മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ. സി. രാധാകൃഷ്ണന്റെ 'കരൾ പിളരും കാലം ' വായിച്ചാൽ ദുഃഖത്തിന്റെ തീവ്രതയിൽ കരൾ പിളർന്നു പോകും. തലക്കെട്ടിലുള്ള സാദൃശ്യം കൊണ്ട് ആ നോവൽ ഇവിടെ ഒന്നോർമ്മിച്ചു എന്നേയുള്ളു. കരൾ എന്ന് നമ്മൾ കാല്പനികമായി വിവക്ഷിക്കുന്നത് ലിവറിനെയല്ല, ഹൃദയത്തെ അല്ലെങ്കിൽ മനസ്സിനെയാണ്. സന്തോഷം കൊണ്ട് കുളിരു കോരുന്ന ഒരു കാലത്തെകുറിച്ചാണ് ഞാനിവിടെ പറയാൻ പോകുന്നത്.
വേനൽക്കാലം, മഴക്കാലം, മഞ്ഞുകാലം എന്നിങ്ങനെ വന്നു പോകുന്ന കാലങ്ങൾ പോലെ ഇക്കഴിഞ്ഞ നവംബർ മാസം എനിക്ക് വർഷങ്ങളായി കാണാതിരുന്ന കൂട്ടുകാർ എന്നെക്കാണാൻ വന്നു പോകുന്ന കാലമായി മാറി. എന്റെ മനസ്സ് (കരൾ) കുളിരു കോരുക തന്നെ ചെയ്തു.
ആ സുന്ദരകാലത്തിന് തുടക്കമിട്ടത് നസീമായിരുന്നു. ആ വരവിനെപ്പറ്റി 'കംബോഡിയയിൽ നിന്നൊരതിഥി' എന്ന പേരിൽ ഒരു ലേഖനം ഈ പംക്തിയിൽ അന്ന് പോസ്റ്റ് ചെയ്തിരുന്നതു കൊണ്ട് അതേക്കുറിച്ചിനി വിവരിക്കുന്നില്ല. പക്ഷേ അത് രാശിയുള്ള ഒരു വരവായിരുന്നു. അതിന്റെ ത്രില്ല് മാറും മുൻപേ ഏറെക്കാലമായി തമ്മിൽ കാണാതിരുന്ന രണ്ടു കൂട്ടുകാർ അവരുടെ വരവറിയിച്ചു. ദ്രൗപതിയും ഗീതാ പ്രേമചന്ദ്രനും.മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി യിൽ സഹപ്രവർത്തകരായിരുന്നു ഞങ്ങൾ. ഒരു മിച്ച് ഒരു സെക്‌ഷനിൽ ഒരിക്കലും ഞങ്ങൾ ജോലി ചെയ്തിട്ടില്ല. രാവിലെയും വൈകുന്നേരവും യൂണിവേഴ്സിറ്റിയുടെ ബസിൽ അടുത്തടുത്തിരുന്നുള്ള യാത്രകളാണ് ഞങ്ങളെ സ്നേഹിതരാക്കി മാറ്റിയത്. കയറിയാൽ ഇറങ്ങുന്നതു വരെ വാതോരാതെയുള്ള വർത്തമാനമല്ലേ? എങ്ങനെ കൂട്ടാവാതിരിക്കും. ഞാൻ റിട്ടയർ ചെയ്തു പോന്നതിൽ പിന്നെ ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. കൊല്ലം പതിനെട്ടു കഴിഞ്ഞു. രണ്ടു മൂന്നു കൊല്ലമായി ദ്രൗപതിയും ഗീതയും എന്നെ വന്നൊന്നു കാണാൻ പ്ലാനിടുകയാണ്. അവർ രണ്ടാളും അടുത്ത സ്നേഹിതകളാണ്. അവർ ഒരുമിച്ച് ടൂർ സംഘങ്ങളോടൊപ്പം യാത്രകൾ പോകാറുണ്ട്. എന്നെക്കാണാനും ഒരുമിച്ചു വരാനാണ് അവർ ആഗ്രഹിച്ചത്. സർവ്വീസിലും പ്രായത്തിലും ഞാൻ അവരെക്കാൾ പത്തു കൊല്ലമെങ്കിലും സീനിയറാണ്. അവരുടെ വരവ് ഞാനും ആഗ്രഹിച്ചു. നമ്മളെ സ്നേഹിക്കുന്നവരെ കാണുന്നത് എത്ര സന്തോഷകരമാണ്. പക്ഷേ അന്നൊന്നും അവരുടെ പ്ലാൻ നടപടിയായില്ല. ദ്രൗപതിക്ക് സൗകര്യമുള്ളപ്പോൾ ഗീതയ്ക്ക് അസൗകര്യം. അത് പോലെ തന്നെ തിരിച്ചും. പദ്ധതി നീണ്ടു നീണ്ടു പോയി. ഈയിടെ ദ്രൗപതി വിളിച്ചപ്പോൾ ഞാൻ പറഞ്ഞു. 'ഒന്ന് വരൂ. ഇനി മാറ്റിവയ്ക്കല്ലേ.' എന്റെയാ വാക്കുകൾ മനസ്സിൽ തട്ടിയിട്ടാവാം ഗീതയുമായി ആലോചിച്ചശേഷം ദ്രൗപതി ഉടൻ തിരിച്ചു വിളിച്ച്. 'അടുത്ത ഞായറാഴ്ച ഞങ്ങൾ വരുന്നു' എന്ന് ഉറപ്പിച്ചു പറഞ്ഞു.
സത്യത്തിൽ തലേന്നു രാത്രി ഞാൻ ഉറങ്ങിയില്ല. രാവിലെ തന്നെ ജോലികൾ തീർത്ത്, കുളിച്ചൊരുങ്ങി കാത്തിരിപ്പായി. കോട്ടയത്ത് നിന്ന് ഗീത തൃപ്പുണിത്തുറയിലെത്തി ദ്രൗപതിയെയും കൂട്ടി, രണ്ടാളും കൂടി എന്റെ ഫ്ലാറ്റിനു മുന്നിൽ വന്നിറങ്ങുമ്പോൾ മൂന്നു മനസുകളിൽ തിങ്ങി നിറഞ്ഞ വികാരങ്ങൾ വാക്കുകൾക്കതീതമാണ്. അതുകൊണ്ടാവാം പൊട്ടിച്ചിരികൾക്കിടയിൽ കണ്ണുകൾ നിറഞ്ഞത്.
''മാം ന് ഉള്ള പ്രായം തോന്നുകയേ ഇല്ല. ഇപ്പോഴും സുന്ദരിയാ." അഭിനന്ദനങ്ങൾ എപ്പോഴും നല്ലതാണ്. അവ പകരുന്ന പോസിറ്റീവ് എനർജി വലുതാണ്. ഞാൻ ചിരിച്ചു.
ചായയും പലതരം ഉപ്പേരികളും (ചക്ക വറുത്തത്, കപ്പ വറുത്തത്, ശർക്കര പുരട്ടി, ഏത്തക്കായ വറുത്തത് ) ഒപ്പം പണ്ടത്തെപ്പോലെ നിർത്താതെ സംസാരവും ചിരിയും. പറഞ്ഞാൽ തീരുമോ വിശേഷങ്ങൾ, കൊല്ലം എത്ര കടന്നു പോയി. ഇതിനിടയിൽ എന്തെല്ലാം സംഭവിച്ചു. ഉത്സാഹം തെല്ലും കുറയാതെ ഞങ്ങൾ തുടർന്നു. പിന്നെ 'ഗ്രീൻ സ്പൂൺ' എന്ന വെജിറ്റേറിയൻ ഹോട്ടലിലെ നാൻ ,പനീർ ബട്ടർ മസാല. ക്ലാസ് കട്ട് ചെയ്ത് കറങ്ങാൻ പോകുന്ന കുട്ടികളുടെ മനസ്സായിരുന്നു ഞങ്ങൾക്കപ്പോൾ. കുറെ നേരം കൂടി എന്റെ വീട്ടിലിരുന്ന് കളി തമാശകൾ പറഞ്ഞശേഷം അവർ യാത്രയായി. അവർ കണ്ണിൽ നിന്ന് മറയുവോളം ഞാൻ നോക്കി നിന്നു. മനസ്സ് കോരിത്തരിച്ച നാലഞ്ചു മണിക്കൂറുകൾക്ക് ആരോടാണ് നന്ദി പറയുക!
ആ സൗഹൃദ സന്ദർശനത്തിന്റെ ഹാങ്ങോവർ മാറും മുൻപേ അടുത്തയാഴ്ച ഒരു സുഹൃത്തിന്റെ ഫോൺ വിളി , കൊല്ലത്തു നിന്ന്.
"വെള്ളിയാഴ്ച ഫ്രീ ആണോ?"
"അതെ. പക്ഷേ ഞാൻ എന്റെ മകനെ കാണാൻ പോകും."
"അമ്മയേയും മകനെയും കാണാനാണ് ഞാൻ വരുന്നത്. ഞാൻ നേരെ അവിടേയ്ക്ക് വന്നോളാം"
സുഹൃത്ത് എന്ന് പറയാവുന്ന അപൂർവ്വം ചില സഹപ്രവർത്തകന്മാരിൽ ഒരാൾ. ജോൺ ഒരു സഹപ്രവർത്തകൻ മാത്രമല്ല, സഹോദരനെക്കാൾ അടുപ്പമുള്ള സുഹൃത്ത്. സുഹൃത്തിനേക്കാൾ പരിഗണനയുള്ള സഹോദരൻ. അതാണ് എന്നും എനിക്കീ ജോൺ. പ്രായം കൊണ്ട് എന്നേക്കാൾ വളരെ ജൂനിയർ ആണെങ്കിലും ചെറുപ്പത്തിലേ ജോലിയിൽ ചേർന്നത് കൊണ്ട് വളരെ ഉന്നതമായ ഒരു പദവിയിലെത്തിയിട്ടാണ് ജോൺ റിട്ടയർ ചെയ്തത്. എന്റെ മകനെ കാണാൻ ഒരിക്കൽ ജോൺ വന്നിരുന്നു. അതിപ്പോൾ നാലഞ്ച് കൊല്ലമായിക്കാണും. അത് കൊണ്ട് ജോൺ വരുന്നു എന്നു കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷമായി.
പതിനൊന്നു വർഷമായി കിടപ്പിലായ എന്റെ മകൻ ഇപ്പോൾ 'കാൻ കെയർ' എന്ന പാലിയേറ്റീവ് കെയറിൽ ആണ്. അതിന്റെ അഡ്രസ്സും ഗൂഗിൾ മാപ്പും ഒക്കെ ഞാൻ ഇട്ടു കൊടുത്തു. ഞാൻ എത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ അതിഥിയെത്തി. പണ്ട് ഒരു ചെറിയ പയ്യനായി ഞാൻ പരിചയപ്പെട്ട ആ കൂട്ടുകാരൻ നന്നേ തടിച്ച് ഒത്ത ഒരാളായിരിക്കുന്നു. സഹതപിക്കുകയോ അനുശോചിക്കുകയോ ഒന്നും ചെയ്യാതെ, മകൻ ഇപ്പോൾ ബെറ്ററായിട്ടുണ്ടെന്നും എന്റെ രൂപവും ഭാവവും ഒക്കെ പ്രസന്നമാണെന്നും പറഞ്ഞ്, എന്നെ ആശ്വസിപ്പിക്കുകയാണ് ജോൺ ചെയ്തത്. കാൻ കെയറിൽ അന്നൊരു വിശേഷ ദിവസമായിരുന്നു. അതിന്റെ കേക്കിലും ഉരുന്നുവടയിലും ചായയിലും ഒതുക്കേണ്ടി വന്നു അതിഥിക്കായി എന്റെ സത്കാരം. സമയക്കുറവു മൂലം പെട്ടെന്ന് ഞങ്ങൾക്ക് യാത്രപറഞ്ഞു പിരിയേണ്ടി വന്നു എങ്കിലും എന്റെയാ ദിവസം സന്തോഷപ്രദമാക്കി, ആ ഹ്രസ്വസന്ദർശനം.
'ദേവിയ്ക്ക് ഞാനും ഒരു സർപ്രൈസ് തരുന്നുണ്ട്.' എന്ന് പറഞ്ഞു കൊണ്ടാണ് ഡിസംബർ കടന്നു വന്നത്. എന്നെ വല്ലാതെ അദ്‌ഭുതപ്പെടുത്തിക്കൊണ്ടാണ് യൂ.കെ യിൽ നിന്ന് എനിക്കൊരു അതിഥി വന്നത്. ചിന്നു! എന്റെ വീട്ടുകാരുമായി പണ്ട് മുതലേ വലിയ അടുപ്പമുണ്ടായിരുന്ന ഒരു കുടുംബത്തിലെ മൂന്നാം തലമുറയാണവൾ. കുട്ടിക്കാലത്തെന്നോ ഞാനവളെ കണ്ടിട്ടുണ്ട്. പിന്നെയവൾ അച്ഛനമ്മമാരോടൊപ്പം യൂ.കെ യ്ക്ക് പോയി. ഈയിടെ ഒരു കോമൺ ബന്ധുവിന്റെ തൊണ്ണൂറ്റൊമ്പതാം പിറന്നാളാഘോഷത്തിൽ പങ്കെടുക്കുമ്പോൾ ഞങ്ങൾ തമ്മിൽ കണ്ടു. പത്തു നാൽപതു വർഷങ്ങൾക്കു ശേഷം. അവൾക്കു മലയാളം കേട്ടാൽ മനസ്സിലാവും. പക്ഷേ കടുത്ത ബ്രിട്ടീഷ് ഉച്ചാരണത്തിലാണ് അവളുടെ ഇംഗ്ലീഷ് സംസാരം. കുറച്ചുസമയം കൊണ്ട് ഒരുപാടു കൂട്ടായി എങ്കിലും, വാട്ട് സാപ്പിൽ വിശേഷങ്ങൾ പങ്കിട്ടു എങ്കിലും തിരക്കുകളിൽ ഞങ്ങൾ രണ്ടാളും മുഴുകി. 'എറണാകുളത്തു വന്നാൽ ഞാൻ ദേവിയമ്മയെ കാണാൻ വരും' എന്നവൾ പറഞ്ഞത് ഞാൻ അത്ര കാര്യമാക്കിയില്ല. ഞങ്ങൾ ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വലിയ അടുപ്പത്തിലായിരുന്ന ഭൂതകാല കഥകൾ കേൾക്കാൻ അവൾക്കു വലിയ താത്പര്യമായിരുന്നു. അതുകൊണ്ടാണ് തിരക്കിനിടയിൽ എന്നെ കാണാനും ഒന്ന് രണ്ടു മണിക്കൂർ എന്നോടൊപ്പം ചെലവഴിക്കാനും അവൾ സമയം കണ്ടെത്തിയത്. അവൾ ഒരു ചെറിയ പെൺകുട്ടിയല്ല. വളരെ പാകതവന്ന മുതിർന്ന സ്ത്രീയാണ്. അവളുടെ അച്ഛന്റെ (അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല) വീട്ടുകാരുമായി എനിക്കുള്ള അടുപ്പം അവളെ വളരെ സന്തോഷിപ്പിച്ചു എന്ന് തോന്നി. മിലി ഒരു പീസ് കേക്കും കോക്കോകോളയും കൊടുത്ത് അമ്മുമ്മയുടെ വിശിഷ്ടാതിഥിയെ സത്കരിച്ചു. എന്റെ ബാല്യകാലസ്മരണകളിൽ ആ കുടുംബത്തിലെ അംഗങ്ങൾ ഉണ്ട്. മുതിർന്നിട്ടും അവരിൽ പലരുമായി എനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ഓർമ്മകൾ എന്റെയും മനസ്സിന് കുളിരേകി.
ഇനി ആരാണ് വരുന്നത്. ഇതുപോലെ എന്റെ കരളിനെ കുളിരണിയിക്കാൻ! ഞാൻ കാത്തിരിക്കുന്നു.