായത്തോടെ) എഴുതി ഞാൻ എഫ് ബിയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. തമ്മിൽ കാണണമെന്ന് ഇരുവരും ആശിക്കാൻ  തുടങ്ങിയിട്ടും കാലം കുറെയായി. പലതവണ നസീം നാട്ടിൽ വന്നു പോയി എങ്കിലും എല്ലാം ഓരോ അത്യാവശ്യങ്ങൾക്കായുള്ള 'പറക്കും സന്ദർശനങ്ങൾ' ആയിരുന്നു. വരവും പോക്കുമൊക്കെ കഴിഞ്ഞിട്ടാണ്, നാട്ടിൽ വന്നിരുന്നു എന്നും ഓരോ തിരക്കുകൾ കാരണം ആരെയും കാണാൻ കഴിയാതെ മടങ്ങി എന്നും നസീം പറയുന്നതും ഞാൻ അറിയുന്നതും.

നവംബറിൽ നാട്ടിൽ വരുമെന്നും ഇത്തവണ എന്തായാലും കാണുമെന്നും നസീം ഉറപ്പു നൽകി. ഞാൻ കാത്തിരിപ്പു തുടങ്ങി. നവംബർ 10 നു കൊച്ചിയിലെത്തും. ട്രെയിനിൽ ആണ് വരുന്നത്. കേരളകൗമുദി, മാതൃഭൂമി മീഡിയ സ്കൂൾ ,ഇവിടെയെല്ലാം പോകണം. ഉച്ചയോടെ എന്റെ ഫ്ലാറ്റിൽ എത്താം. നസീം പ്രോഗ്രാം അറിയിച്ചു. ഉച്ചയോടെ പരിപാടികൾ തീർത്ത് ഊണ് കഴിക്കാൻ എന്റെ വീട്ടിൽ എത്തണമെന്ന് ഞാനും നിർബന്ധമായി പറഞ്ഞു. 

എന്നെ കാണാൻ മറ്റൊരു രാജ്യത്തു നിന്നും ഒരാൾ ഇതാ എത്തുന്നു! അതും പ്രസിദ്ധയും പ്രഗത്ഭയുമായ ഒരുവൾ! ഞാനാകെ തില്ലടിച്ചു. രണ്ടു പച്ചക്കറി കൂട്ടാൻ, (അത് തോരൻ, ഉലർത്ത്, അവിയൽ, എരിശ്ശേരി, പച്ചടി ഇതിലേതുമാകാം) ഒരു നോൺ വെജ് (മീൻ/ചിക്കൻ പൊരിച്ചതോ കറിയോ), പിന്നെ ഒരു രസമോ പുളിശ്ശേരിയോ. ഇതാണ് എന്റെ വീട്ടിലെ  സ്ഥിരം മെനു. അന്നും അതു  തന്നെ എന്ന് ഞാൻ പറഞ്ഞപ്പോൾ, തൈരും അച്ചാറും ചമ്മന്തിയും മുട്ട പൊരിച്ചതുമായാലും മതി എന്ന് നസീം പറഞ്ഞു. ഞാൻ അതും കൂടി അന്നത്തെ മെനുവിൽ ചേർത്തു. അങ്ങനെ ലഞ്ച് ലളിതമെങ്കിലും വിഭവസമൃദ്ധമായി.

പന്ത്രണ്ട് പന്ത്രണ്ടരയ്‌ക്കെത്തുമെന്നു പ്രതീക്ഷിച്ച എന്റെ അതിഥി എത്തിയത് 2 മണിക്ക്. പോയിടങ്ങളിലൊക്കെ വിചാരിച്ചതിലേറെ സമയമെടുത്തു. പിന്നെ മെട്രോയിലും ഓട്ടോയിലുമൊക്കെ കയറി ഇവിടെ എത്തുമ്പോൾ അത്രയും വൈകി. ഫ്ലാറ്റിനു താഴെ ഗേറ്റിൽ ചെന്ന് നസീമിനെ സ്വീകരിക്കുമ്പോൾ ആദ്യമായി കാണുന്നു എന്നൊരു പരിചയക്കേട്‌ ഞങ്ങൾ രണ്ടാൾക്കും തോന്നിയില്ല. (അതെങ്ങനെ എന്നും പടം കാണും.എന്നും ചാറ്റ് ചെയ്യു). എന്റെ വീട്ടിലെ ഭക്ഷണം ഏറ്റവും രുചികരം എന്ന മട്ടിൽ എന്നോടൊപ്പം നസീം  ആസ്വദിച്ചു  കഴിച്ചപ്പോൾ എനിക്ക് തൃപ്തിയായി. എന്റെ രാമുവിനെയും ഞാൻ നസീമിന് പരിചയപ്പെടുത്തി. രാമു ഞാനും നസീമും ഒരുമിച്ചുള്ള കുറച്ചു ഫോട്ടോകൾ മൊബൈലിൽ എടുത്തു. ഒരുപാട് നേരം സംസാരിച്ചിരിക്കാൻ പറ്റിയില്ല. കാരണം നസീമിന്റെ സുഹൃത്തുക്കളായ അനൂപും എൽസിയും ഊട്ടു പുരയിൽ(ഹോട്ടൽ) കാത്തിരിക്കുന്നു. നസീം ഒന്നു രണ്ടു ചെറിയ കൗതുക വസ്തുക്കൾ എനിക്കായി കൊണ്ടു വന്നിരുന്നു. എനിക്കു പകരം നസീമിന്റെ കൂടെ കംബോഡിയായ്ക്കു പോകാൻ(എനിക്ക് പോകാൻ ആഗ്രഹമുണ്ടെങ്കിലും സാധിക്കില്ലല്ലോ) എന്റെ രണ്ടു പുസ്തകങ്ങൾ - തിരഞ്ഞെടുത്ത കഥകളും സാന്ത്വനത്തിന്റെ സ്നേഹസ്പർശങ്ങളും - ഞാൻ കൊടുത്തയച്ചു. എഴുത്തുകാർക്കു മാത്രമല്ലേ സ്വന്തം പുസ്തകങ്ങൾ എന്ന വിലമതിക്കാനാവാത്ത സമ്മാനം നൽകാനാവൂ. 

രാമു ഒരു ഊബർ ആട്ടോ വിളിച്ചു തന്നു. ഞങ്ങൾ പോകാൻ ഇറങ്ങുമ്പോൾ സ്കൂൾ വിട്ട്  മിലിയും കൂട്ടുകാരുമെത്തി. മിലിക്കും നസീമിനെ കാണാനായത് എനിക്ക് അതീവ സന്തോഷമായി. "അമ്മൂമ്മയുടെ ഫ്രണ്ടാണ്, കംബോഡിയയിൽ നിന്ന്" ഞാൻ അൽപ്പം ഗമയോടെ നസീമിനെ എൻ്റെയാ കുട്ടിക്കൂട്ടത്തിന് പരിചയപ്പെടുത്തി. നസീമിനോടൊപ്പം ഞാനും ഊട്ടുപുരയിലേയ്ക്ക് പോയി. 

പത്തു വർഷത്തിലേറെയായി എഫ് ബി സുഹൃത്തുക്കളായ അനൂപും എൽസിയും നസീമും തമ്മിൽ  ആദ്യമായി കാണുകയാണ്.  ആവേശകരമായ ആ നിമിഷത്തിനു സാക്ഷിയാവാൻ എനിക്കും സാധിച്ചു. രണ്ടു പുതിയ സുഹൃത്തുക്കളെ എനിക്കും കിട്ടി. ഊട്ടുപുരയിലെ നല്ല ഫിൽറ്റർ കോഫി കുടിക്കാനും ഇലയട കഴിക്കാനും മാത്രമേ ഞങ്ങൾക്ക് സമയം കിട്ടിയുള്ളു. കാരണം നസീമിന് മടങ്ങാനുള്ള ട്രെയിൻ 5 മണിക്കാണ് . അതിനിടയിൽ ഞങ്ങൾ കുറച്ചു സംസാരിക്കുകയും കൂടുതൽ ചിരിക്കുകയും ചെയ്തു. 4.30.നു പുറത്തിറങ്ങി. എല്ലാവരുമായി ഒരു സെൽഫി എടുക്കാൻ പറ്റി. (അതില്ലാതെ എന്ത് കണ്ടു മുട്ടൽ?)

ആദ്യം വന്ന ഓട്ടോയിൽ ചാടിക്കയറി  നസീം റെയിൽവേ സ്റ്റേഷനിലേയ്ക്കും അടുത്ത ഓട്ടോയിൽ കയറി ഞാൻ വീട്ടിലേക്കും പാഞ്ഞുപോയി. പൊള്ളുന്ന വെയിൽ പെട്ടെന്ന് മറഞ്ഞ്, മാനം ഇരുണ്ട്  മിന്നലും ഇടിയുമെത്തി. 'അതു കൊള്ളാം  ഇത്രപെട്ടെന്ന് കാലാവസ്ഥ മാറിയോ' എന്ന് ഞാൻ അമ്പരക്കെ 'ഇത് തുലാവർഷമാണേ' എന്ന് പ്രകൃതി വിളിച്ചു പറഞ്ഞു. മഴയ്ക്ക് മുൻപേ ഞാൻ വീടെത്തി. നസീമും ട്രെയിനിൽ കയറി എന്ന് അറിയിച്ചു. 

പെരുമഴയിൽ  അന്നത്തെ മനോഹരമായ ആ സായാഹ്നം നനഞ്ഞ് കുളിക്കുമ്പോൾ എന്റെ മനസ്സിൽ,  തീവ്രമായ ഒരാഗ്രഹം - നസീമും ദേവിയും തമ്മിൽ കാണുക എന്നത് - സാധിച്ചു എന്ന ചരിതാർഥ്യമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA